LiveTV

Live

Sports

സന്തോഷ് ട്രോഫി: കേരളം സെമിയില്‍

സന്തോഷ് ട്രോഫി: കേരളം സെമിയില്‍
Summary
സന്തോഷ് ട്രോഫി ഗ്രൂപ്പ് എ മത്സരത്തില്‍ മഹാരാഷ്ട്രയെ കീഴടക്കി കേരളം സെമി ഫൈനല്‍ ഉറപ്പിച്ചു.

സന്തോഷ് ട്രോഫി ഗ്രൂപ്പ് എ മത്സരത്തില്‍ മഹാരാഷ്ട്രയെ കീഴടക്കി കേരളം സെമി ഫൈനല്‍ ഉറപ്പിച്ചു. മഹാരാഷ്ട്രയെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളം സെമി യോഗ്യത നേടിയത്.

കളി തുടങ്ങി 23 ാം മിനിറ്റില്‍ നായകന്‍ രാഹുല്‍ രാജ് തൊടുത്ത പെനാല്‍റ്റി കിക്കില്‍ നിന്നാണ് കേരളത്തിന്റെ ആദ്യ ഗോള്‍ പിറന്നത്. മഹാരാഷ്ട്രയുടെ ഗോള്‍ കീപ്പര്‍ ഇടതുഭാഗത്തേക്ക് ഡൈവ് ചെയ്തപ്പോള്‍ രാഹുല്‍ തൊടുത്ത പന്ത് വലയുടെ വലതുമൂലയിലേക്ക് പറന്നിറങ്ങി. എതിരാളികളുടെ യുദ്ധമുഖത്ത് തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ടതോടെ 39 ാം മിനിറ്റില്‍ ജിതിന്‍ എംഎസിലൂടെ കേരളം ലീഡ് നില ഉയര്‍ത്തി. എതിരാളിയുടെ പകുതിയിലേക്ക് വലതു ഭാഗത്തു നിന്ന് പന്തുമായി മുന്നേറിയ ജിതിന്‍ പ്രതിരോധനിരയെ കബളിപ്പിച്ച് പന്ത് വലയിലേക്ക് നിറയൊഴിക്കുകയായിരുന്നു.

ആദ്യ പകുതി രണ്ടു ഗോളുകളുടെ ആധിപത്യവുമായി കേരളം അവസാനിപ്പിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ കളി തിരിച്ചുപിടിക്കാനുള്ള പോരാട്ടമായിരുന്നു മഹാരാഷ്ട്ര നടത്തിയത്. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ രാഹുല്‍ കെപിയിലൂടെ കേരളം മഹാരാഷ്ട്രയെ ഒരിക്കല്‍ കൂടി വിറപ്പിച്ചു. ബോക്സില്‍ ഒറ്റപ്പെട്ട് പോയ മഹാരാഷ്ട്രയുടെ ഗോള്‍കീപ്പറെ നിസഹായനാക്കിയായിരുന്നു രാഹുലിന്റെ ഗോള്‍. 86 ാം മിനിറ്റില്‍ കടംവീട്ടാന്‍ ലഭിച്ച സുവര്‍ണാവസരം മഹാരാഷ്ട്ര നശിപ്പിച്ചതോടെ പിന്നീടവര്‍ക്ക് യാതൊരു ചലനവും സൃഷ്ടിക്കാനായില്ല. ഇതോടെ കേരളം സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. ഗ്രൂപ്പ് എയില്‍ നിന്ന് കേരളവും പശ്ചിമ ബംഗാളും സെമി യോഗ്യത നേടിയപ്പോള്‍ മഹാരാഷ്ട്ര, ചണ്ഡീഗഡ്, മണിപ്പൂര്‍ ടീമുകള്‍ പുറത്തായി.