LiveTV

Live

Sports

കൊഹ്‍ലിയുടെ ചിത്രം കത്തിച്ച 'ദേശസ്നേഹി'കളോട് പാക് ആരാധകര്‍ക്ക് പറയാനുള്ളത്...

കൊഹ്‍ലിയുടെ ചിത്രം കത്തിച്ച 'ദേശസ്നേഹി'കളോട് പാക് ആരാധകര്‍ക്ക് പറയാനുള്ളത്...
Summary
ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനോട് ദയനീയ തോല്‍വി വഴങ്ങിയതിന്റെ പേരില്‍ ആരാധകരുടെ രോഷത്തിന് ഇരയായ ഇന്ത്യന്‍ ടീമിനും നായകന്‍ വിരാട് കൊഹ്‍ലിക്കും പിന്തുണ പ്രഖ്യാപിച്ച് പാക് ആരാധകര്‍.

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനോട് ദയനീയ തോല്‍വി വഴങ്ങിയതിന്റെ പേരില്‍ ആരാധകരുടെ രോഷത്തിന് ഇരയായ ഇന്ത്യന്‍ ടീമിനും നായകന്‍ വിരാട് കൊഹ്‍ലിക്കും പിന്തുണ പ്രഖ്യാപിച്ച് പാക് ആരാധകര്‍. കലാശപ്പോരില്‍ 180 റണ്‍സിനാണ് ഇന്ത്യ പാകിസ്താനോട് തോറ്റ് കിരീടം അറിയറവ് വെച്ചത്. ക്രിക്കറ്റിനെ ഒരു ജനപ്രിയ കായികയിനം എന്നതിനപ്പുറം രാജ്യസ്നേഹത്തിന്റെയും മതത്തിന്റെയും തുലാസില്‍ അളക്കുന്ന ഒരു വിഭാഗം ഇന്ത്യന്‍ നായകന്‍ കൊഹ്‍ലിക്കും ടീമിനുമെതിരെ രംഗത്തുവന്നിരുന്നു. വ്യാപക അക്രമവും ഇക്കൂട്ടര്‍ അഴിച്ചുവിട്ടു.

കൊഹ്‍ലിയുടെ ചിത്രം കത്തിച്ച 'ദേശസ്നേഹി'കളോട് പാക് ആരാധകര്‍ക്ക് പറയാനുള്ളത്...

ടീം ഇന്ത്യയുടെ പോസ്റ്ററുകളും പ്രത്യേകിച്ച് കൊഹ്‍ലിയുടെ ചിത്രങ്ങളും കത്തിച്ചാണ് ഇക്കൂട്ടര്‍ രോഷം പ്രകടിപ്പിച്ചത്. തോറ്റത് പാകിസ്താനോടായതു കൊണ്ട് ആരാധകരുടെ അക്രമചരിത്രം കണക്കാക്കി മുന്‍ നായകന്‍ എംഎസ് ധോണിയുടെ വീടിന് സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ടീം ഇന്ത്യക്കും നായകന്‍ വിരാട് കൊഹ്‍ലിക്കും പിന്തുണയുമായി പാക് ആരാധകര്‍ രംഗത്തുവന്നിരിക്കുന്നത്. തോല്‍വി അംഗീകരിക്കാനും മുന്നോട്ടു പോകാനും കൊഹ്‍ലിയും സംഘവും കാണിച്ച മനസിനെ ആദരിക്കുന്നതായി പാക് ആരാധകര്‍ പറയുന്നു. ട്വിറ്ററില്‍ കൊഹ്‍ലിയെ അഭിനന്ദങ്ങള്‍കൊണ്ട് മൂടുകയാണ് പാക് ആരാധകര്‍. പാക് പടയോട് ഇന്ത്യ തോറ്റതോടെ നവമാധ്യമങ്ങളില്‍ കൊഹ്‍ലിയെയും ഇന്ത്യന്‍ താരങ്ങളെയും രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചും വിമര്‍ശിച്ചുമാണ് ഇന്ത്യന്‍ ആരാധകര്‍ സ്വീകരിച്ചത്. രാജ്യത്തെ വിവിധയിടങ്ങളില്‍ ആരാധകര്‍ തെരുവിലിറങ്ങുകയും കൊഹ്‍ലിയുടെ ചിത്രം കത്തിക്കുകയും ചെയ്തു. കൊഹ്‍ലി നായകസ്ഥാനം ഒഴിയണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം.

''കൊഹ്‍ലിയുടെ ചിത്രങ്ങള്‍ കത്തിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ തോന്നി ? നിങ്ങളുടെ താരങ്ങളെ നിങ്ങള്‍ ബഹുമാനിക്കണം. അവര്‍ എപ്പോഴും മികച്ച രീതിയില്‍ തന്നെയാണ് കളിച്ചത്. നിരാശയുണ്ട്'' - ഒരു പാക് ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചു. ലോകകപ്പ് ജേതാക്കളെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത് പാക് ടീമിന് അഭിമാനമുണ്ടെന്നും അതേസമയം, ടീം ഇന്ത്യ ഏറ്റവും മികച്ച ടീം ആണെന്നും മറ്റൊരു പാക് ആരാധകന്‍ പറയുന്നു. ടീം ഇന്ത്യ ജയിച്ചാല്‍ അത് ധോണിയുടെ സഹായം കൊണ്ട് കൊഹ്‍ലി നേടിയതാണെന്ന് പറയും. അതേസമയം തോറ്റാല്‍ കൊഹ്‍ലിയെ നായകസ്ഥാനത്തു നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെടും. എന്ത് മാനസികാവസ്ഥയാണ് ഇതെന്ന് ചോദിക്കുന്നു മറ്റൊരു പാക് ആരാധകന്‍.