LiveTV

Live

Sports

ആന്ദ്രെ പിര്‍ലോ വിരമിച്ചു

ആന്ദ്രെ പിര്‍ലോ വിരമിച്ചു
Summary
ട്വിറ്ററിലൂടെയാണ് പിര്‍ലോ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ആന്ദ്രെ പിര്‍ലോ ഫുട്ബോളില്‍ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് പിര്‍ലോ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ ദേശീയ ടീമില്‍ നിന്നും വിരമിച്ച പിര്‍ലോ രണ്ടു വര്‍ഷമായി അമേരിക്കയിലെ മേജർ ലീഗ് സോക്കർ ക്ലബ്ബായ ന്യൂയോര്‍ക്ക് സിറ്റിക്ക് വേണ്ടി കളിക്കുകയായിരുന്നു.

ആന്ദ്രെ പിര്‍ലോ വിരമിച്ചു

ഇടങ്കാലില്‍ കവിത വിരിയിക്കുന്ന ലയണല്‍ മെസിയുടെ റൊമാന്റിക് ഹീറോ പരിവേഷമില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സിക്സ്പാക്ക് ആകാരമില്ല. ആര്യന്‍ റോബന്റെ കാലുകളിലെ ചീറ്റപ്പുലിയുടെ വന്യതയില്ല. പക്ഷെ നിശബ്ദമായി കാല്‍പന്തുകളിയുടെ ഹൃദയത്തെ വശീകരിക്കാന്‍ കഴിയുന്ന അദൃശ്യ ശക്തിയുണ്ടായിരുന്നു ആന്ദ്രെ പിര്‍ലോയെന്ന ഇറ്റലിക്കാരന്. അത് കൊണ്ടാവണം ഫുട്ബോള്‍ ലോകം അയാളെ മധ്യനിരയിലെ ബീഥോവനെന്നും ഫു്ടബോള്‍ ലോകത്തെ മൊസാര്‍ട്ടെന്നും പേരിട്ട് വിളിച്ചത്. 360 ഡിഗ്രിയില്‍ വിരിച്ചുവെച്ച വലയ്ക്ക് നടുവിലെ ഉഗ്രപ്രതാപിയായ ചിലന്തിയെ പോലെ മൈതാനമധ്യത്ത് അയാള്‍ നിലയുറപ്പിച്ചു. തീര്‍ത്തും അദൃശ്യമായ പത്ത് നൂലുകളിലൂടെ തന്റെ പത്ത് പടയാളികളെ അയാള്‍ ബന്ധിപ്പിച്ചു. തൊട്ടാല്‍ ജീവന്‍ വെക്കുന്ന തുകല്‍പന്ത് ആ നൂലുകളിലൂടെ ഒഴുകി നടന്നു. ആദ്യം ഒരരുവിയായി, പുഴയായി, കടലായി, മഹാ സമുദ്രമായി ഫുട്ബോള്‍ ലോകത്തിന്റെ മാനസത്തെ കീറിമുറിച്ച് അത് ഒഴുകിത്തീര്‍ന്നു.

കളി മതിയാക്കുമ്പോള്‍ ആന്ദ്രെ പിര്‍ലോയെന്ന ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ബാക്കി വെക്കുന്നത് പകരം വെക്കാന്‍ പറ്റാത്ത ഇരുപത്തൊന്നാം വയസില്‍ അണ്ടര്‍-21 ദേശീയ ടീമിനെ യൂറോപ്യന്‍ ചാമ്പ്യന്‍മാരാക്കുമ്പോള്‍ ക്യാപ്റ്റന്‍ മാത്രമല്ല ടോപ് സ്‌കോറര്‍ കൂടിയായിരുന്നു പിര്‍ലോ. 2004 ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇറ്റാലിയന്‍ ടീമിനെ നയിച്ചതും പിര്‍ലോ. 2006 ലോകകപ്പ് ഫുട്ബോളില്‍ അയാളുടെ നേതൃത്വത്തിലുള്ള പതിനൊന്ന് പേരുടെ കുലംകുത്തിയൊഴുക്കില്‍ ലോക ഫുട്ബോളിലെ മേല്‍വിലാസങ്ങളെല്ലാം തകര്‍ന്നുടഞ്ഞു. മൂന്ന് മത്സരങ്ങളില്‍ പിര്‍ലോയായിരുന്നു മാന്‍ ഓഫ് ദ മാച്ച്. എന്നിട്ടും പക്ഷെ ഗോള്‍ഡന്‍ ബോള്‍ പിര്‍ലോയെ തേടിയെത്തിയില്ല. അയാള്‍‍ നിരാശനായതുമില്ല. കാരണം അയാള്‍ നാട്ടിലേക്ക് തിരിക്കുമ്പോള്‍ കയ്യില്‍ ലോകഫുട്ബോളിന്റെ സിംഹാസനമുണ്ടായിരുന്നു.

ഇറ്റാലിയന്‍ ഫുട്ബോളിലെ ഏറ്റവും മികച്ചവനെന്ന വിളികേട്ടില്ലെങ്കിലും ഏറ്റവും പ്രധാനപ്പെട്ടവനെന്ന വിശേഷണം ആവോളം കേട്ടു. ആറു തവണ ഇറ്റാലിയന്‍ ലീഗ് കിരീടം നേടിയ പിര്‍ലോ യുവന്റസിന്റെ ജഴ്‌സിയില്‍ നാലു തവണയാണ് കിരീടം നേടിയത്. മിലാന്റെ ജഴ്‌സിയില്‍ 2003ലും 2007ലും ചാമ്പ്യന്‍സ് ലീഗിലും കിരീടങ്ങള്‍. 2015ല്‍ യുവന്റസ് വിട്ട പിര്‍ലോ കഴിഞ്ഞ രണ്ടു വര്‍ഷമായി ന്യൂയോര്‍ക്ക് സിറ്റിക്ക് വേണ്ടി കളിക്കുകയായിരുന്നു. നീണ്ട 25 വര്‍ഷത്തെ കരിയറിന് അന്ത്യമാകുമ്പോള്‍ മൈതാനമധ്യത്തില്‍ പിര്‍ലോ ബാക്കിയാക്കുന്നത് തുല്യതയില്ലാത്ത ഫുട്ബോള്‍ നിര്‍വചനങ്ങളാണ്.