LiveTV

Live

Sports

അമ്പാട്ടി റായിഡു79(37), അപൂര്‍വ്വ ബാറ്റിംങും അത്യപൂര്‍വ്വ പുറത്താവലും

അമ്പാട്ടി റായിഡു79(37), അപൂര്‍വ്വ ബാറ്റിംങും അത്യപൂര്‍വ്വ പുറത്താവലും
Summary
ഒരു നിമിഷത്തെ ആശയക്കുഴപ്പത്തില്‍ അമ്പാട്ടി റായിഡു പുറത്ത്. സ്‌കോര്‍ബോര്‍ഡില്‍ അമ്പാട്ടി റായിഡുവിനെ പാണ്ഡെയും കൗളും വില്യംസണും ചേര്‍ന്ന് പുറത്താക്കിയെന്ന് തെളിഞ്ഞു...

ഓപണര്‍മാരായ ഷൈന്‍ വാട്‌സണും(9) ഡുപ്ലെസിസും(11) പുറത്തായതോടെ ചെന്നൈ സൂപ്പര്‍കിംങ്‌സ് 2ന് 32 എന്ന നിലയിലെത്തിയപ്പോഴാണ് അമ്പാട്ടി റായിഡു ക്രീസിലെത്തുന്നത്. പതറിയ ചെന്നൈ സൂപ്പര്‍കിംങ്‌സിന്റെ രക്ഷനായ ശേഷമാണ് അമ്പാട്ടി റായിഡു ഇന്നിംങ്‌സ് അവസാനിപ്പിച്ചത്. അപ്പോഴേക്കും മൂന്നാം വിക്കറ്റില്‍ സുരേഷ് റെയ്‌നക്കൊപ്പം ചേര്‍ന്ന് 112 റണ്‍സിന്റെ ഗംഭീര കൂട്ടുകെട്ട് അമ്പാട്ടി റായിഡു പടുത്തുയര്‍ത്തിയിരുന്നു.

വെറും 37 പന്തുകളില്‍ നിന്നും അമ്പാട്ടി റായിഡു അടിച്ചുകൂട്ടിയ 79 റണ്‍സാണ് ചെന്നൈയ്ക്ക് 3ന് 183 എന്ന കൊള്ളാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായമായത്. നാല് സിക്‌സറുകളും ഒമ്പത് ഫോറുകളും അടങ്ങുന്നതായിരുന്നു അമ്പാട്ടി റായിഡുവിന്റെ ഇന്നിംങ്‌സ്. അമ്പാട്ടി റായിഡുവിന്റെ സുന്ദരമായ ഇന്നിംങ്‌സുകളിലൊന്നാണ് ഹൈദരാബാദില്‍ പിറന്നതെങ്കില്‍ അത്യപൂര്‍വ്വമായ രീതിയിലായിരുന്നു പുറത്താവലെന്നതും ശ്രദ്ധേയമായി.

പതിനാറാം ഓവറിലെ നാലാം പന്തിലായിരുന്നു ആ ദൗര്‍ഭാഗ്യകരമായ പുറത്താവല്‍. കൗളിന്റെ പന്ത് ലോങ് ഓഫിലേക്ക് അടിച്ച റായിഡുവും സിംഗിള്‍ പൂര്‍ത്തിയാക്കി. ലോങ് ഓഫില്‍ നിന്നും പാണ്ഡെ പന്ത് ബൗളര്‍ക്കെറിഞ്ഞു കൊടുത്തു. ബൗളറുടെ കയ്യില്‍ നിന്നും പന്ത് വഴുതിയതോടെ എക്‌സ്ട്രാ റണ്‍ റായിഡു മണത്തു. റായിഡു ഓട്ടം തുടങ്ങിയ നിമിഷം റെയ്‌നയും ഓട്ടം തുടങ്ങിയെന്ന് തോന്നിച്ചെങ്കിലും പതറി നിന്നു. ഒരു നിമിഷത്തെ ആശയക്കുഴപ്പത്തില്‍ അമ്പാട്ടി റായിഡു പുറത്ത്. സ്‌കോര്‍ബോര്‍ഡില്‍ അമ്പാട്ടി റായിഡുവിനെ പാണ്ഡെയും കൗളും വില്യംസണും ചേര്‍ന്ന് പുറത്താക്കിയെന്ന് തെളിഞ്ഞു.

പുറത്തായപ്പോഴും ചിരിച്ചുകൊണ്ട് സഹതാരം റെയ്‌നയെ ആശ്വസിപ്പിച്ച് നടന്നു നീങ്ങുന്ന റായിഡുവിനെയാണ് കണ്ടത്. മിസ്റ്റര്‍ കൂള്‍ ക്യാപ്റ്റന്റെ ടീമിലെ കൂള്‍ ബാറ്റ്‌സ്മാനായ റായിഡുവിന്റെ ഈ പെരുമാറ്റം ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. റണ്ണൗട്ടിനൊടുവില്‍ ക്രീസില്‍ നിന്നും പുറത്തായെങ്കിലും ആരാധകരുടെ ഓര്‍മ്മകളിലേക്കാണ് മാന്യമായ പെരുമാറ്റം കൊണ്ട് അമ്പാട്ടി റായിഡു നടന്നുകയറിയത്.