LiveTV

Live

Sports

കൊച്ചി ടസ്കേഴ്‍സിന് അനുകൂല വിധി; ബിസിസിഐ 850 കോടി രൂപ നഷ്ടപരിഹാരം നല്‍കണം

കൊച്ചി ടസ്കേഴ്‍സിന് അനുകൂല വിധി; ബിസിസിഐ 850 കോടി രൂപ നഷ്ടപരിഹാരം നല്‍കണം
Summary
ഐപിഎല്ലില്‍ നിന്ന് കൊച്ചി ടസ്കേഴ്‍സ് ടീമിനെ അനധികൃതമായി പുറത്താക്കിയ കേസില്‍ ബിസിസിഐക്കെതിരെ ആര്‍ബിട്രേഷന്‍ കോടതി വിധി.

ഐപിഎല്ലില്‍ നിന്ന് കൊച്ചി ടസ്കേഴ്‍സ് ടീമിനെ അനധികൃതമായി പുറത്താക്കിയ കേസില്‍ ബിസിസിഐക്കെതിരെ ആര്‍ബിട്രേഷന്‍ കോടതി വിധി. കൊച്ചി ടസ്കേഴ്‍സിന് ബിസിസിഐയോട് 850 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഇന്ന് ചേര്‍ന്ന ഐപിഎല്‍ ഗവേണിങ് കൌണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്തു.

കൊച്ചി ടസ്കേഴ്‍സിന് അനുകൂല വിധി; ബിസിസിഐ 850 കോടി രൂപ നഷ്ടപരിഹാരം നല്‍കണം

നഷ്ടപരിഹാര തുകയില്‍ വീണ്ടും ചര്‍ച്ച വേണമെന്നാണ് ബിസിസിഐയുടെ നിലപാട്. ഐപിഎല്ലില്‍ നിന്ന് പുറത്താക്കിയതില്‍ 850 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കൊച്ചി ടസ്കേഴ്‍സിന്‍റെ വാദം. ഇത് ആര്‍ബിട്രേഷന്‍ അംഗീകരിക്കുകയായിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച് ജനറല്‍ ബോഡിയില്‍ ചര്‍ച്ച നടത്തുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല വ്യക്തമാക്കി. ഈ വര്‍ഷം ആദ്യം കൊച്ചി ടസ്കേഴ്‍സ് ഉടമകള്‍ക്ക് നഷ്ടപരിഹാരമായി 460 കോടി രൂപ നല്‍കാമെന്ന് ബിസിസിഐ വാദ്ഗാനം ചെയ്തിരുന്നെങ്കിലും ടീം ഉടമകള്‍ ഇത് നിരസിക്കുകയായിരുന്നു.

ബിസിസിഐയുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ചാണ് 2011 സെപ്റ്റംബറില്‍ കൊച്ചി ടീമിനെ പുറത്താക്കിയത്. ധൃതിപിടിച്ച തീരുമാനമായിരുന്നെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നു. തുടര്‍ന്ന് ഉടമകള്‍ ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചു. അന്ന് മുതല്‍ ഒത്തുതീര്‍പ്പിന് ക്രിക്കറ്റ് ബോര്‍ഡ് ശ്രമിക്കുന്നുണ്ട്. മേല്‍ക്കോടതികളില്‍ പോയാല്‍ അനുകൂല വിധി കിട്ടാനുള്ള സാധ്യത വിരളമാണെന്ന വികാരമാണ് ക്രിക്കറ്റ് ബോര്‍ഡ് നേതൃത്വത്തെ ഒത്തുതീര്‍പ്പ് ഫോര്‍മുലയിലേക്ക് എത്തിച്ചത്. എന്നാല്‍ ഇതുപ്രകാരമുള്ള നഷ്ടപരിഹാര തുക കുറഞ്ഞു പോയതിനാല്‍ ഒത്തുതീര്‍പ്പ് നടന്നില്ല. ഇതേസമയം, കൊച്ചി ടസ്കേഴ്സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുമോയെന്ന് വ്യക്തമല്ല. അടുത്ത വര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന്‍ റോയല്‍സും ഐപിഎല്ലിലേക്ക് തിരിച്ചെത്താനിരിക്കെ മൂന്നാമതൊരു ടീം കൂടി വരാനുള്ള സാധ്യതയാണ് ക്രിക്കറ്റ് ബോര്‍ഡ് തള്ളുന്നത്. എന്നാല്‍ ഐപിഎല്ലില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ടീം ഉടമകള്‍ കോടതിയെ സമീപിക്കുമോയെന്ന് വ്യക്തമല്ല. അങ്ങനെയെങ്കില്‍ മറ്റൊരു നിയമയുദ്ധത്തിനായിരിക്കും തുടക്കമാകുക.