LiveTV

Live

Sports

ധവാന്റെ വെടിക്കെട്ടിന് കുസാല്‍ പെരേരയുടെ മറുപടി; ജയം ലങ്കക്ക്

ധവാന്റെ വെടിക്കെട്ടിന് കുസാല്‍ പെരേരയുടെ മറുപടി; ജയം ലങ്കക്ക്
Summary
ശ്രീലങ്ക അഞ്ച് വിക്കറ്റിനാണ് ഇന്ത്യയെ തോല്‍പിച്ചത്

നിതാഹാസ് ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. ശ്രീലങ്ക അഞ്ച് വിക്കറ്റിനാണ് ഇന്ത്യയെ തോല്‍പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സെന്ന വിജയലക്ഷ്യം ലങ്ക 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ശ്രീലങ്കയ്ക്കായി കുസാല്‍ പെരേര 66 റണ്‍സ് നേടി. കുസാല്‍ പെരേരയുടെ വെടിക്കെട്ട് ബാറ്റിങാണ് ലങ്കക്ക് വിജയം സമ്മാനിച്ചത്. 37 പന്തില്‍ നിന്ന് നാല് സിക്‌സറുകളും ആറു ബൗണ്ടറിയും അടങ്ങുന്നതായിരുന്നു കുസാല്‍ പെരേരയുടെ ഇന്നിങ്‌സ്. ആദ്യ പവര്‍ പ്ലേയിലെ മിന്നല്‍ ബാറ്റിങാണ് ലങ്കയ്ക്ക് വിജയം എളുപ്പമാക്കിയത്. ഇടക്ക് വിക്കറ്റ് നഷ്ടമായെങ്കിലും റണ്‍റേറ്റ് താഴാതെ ബാറ്റ്‌സ്മാന്മാര്‍ നോക്കി. അവസാനത്തില്‍ തിസാര പെരേര(10 പന്തില്‍ 22)ദസുന്‍ ശനക(18 പന്തില്‍ 15) എന്നിവര്‍ വിജയത്തിലെത്തിക്കുകയായിരുന്നു. ഇന്ത്യക്കായി ചഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ശിഖര്‍ ധവാന്റെ മികവിലാണ് മികച്ച സ്കോര് പടുത്തുയര്‍ത്തിയത്. സെഞ്ച്വറിക്ക് പത്ത് റണ്‍സ് അകലെ ശിഖര്‍ ധവാന്‍ വീണെങ്കിലും ഇന്ത്യ ഉയര്‍ത്തിയത് 175 റണ്‍സ് വിജയലക്ഷ്യം. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 174 റണ്‍സ് അടിച്ചെടുത്തത്. ധവാന്‍ 90 റണ്‍സ് നേടി. ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 9 റണ്‍സ് എടുക്കുന്നതിനിടെ ആദ്യ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ലങ്ക തുടങ്ങിയെങ്കിലും മൂന്നാം വിക്കറ്റില്‍ ധവാനും മനീഷ് പാണ്ഡയും കളം പിടിച്ചു.

49 പന്തില്‍ നിന്ന് ആറു വീതം സിക്‌സറുകളും ബൗണ്ടറികളും ഉള്‍പ്പെടെയായിരുന്നു ധവാന്റെ ഇന്നിങ്‌സ്. മനീഷ് പാണ്ഡെ 37 റണ്‍സ് നേടി. ഇരുവരും പുറത്തായ ശേഷം ഇന്ത്യന്‍ സ്‌കോറിങ് വേഗത കുറയുമെന്ന് തോന്നിച്ചെങ്കിലും ഋഷബ് പന്തും ദിനേഷ് കാര്‍ത്തിക്കും ടീം സ്‌കോര്‍ 170 കടത്തുകയായിരുന്നു. പന്ത് 23 റണ്‍സെടുത്ത് അവസാന പന്തില്‍ പുറത്തായപ്പോള്‍ ദിനേഷ് കാര്‍ത്തിക്ക് 13 റണ്‍സുമായി പുറത്താ കാതെ നിന്നു. ലങ്കയ്ക്ക് വേണ്ടി ദുശ്മന്ത ചമീര രണ്ട് വിക്കറ്റ് വീഴ്ത്തി.