LiveTV

Live

Sports

ഗ്രാന്‍സ്‍ലം കിരീടം നേടുന്നതിനേക്കാള്‍ പ്രയാസമാണ് വര്‍ണ, ലിംഗ വിവേചനം മറികടക്കാനെന്ന് സെറീന

 ഗ്രാന്‍സ്‍ലം കിരീടം നേടുന്നതിനേക്കാള്‍ പ്രയാസമാണ് വര്‍ണ, ലിംഗ വിവേചനം മറികടക്കാനെന്ന് സെറീന
Summary
ടെന്നീസ് റാക്കറ്റ് കൈയില്‍ എടുത്തില്ലായിരുന്നെങ്കില്‍ അമേരിക്കയില്‍ വേതന വിവേചനം അനുഭവിക്കുന്ന 24 ദശലക്ഷം കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകളില്‍ ഒരാള്‍ മാത്രമായിരുന്നേനെ താനെന്ന് സെറീന വില്യംസ്

ഗ്രാന്‍സ്‍ലം റെക്കോഡുകള്‍ ഭേദിക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് ദാരിദ്ര്യത്തിന്‍റെയും വിവേചനത്തിന്‍റെയും ലൈംഗിക അതിക്രമങ്ങളുടെയും ആവര്‍ത്തനം തകര്‍ക്കുക എന്നതെന്ന് ടെന്നീസ് താരം സെറീന വില്യംസ്. കളിക്കളത്തിന് അകത്തും പുറത്തും താന്‍ വര്‍ണവിവേചനം നേരിട്ടിട്ടുണ്ട്. ടെന്നീസ് താരമാവുക എന്ന സ്വപ്നത്തിന് പിന്നാലെ പോയപ്പോള്‍ എല്ലാം സ്ത്രീയായതുകൊണ്ടും തൊലിയുടെ നിറം കറുപ്പായതുകൊണ്ടും സ്വപ്നങ്ങളൊന്നും നടക്കാന്‍ പോകുന്നില്ലെന്ന് സമൂഹം നിരുത്സാഹപ്പെടുത്തി. എന്നാല്‍ സ്വന്തം കാലില്‍ നിന്ന് ഉറച്ച ശബ്ദത്തില്‍ സംസാരിക്കാന്‍ ശീലിച്ചു. ടെന്നീസ് റാക്കറ്റ് കൈയില്‍ എടുക്കുകയും ഇടിച്ചുകയറി സ്വയം അടയാളപ്പെടുത്തുകയും ചെയ്തില്ലായിരുന്നെങ്കില്‍ അമേരിക്കയില്‍ വേതന വിവേചനം അനുഭവിക്കുന്ന 24 ദശലക്ഷം കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകളില്‍ ഒരാള്‍ മാത്രമായിരുന്നേനെ താനെന്നും സെറീന പറഞ്ഞു.

കറുത്തവര്‍ഗ്ഗത്തില്‍പെട്ട സ്ത്രീകള്‍ക്ക് തുല്യജോലിക്ക് തുല്യവേതനം ലഭിക്കാത്തത് ചൂണ്ടിക്കാട്ടി ഫോര്‍ച്യൂണ്‍ മാസികയിലെഴുതിയ ലേഖനത്തിലാണ് താന്‍ നേരിട്ട വിവേചനങ്ങളെ കുറിച്ച് സെറീന തുറന്നെഴുതിയത്. അമേരിക്കയില്‍ പുരുഷന്മാര്‍ക്ക് ഒരു ഡോളര്‍ വേതനം ലഭിക്കുമ്പോള്‍ തുല്യജോലി ചെയ്യുന്ന കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകള്‍ക്ക് 63 സെന്‍റ് മാത്രമാണ് ലഭിക്കുന്നത്. ഒരേ ജോലി ചെയ്യുന്ന പുരുഷന്‍ ഒരു വര്‍ഷം സമ്പാദിക്കുന്ന തുക ലഭിക്കാന്‍ കറുത്തവര്‍ക്കാരായ സ്ത്രീകള്‍ എട്ട് മാസം അധികം ജോലി ചെയ്യേണ്ടിവരുന്നുണ്ടെന്നും സെറീന ചൂണ്ടിക്കാട്ടി.

ടെന്നീസ് കോര്‍ട്ടില്‍ പുരുഷ താരങ്ങള്‍ ഉള്‍പ്പെടെ വര്‍ണവെറി നിറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ നിശ്ചയദാര്‍ഢ്യവും കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനവുമാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് സെറീന പറഞ്ഞു. കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ നേരിടുന്ന വേതന വിവേചനത്തെ കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കണം. അപ്പോള്‍ മാത്രമേ തുല്യവേതനം നല്‍കാന്‍ തൊഴിലുടമകള്‍ തയ്യാറാവൂ. അമ്മമാര്‍ക്ക്, ഭാര്യമാര്‍ക്ക്, സഹോദരിമാര്‍ക്ക്, പെണ്‍മക്കള്‍ക്ക്, സഹപ്രവര്‍ത്തകര്‍ക്ക് എല്ലാം തുല്യവേതനം നല്‍കണമെന്ന് സമൂഹം തിരിച്ചറിയണം.

കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകളെ, പേടിക്കാതെ തുല്യവേതനത്തിനായി ശബ്ദമുയര്‍ത്തൂ. ഓരോ തവണയും അങ്ങനെ ചെയ്യുമ്പോള്‍ പിന്നാലെ വരുന്ന സ്ത്രീകള്‍ക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാവുമെന്ന് പറഞ്ഞാണ് സെറീന ലേഖനം അവസാനിപ്പിച്ചത്.