LiveTV

Live

Sports

ഐവറികോസ്റ്റ് താരം ടിയോട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

ഐവറികോസ്റ്റ് താരം ടിയോട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു
Summary
ഇംഗ്ലീഷ് ക്ലബ്ബായ ന്യൂകാസില്‍ യുണൈറ്റഡിന്റെ വന്‍മതിലായിരുന്ന ടിയോട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഐവറികോസ്റ്റിന്റെ പ്രതിരോധനിരയിലെ കരുത്തനായിരുന്ന ചിയെക് ടിയോട്ടെ(30) കുഴഞ്ഞുവീണു മരിച്ചു. ഇംഗ്ലീഷ് ക്ലബ്ബായ ന്യൂകാസില്‍ യുണൈറ്റഡിന്റെ വന്‍മതിലായിരുന്ന ടിയോട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ചൈനീസ് ലീഗ് ക്ലബ്ബായ ബെയ്ജിങ് എന്റര്‍പ്രൈസിന്റെ താരമായിരുന്നു ടിയോട്ടെ. ചൈനയില്‍ ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് ടിയോട്ടെ കുഴഞ്ഞുവീണത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഐവറികോസ്റ്റ് താരം ടിയോട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

ഏഴു വര്‍ഷത്തോളം ന്യൂകാസിലിന് വേണ്ടി ബൂട്ടണിഞ്ഞ ടിയോട്ടെ ഈ വര്‍ഷം ഫെബ്രുവരി ഒമ്പതിനാണ് ചൈനീസ് ടീമിന്റെ ഭാഗമായത്. പ്രതിരോധത്തില്‍ സ്വന്തം യുദ്ധതന്ത്രങ്ങളുമായി കളംപിടിച്ചിരുന്ന ടിയോട്ടെയെ വന്‍തുകക്കാണ് ചൈനീസ് ക്ലബ്ബ് സ്വന്തം പാളയത്തില്‍ എത്തിച്ചത്. 23 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2015 ലെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഐവറികോസ്റ്റിന് നേടിക്കൊടുത്ത ശേഷമാണ് അദ്ദേഹം ദേശീയടീമില്‍ നിന്ന് വിരമിക്കുന്നത്. നാടകീയമായ ഫൈനലിനൊടുവിലാണ് അന്ന് ഐവറികോസ്റ്റ് കിരീടത്തില്‍ മുത്തമിട്ടത്. ഐവറികോസ്റ്റിന് വേണ്ടി 52 മത്സരങ്ങളില്‍ ജേഴ്‍സിയണിഞ്ഞിട്ടുള്ള ടിയോട്ടെ ഒരു ഗോള്‍ നേടിയിട്ടുണ്ട്. എന്നാല്‍ എക്കാലവും ഫുട്ബോള്‍ ചരിത്രത്തില്‍ ഓര്‍മിക്കപ്പെടുന്ന ഒരു ഗോളും ടിയോട്ടെയുടെ പേരിലുണ്ട്. പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ആഴ്സണലിന്റെ വലയിലേക്ക് 30 വാര അകലെ നിന്നു ടിയോട്ടെ തൊടുത്ത ഷോട്ട് വല തുളഞ്ഞുകയറുന്നത് ഫുട്ബോള്‍ ലോകം ആരാധനയോടെയാണ് നോക്കിനിന്നത്.

ദാരിദ്ര്യത്തോടും ഇല്ലായ്മകളോടും പടവെട്ടിയാണ് ടിയോട്ടെ ഫുട്ബോള്‍ ലോകത്ത് വളര്‍ന്നതെന്ന് ന്യൂകാസില്‍ മാനേജര്‍ റാഫേല്‍ ബെനിറ്റ്സ് പറഞ്ഞു. തന്റെ ഒട്ടേറെ ശിഷ്യന്‍മാരില്‍ ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാളായിരുന്നു ടിയോട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിനഞ്ചാം വയസു വരെ സ്വന്തമായൊരു ബൂട്ട് പോലും ടിയോട്ടെക്കുണ്ടായിരുന്നില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കഠിനപ്രയത്നത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ഫലമാണ് ടിയോട്ടെയുടെ വളര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു. ടിയോട്ടെയുടെ അപ്രതീക്ഷിത വേര്‍പാടില്‍ അതീവ ദുഖത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 1986 ല്‍ ജനിച്ച ടിയോട്ടെ പന്ത്രണ്ടാം വയസില്‍ ഐവറി ക്ലബ്ബ് എഫ്‍സി ബിബോയിലൂടെയാണ് യൂത്ത് കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് 2005 ല്‍ ബെല്‍ജിയം ക്ലബ്ബായ ആന്ദര്‍ലെചെട്ടിലേക്ക് കുടിയേറി. തുടര്‍ന്ന് റോഡ ജെസി, ട്വന്റി, തുടങ്ങിയ ക്ലബ്ബുകളില്‍ നിറ സാന്നിധ്യമായ ശേഷമാണ് ടിയോട്ടെ ന്യൂകാസിലിലേക്ക് എത്തിയത്.