LiveTV

Live

Sports

ഫോം വീണ്ടെടുത്ത് സുവാരസ്

ഫോം വീണ്ടെടുത്ത് സുവാരസ്
Summary
ഗോള്‍ മുഖത്ത് പതിവ് മൂര്‍ച്ചയില്ലാതെ അവസരങ്ങള്‍ ഒന്നൊന്നായി പാഴാക്കുന്ന ലൂയീസ് സുവാരസിന്‍റെ ചിത്രം മാധ്യമങ്ങളില്‍‍ നിറഞ്ഞിട്ട് അധിക കാലമായില്ല

സീസണിലെ മോശം തുടക്കത്തിന് ശേഷം ഉറുഗ്വായ് താരം ലൂയീസ് സുവാരസ് തകര്‍പ്പന്‍ ഫോം തുടരുകയാണ്. 2018 ആരംഭിച്ചതിന് ശേഷം ലുയീസ് സുവാരസ് തന്‍റെ ഒമ്പതാം ഗോളാണ് ഇന്നലെ വലന്‍സിയക്കെതിരെ നേടിയത്. ഇക്കാര്യത്തില്‍ സഹതാരം ലയണല്‍ മെസ്സിയെ തന്നെ സുവാരസ് പിന്നിലാക്കി.

ഗോള്‍ മുഖത്ത് പതിവ് മൂര്‍ച്ചയില്ലാതെ അവസരങ്ങള്‍ ഒന്നൊന്നായി പാഴാക്കുന്ന ലൂയീസ് സുവാരസിന്‍റെ ചിത്രം മാധ്യമങ്ങളില്‍‍ നിറഞ്ഞിട്ട് അധിക കാലമായില്ല. എന്നാല്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ സ്ട്രൈക്കറുടെ കാലം കഴിഞ്ഞെന്ന് അടക്കം പറഞ്ഞവരും, വിമര്‍ശിച്ചവരും ഇപ്പോള്‍ മൌനത്തിലാണ്. കാരണം തക്കം പാര്‍ത്തിരുന്നു ഇരക്ക് മേല്‍ ചാടിവീഴുന്ന വേട്ടമൃഗത്തിന്‍റെ ശൌര്യത്തോടെ ഗോള്‍മുഖത്തേക്ക് ചാടിവീഴുന്ന യഥാര്‍ത്ഥ സുവാരസ് തിരിച്ച് വന്നിരിക്കുന്നു.

കഴിഞ്ഞ പതിനാറ് മത്സരങ്ങളില്‍ പതിനാറ് ഗോളുകളാണ് ബാഴ്സക്കായി സുവാരസ് നേടിയിരിക്കുന്നത്. 2018 ആരംഭിച്ച ശേഷം ഈ റെക്കോര്‍ഡ് വീണ്ടു മെച്ചപ്പെട്ടിരിക്കുന്നു. എട്ട് കളികളില്‍ നിന്ന് ഒമ്പത് ഗോളുകളാണ് പുതിയ വര്‍ഷത്തില്‍ സുവാരസ് നേടിയത്. ഈ നേട്ടത്തില്‍ പിറകിലായിരിക്കുന്നത് സാക്ഷാല്‍ മെസ്സിയും റൊണോള്‍ഡോയും.

ഏതായാലും, സീസണിലെ നിര്‍ണ്ണായക മത്സരങ്ങള്‍ അടുത്തിരിക്കെ സുവാരസ് യഥാര്‍ത്ഥ കരുത്തിലേക്ക് തിരിച്ചെത്തിയത് ബാഴ്സിലോണക്ക് നല്‍കുന്ന ആശ്വാസം ചില്ലറയല്ല. ഈ മാസം പതിനഞ്ചിന് ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് മത്സരങ്ങള്‍ ആരംഭിക്കുകയാണ്. ഇംഗ്ലീഷ് കരുത്തരായ ചെല്‍സിയാണ് കാറ്റലന്‍ പടയുടെ എതിരാളി.