LiveTV

Live

Sports

ശ്വാസം മുട്ടുമോ? ഇക്വഡോറിനെതിരെ ഉയരപ്പേടിയില്‍ അര്‍ജന്റീന

ശ്വാസം മുട്ടുമോ? ഇക്വഡോറിനെതിരെ ഉയരപ്പേടിയില്‍ അര്‍ജന്റീന
Summary
അവസാന മത്സരത്തില്‍ ഇക്വഡോറിനെതിരെ ഇറങ്ങുമ്പോള്‍ പന്ത്രണ്ടാമത്തെ എതിരാളിയായി ക്വിറ്റോ എന്ന മൈതാനവും ഓക്സിജന്‍ കുറവുള്ള അവിടുത്തെ സാഹചര്യവും അര്‍ജന്റീനക്ക് മുന്നിലുണ്ടാകും...

വ്യാഴാഴ്ച്ച നടന്ന യോഗ്യതാ മത്സരത്തില്‍ പെറുവിനോട് ഗോള്‍ രഹിത സമനിലയിലായതോടെ അര്‍ജന്റീനയുടെ ലോകകപ്പ് സാധ്യതകള്‍ കൂടുതല്‍ വിഷമത്തിലായി. സ്വന്തം തട്ടകമായ ബ്യൂണസ് ഐറിസിലാണ് പെറുവിനോട് സമനില വഴങ്ങിയതെങ്കില്‍ അര്‍ജന്റീനയുടെ അവസാനത്തെ മത്സരം ഇക്വഡോറിലെ ക്വിറ്റോയിലാണ്. സമുദ്രനിരപ്പില്‍ നിന്നും 9127 അടി ഉയരത്തിലുള്ള ഇക്വഡോറിന്റെ ഹോം ഗ്രൗണ്ടിലെ കളി അര്‍ജന്റീനക്ക് ഒട്ടും എളുപ്പമാകില്ല.

ശ്വാസം മുട്ടുമോ? ഇക്വഡോറിനെതിരെ ഉയരപ്പേടിയില്‍ അര്‍ജന്റീന

ക്വിറ്റോ അടക്കമുള്ള ഉയരങ്ങളിലെ മൈതാനങ്ങളിലെ മുന്‍കാല ചരിത്രവും അര്‍ജന്റീനക്ക് ആശ്വാസം നല്‍കുന്നതല്ല. ഇക്വഡോര്‍ തലസ്ഥാനത്ത് അവസാനം നടന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടിലും അര്‍ജന്റീനക്ക് തോല്‍വിയോടെ മടങ്ങേണ്ടി വന്നു. ഒരു മത്സരം സമനിലയിലായി. 2001ലാണ് അവസാനമായി ക്വിറ്റോയില്‍ വിജയിച്ചത്. മറുവശത്ത് സ്വന്തം നാടിന്റെ എല്ലാ ആനുകൂല്യങ്ങളും ഇക്വഡോറിന് ക്വിറ്റോയില്‍ ലഭിക്കും. ബ്രസീലിനെ രണ്ട് തവണയും പരാഗ്വയെ മൂന്ന് തവണയും അര്‍ജന്റീനയെ രണ്ട് തവണയും ഇക്വഡോര്‍ ഇവിടെ വെച്ച് തോല്‍പിച്ചിട്ടുണ്ട്. 2006, 2014 ലോകകപ്പ് യോഗ്യതയില്‍ സ്വന്തം മൈതാനത്ത് ഇക്വഡോറിനെ ആര്‍ക്കും തോല്‍പിക്കാനായിട്ടില്ലെന്നതും ഇതിനോട് കൂട്ടി വായിക്കണം.

ഉയരങ്ങളിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ നേരത്തെയും വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 2007ല്‍ ഫിഫ തന്നെ 8200 അടി മുകളിലുള്ള മൈതാനങ്ങളിലെ മത്സരങ്ങള്‍ക്ക് താത്ക്കാലിക നിരോധം ഏര്‍പ്പെടുത്തിയിരുന്നു. ഓക്‌സിജന്റെ കുറവു നിമിത്തം കളിക്കാര്‍ക്ക് അനുഭവപ്പെടുന്ന ശാരീരികമായ ബുദ്ധിമുട്ടുകളാണ് നിരോധനത്തിലേക്ക് നയിച്ചത്. ഫിഫയുടെ നിരോധത്തെ തുടര്‍ന്ന് ബൊളീവിയ, ഇക്വഡോര്‍, കൊളംബിയ തുടങ്ങിയ ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്ക് ഹോം ഗ്രൗണ്ടില്‍ കളിക്കാനാകാത്ത നിലവന്നു.

ശ്വാസം മുട്ടുമോ? ഇക്വഡോറിനെതിരെ ഉയരപ്പേടിയില്‍ അര്‍ജന്റീന

ബ്രസീലാണ് ഉയരങ്ങളിലെ മൈതാനങ്ങളിലെ കളിക്കെതിരെ ഫിഫക്ക് പരാതി നല്‍കിയത്. ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ പരാതിയെ തുടര്‍ന്നുണ്ടായ നിരോധത്തിനെതിരെ ബൊളീവിയ ശക്തമായ പ്രക്ഷോഭം തന്നെ നടത്തി. ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറേല്‍സ് അടിയന്തര കാബിനറ്റ് യോഗം വരെ വിളിച്ചാണ് ഫിഫയുടെ തീരുമാനത്തോട് പ്രതികരിച്ചത്. ഫുട്‌ബോള്‍ തൊട്ടുകൂടായ്മ എന്നാണ് ഈ നിരോധത്തെ മൊറേല്‍സ് വിശേഷിപ്പിച്ചത്. ഇതിനെതിരെ മറഡോണ അടക്കമുള്ള താരങ്ങളെ കൊണ്ടുവന്ന് ഒരു മണിക്കൂര്‍ നീണ്ട ഫുട്‌ബോള്‍ മത്സരവും മൊറേല്‍സ് സംഘടിപ്പിച്ചു. 47കാരനായ മറഡോണക്ക് ഒരു മണിക്കൂര്‍ കളിക്കാമെങ്കില്‍ പ്രൊഫഷണല്‍ താരങ്ങള്‍ക്കെന്തുകൊണ്ട് പറ്റില്ലെന്നായിരുന്നു എതിര്‍ ടീമിനെ നയിച്ച് കളത്തിലിറങ്ങിയ മൊറേല്‍സിന്റെ ചോദ്യം. ഇതേ മറഡോണയുടെ കീഴില്‍ അര്‍ജന്റീന 1-6നാണ് ബൊളീവിയയോട് തോറ്റതും മറക്കാനാവാത്തതായി. എങ്കിലും ഉയരങ്ങളിലെ മത്സരങ്ങള്‍ നിരോധിക്കരുതെന്ന നിലപാടില്‍ മറഡോണ ഉറച്ചു നിന്നു.

ഉയരങ്ങളിലെ മത്സരങ്ങള്‍ നിരോധിക്കുന്നത് ബ്രസീല്‍ ഒഴികെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ തള്ളിക്കളഞ്ഞതോടെ ഫിഫ നിരോധനം 2008ല്‍ എടുത്തു കളഞ്ഞു. ഉയരം കൂടും തോറും കളിക്കാര്‍ കഷ്ടപ്പെടുന്നുവെന്നത് ഒരു വസ്തുതയാണ്. അതിന്റെ ഏറ്റവും ഒടുവിലെ തെളിവാണ് ബ്രസീല്‍ താരങ്ങള്‍ ബൊളീവിയയിലെ ലാ പാസില്‍ നടന്ന മത്സരത്തിനിടെ അനുഭവിച്ചത്. നെയ്മര്‍ അടക്കമുള്ള താരങ്ങള്‍ക്ക് എതിരാളികളേക്കാള്‍ ബുദ്ധിമുട്ട് 12000അടി ഉയരത്തിലുള്ള മൈതാനത്തിലെ ശ്വാസം കിട്ടാത്ത അന്തരീക്ഷമായിരുന്നു. ഓക്‌സിജന്‍ മാസ്‌ക് ധരിച്ചിരിക്കുന്ന ബ്രസീലിയന്‍ താരങ്ങളുടെ ചിത്രങ്ങള്‍ മത്സരശേഷം വൈറലാവുകയും ചെയ്തു.

ശ്വാസം മുട്ടുമോ? ഇക്വഡോറിനെതിരെ ഉയരപ്പേടിയില്‍ അര്‍ജന്റീന

ബ്രസീല്‍ താരങ്ങള്‍ അനുഭവിച്ചതിനോട് സമാനമായ സാഹചര്യമാണ് അര്‍ജന്റീനയേയും കാത്തിരിക്കുന്നത്. അവസാന മത്സരത്തില്‍ ഇക്വഡോറിനെതിരെ ഇറങ്ങുമ്പോള്‍ പന്ത്രണ്ടാമത്തെ എതിരാളിയായി ക്വിറ്റോ എന്ന മൈതാനവും ഓക്സിജന്‍ കുറവുള്ള അവിടുത്തെ സാഹചര്യവും അര്‍ജന്റീനക്ക് മുന്നിലുണ്ടാകും. അക്ഷരാര്‍ഥത്തില്‍ ശ്വാസം നിലച്ചു പോകുന്നതാണ് അര്‍ജന്റീനയുടെ അവസാന ലോകകപ്പ് യോഗ്യതാ മത്സരമെന്നുറപ്പ്.