LiveTV

Live

Sports

എന്തുകൊണ്ട് ലങ്ക 'പുക നാടകം' കളിച്ചു; സെവാഗ് പറയുന്നു...

എന്തുകൊണ്ട് ലങ്ക 'പുക നാടകം' കളിച്ചു; സെവാഗ് പറയുന്നു...
Summary
ശ്രീലങ്കക്കെതിരായ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചു കയറുമ്പോഴും നാണക്കേടായത് ഇന്നലെ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം മൂലം കളി തടസപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയതായിരുന്നു.

ശ്രീലങ്കക്കെതിരായ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചു കയറുമ്പോഴും നാണക്കേടായത് ഇന്നലെ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം മൂലം കളി തടസപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയതായിരുന്നു. മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഒരു ഘട്ടം കഴിഞ്ഞതോടെ ലങ്കന്‍ താരങ്ങള്‍ മാസ്ക് അണിഞ്ഞു കൊണ്ടായിരുന്നു കളിക്കളത്തില്‍ നിലയുറപ്പിച്ചത്. ഒടുവില്‍ ഫീല്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ലങ്കന്‍ താരങ്ങള്‍ വാദിച്ചതോടെ കളി കുറച്ച് സമയം തടസപ്പെടുകയും ചെയ്തു. ഒടുവില്‍ പടുകൂറ്റന്‍ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യ പാതിവഴിയില്‍ ഡിക്ലയര്‍ പ്രഖ്യാപിച്ചതും നാടകീയമായി.

എന്തുകൊണ്ട് ലങ്ക 'പുക നാടകം' കളിച്ചു; സെവാഗ് പറയുന്നു...

എന്നാല്‍ ലങ്കയുടെ ഈ തന്ത്രം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് പറയുന്നു. ട്രിപ്പിള്‍ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന നായകന്‍ വിരാട് കൊഹ്‍ലിയെ ഏതുവിധേനയും തടയുക മാത്രമായിരുന്നു ഈ പുക നാടകത്തിന് പിന്നിലെന്നാണ് സെവാഗിന്റെ നിരീക്ഷണം. ''അത് മുഴുവന്‍ വിരാട് കൊഹ്‍ലിക്കെതിരായ തന്ത്രമായിരുന്നു. ട്രിപ്പിള്‍ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന കൊഹ്‍ലിയെ എങ്ങനെയും പിടിച്ചുകെട്ടുകയായിരുന്നു അവരുടെ ലക്ഷ്യം.'' - സെവാഗ് പറഞ്ഞു. ഡല്‍ഹിയുടെ അന്തരീക്ഷണം ശ്വാസംമുട്ടിക്കുമെന്ന് തോന്നിയിരുന്നെങ്കില്‍ അവര്‍ക്ക് രണ്ടു ദിവസം മുമ്പ് തന്നെ ബിസിസിഐയോടെ മത്സരം മറ്റേതെങ്കിലും വേദിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെടാമായിരുന്നു. എന്നാല്‍ കൊഹ്‍ലിയുടെ അസാധ്യ പ്രകടനത്തോടെയാണ് അവര്‍ ഈ തന്ത്രം പുറത്തെടുത്തത്.

ഫീല്‍ഡ് ചെയ്യുമ്പോള്‍ മാസ്ക് അണിഞ്ഞിരുന്ന ലങ്കന്‍ താരങ്ങള്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ എന്തുകൊണ്ട് മാസ്ക് ധരിച്ചില്ലെന്നും സെവാഗ് ചോദിച്ചു. ഇന്ത്യ ഡിക്ലയര്‍ ചെയ്തപ്പോഴേക്കും ഡല്‍ഹിയിലെ മലിനീകരണം പൊടുന്നനെ കുറഞ്ഞോയെന്നും സെവാഗ് ചോദിക്കുന്നു. ലങ്ക ഇത് ആദ്യമായല്ല നെറികേട് കാണിക്കുന്നതെന്നും സെവാഗ് ചൂണ്ടിക്കാട്ടി. 2010 ല്‍ നടന്ന സംഭവം ഇതിന് ഉദാഹരണമായി താരം പറഞ്ഞു. അന്ന് 99 റണ്‍സുമായി താന്‍ ആയിരുന്നു ക്രീസില്‍. ഇന്ത്യക്ക് ജയിക്കാനാണെങ്കില്‍ ഒരു റണ്‍സ് മാത്രവും. ആ സമയം തന്റെ സെഞ്ച്വറി ഒഴിവാക്കാന്‍ അവര്‍ നോബോള്‍ എറിഞ്ഞ് ഇന്ത്യയെ ജയിപ്പിക്കുകയായിരുന്നുവെന്നും സെവാഗ് പറഞ്ഞു. ഇതുപോലുള്ള പെരുമാറ്റം മാന്യതയല്ല. ഇക്കാര്യം മാച്ച് റഫറി ഐസിസിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും സെവാഗ് ആവശ്യപ്പെട്ടു.