LiveTV

Live

Sports

യുവേഫ ചാമ്പ്യന്‍സ് ലീഗ്: നോക്കൌട്ട് മത്സരങ്ങള്‍ക്ക് ഇന്ന് കിക്കോഫ്

യുവേഫ ചാമ്പ്യന്‍സ് ലീഗ്: നോക്കൌട്ട് മത്സരങ്ങള്‍ക്ക് ഇന്ന് കിക്കോഫ്
Summary
നാളെയാണ് ആരാധകര്‍ കാത്തിരിക്കുന്ന റയല്‍ മാഡ്രിഡ്-പിഎസ്ജി പോരാട്ടം.

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്‍റെ നോക്കൌട്ട് മത്സരങ്ങള്‍ക്ക് ഇന്ന് കിക്കോഫ്. ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് യോഗ്യത നേടിയ പതിനാറ് ടീമുകള്‍ രണ്ട് പാദങ്ങളിലായാണ് ഏറ്റുമുട്ടുക. ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്‍റസ് ഇംഗ്ലീഷ് ടീം ടോട്ടന്‍ഹാമിനെയും, മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി ബേസിലിനെയും നേരിടും. നാളെയാണ് ആരാധകര്‍ കാത്തിരിക്കുന്ന റയല്‍ മാഡ്രിഡ്-പിഎസ്ജി പോരാട്ടം.

യൂറോപ്പ്യന്‍ വന്‍കരയിലെ 32 ചാമ്പ്യന്‍ ക്ലബ്ബുകള്‍. അതിലെ കേമന്മാരായ പതിനാറ് മുന്‍ നിര ടീമുകള്‍. ലോകകപ്പിന് ശേഷം ഏറ്റവും വാശിയേറിയ, ആരാധക പിന്തുണയുള്ള, മത്സര നിലവാരത്തില്‍ ഒരുപക്ഷെ ലോകകപ്പിനെ തന്നെ മറികടന്നേക്കാവുന്ന ഫുട്ബോളിന്‍റെ സുന്ദര രാവുകള്‍ക്കാണ് നാളെ തുടക്കമാകാന്‍ പോകുന്നത്. രണ്ട് പാദങ്ങളിലായി നടക്കുന്ന പോരാട്ടങ്ങളില്‍ ഏറ്റവും മികച്ച എട്ട് ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് കടക്കും. ബാക്കിയുള്ളവര്‍ പുറത്തേക്കും. അതിനാല്‍ ഒന്നുകില്‍ ജയം അല്ലെങ്കില്‍ മരണം. ഈ സാഹചര്യമാണ് നോക്കൌട്ട് പോരാട്ടങ്ങളെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിക്കുന്നത്. ഫൈനലിനേക്കാള്‍ വലിയ ആവേശം പകര്‍ന്നേക്കാവുന്ന ഒരു പിടി മത്സരങ്ങള്‍ക്കാണ് നോക്കൌട്ടിന്‍റെ ആദ്യ റൌണ്ട് കാത്തിരിക്കുന്നത്.

ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്‍റസിനെ നാളെ കാത്തിരിക്കുന്നത് ഇംഗ്ലീഷ് കരുത്തരായ ടോട്ടന്‍ഹാമിനെ. മാഞ്ചസ്റ്റര്‍ സിറ്റി- ബേസില്‍ മത്സരവും നാളെ നടക്കും. പ്രീ ക്വാര്‍ട്ടറിലെ ഏറ്റവും വീറുറ്റ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് മറ്റന്നാള്‍ ഫ്രഞ്ച് ചാമ്പ്യന്‍മാരായ പിഎസ്ജിയെ നേരിടും. ഈ മാസം 21ന് നടക്കുന്ന മത്സരങ്ങളില്‍ ബാഴ്സലോണ-ചെല്‍സി മത്സരമാണ് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സെവിയ്യയും, ലിവര്‍പൂളിനെ പോര്‍ട്ടോയും നേരിടുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് എഴ്, എട്ട്, 14, 15 തിയ്യതികളിലായാണ് രണ്ടാം പാദ മത്സരങ്ങള്‍ നടക്കുക.