LiveTV

Live

Sports

ഹ്യൂമേട്ടന് ഹാട്രിക്; ബ്ലാസ്റ്റേഴ്‍സിന് തകര്‍പ്പന്‍ ജയം

ഹ്യൂമേട്ടന് ഹാട്രിക്; ബ്ലാസ്റ്റേഴ്‍സിന് തകര്‍പ്പന്‍ ജയം
Summary
ഇയാന്‍ ഹ്യൂമെന്ന മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍റെ ഹാട്രിക് മികവില്‍ കേരളാ ബ്ലാസ്റ്റേഴ്‍സ് ഡല്‍ഹി ഡൈനാമോസിനെതിരെ റാഞ്ചിയെടുത്തത് മിന്നുന്നജയം.

എതിരാളിയുടെ മണ്ണിലെത്തി അവരുടെ നെഞ്ചില്‍ നിറയൊഴിച്ച് കേരള ബ്ലാസ്റ്റേഴ്‍സ്. ഇയാന്‍ ഹ്യൂമെന്ന മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍റെ ഹാട്രിക് മികവില്‍ കേരളാ ബ്ലാസ്റ്റേഴ്‍സ് ഡല്‍ഹി ഡൈനാമോസിനെതിരെ റാഞ്ചിയെടുത്തത് മിന്നുന്നജയം.

ഹ്യൂമേട്ടന് ഹാട്രിക്; ബ്ലാസ്റ്റേഴ്‍സിന് തകര്‍പ്പന്‍ ജയം

തുടര്‍ച്ചയായ സമനിലകളിലൂടെ നിരാശ മാത്രം സമ്മാനിച്ച കൊമ്പന്‍മാര്‍ ഈ സീസണിലെ ഏറ്റവും ഗംഭീര ജയം പിടിച്ചടക്കി ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനം നിറച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയവുമായാണ് ബ്ലാസ്റ്റേഴ്‍സ് ജയിച്ചു കയറിയത്. ഹ്യൂം ഗോളടിക്കുന്നില്ല എന്നായിരുന്നു ഇതുവരെയുള്ള പരാതി. ഇതിന് ഗോള്‍മഴ പെയ്യിച്ചാണ് ഹ്യൂം മറുപടി നല്‍കിയിരിക്കുന്നത്. ഹ്യൂം ഇടിമിന്നലായി പെയ്തിറങ്ങിയ രാവില്‍ മഞ്ഞപ്പട സ്വപ്നതുല്യമായ വിജയം സ്വന്തമാക്കിയപ്പോള്‍ ആരാധകരുടെ ആവേശം വാനോളം ഉയര്‍ന്നു. ഡല്‍ഹിയിലും ബ്ലാസ്റ്റേഴ്‍സ് സമനില വഴങ്ങുമെന്ന് തോന്നിച്ചിടത്തു നിന്നാണ് ഹ്യൂമിന്‍റെ മലവെള്ളപ്പാച്ചില്‍ പോലത്തെ ഗോളുകള്‍ ഒഴുകിയെത്തിയത്. ഹ്യൂം അന്യന്‍റെ മണ്ണില്‍ വിശ്വരൂപം പുറത്തെടുത്തതോടെ മഞ്ഞപ്പടക്ക് മൂന്നു പോയിന്‍റുകള്‍ സ്വന്തം.

കളി തുടങ്ങി 12 ാം മിനിറ്റിലെത്തി ഹ്യൂമിന്‍റെ ആദ്യ ഗോള്‍. ഡല്‍ഹിയുടെ പ്രതിരോധ ഭടന്‍മാരെ തുരത്തി ഇടതുവശം വഴി മുന്നേറിയ പെകുസണ്‍ ബോക്സിലേക്ക് നല്‍കിയ ക്രോസ് പാസില്‍ പന്തിന് മുകളിലേക്ക് തീമഴ പോലെ പെയ്തിറങ്ങുകയായിരുന്നു ഹ്യൂം. ബ്ലാസ്റ്റേഴ്സ് ആരാധരുടെ നെഞ്ചകം നിറച്ച ഗോള്‍. ആദ്യ പകുതിയുടെ അവസാനം വരെ ബ്ലാസ്റ്റേഴ്‍സ് ആധിപത്യം പുലര്‍ത്തിയെങ്കിലും 44 ാം മിനിറ്റില്‍ ഡല്‍ഹി ഡൈനാമോസ് കോട്ടലിലൂടെ സമനില പിടിച്ചു. ഇതോടെ വീണ്ടുമൊരു സമനില തന്നെയാകുമോ കളി ഫലമെന്ന നിരാശയില്‍ ആരാധകര്‍ തല കുമ്പിട്ടിടത്തു നിന്ന് ഹ്യൂം മത്സരഗതി തന്നെ തിരിച്ചുവിടുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ വിജയഗോളിനായി പലവട്ടം ഡല്‍ഹി ബ്ലാസ്റ്റേഴ്‍സിന്‍റെ ഗോള്‍മുഖത്ത് തുടരെ ആക്രമണം നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ഒടുവില്‍ 78 ാം മിനിറ്റില്‍ ഹ്യൂം വീണ്ടും ഡല്‍ഹിയുടെ നെഞ്ചില്‍ വെടിയുതിര്‍ത്തു. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഡല്‍ഹിയുടെ മേല്‍ അവസാന പിടി മണ്ണും വാരിയെറിഞ്ഞ് ഹ്യൂമിന്‍റെ ഹാട്രിക് പിറന്നു.