LiveTV

Live

Sports

ഡ്രസിംഗ് റൂമില്‍ ഞങ്ങള്‍ കരയുകയായിരുന്നു - മുള്‍ത്താനിലെ ബംഗ്ലാദേശിന്‍റെ കണ്ണീരോര്‍മ്മ

ഡ്രസിംഗ് റൂമില്‍ ഞങ്ങള്‍ കരയുകയായിരുന്നു - മുള്‍ത്താനിലെ ബംഗ്ലാദേശിന്‍റെ കണ്ണീരോര്‍മ്മ
Summary
അവസാന പന്തിന് മുമ്പും ഞങ്ങള്‍ കരുതിയത് ഒരു വിക്കറ്റും ചരിത്ര ജയവും കൈപ്പാടകലെയാണെന്നായിരുന്നു..

2003ല്‍ പാകിസ്താന്‍ പര്യടനത്തിനായി ബംഗ്ലാദേശ് എത്തുമ്പോള്‍ അത്ഭുതങ്ങളൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. അതുവരെ കളിച്ച 21 ടെസ്റ്റുകളില്‍ 20 എണ്ണത്തിലും പരാജയം രുചിച്ച ബംഗ്ലാദേശ് കറാച്ചിയിലും പെശവാറിലും നടന്ന ആദ്യ രണ്ട് ടെസ്റ്റുകളില്‍ കൂടി പരാജിതരുടെ ഭാരം ഏറ്റുവാങ്ങി. 2003 ലോകകപ്പിലെ മറക്കാനാഗ്രഹിക്കുന്ന പ്രകടനത്തിനു ശേഷം റഷീദ് ലത്തീഫിനു കീഴില്‍ അണിനിരന്ന പാകിസ്താനാകട്ടെ ആദ്യ രണ്ട് ടെസ്റ്റുകളിലും ബംഗ്ലാ കടുവകളെ ശരിക്കും വരിഞ്ഞു കെട്ടി. മൂന്നാം ടെസ്റ്റിനായി മുള്‍ത്താനിലേക്ക് നീങ്ങുമ്പോള്‍ ഒരു സമ്പൂര്‍ണ ജയമല്ലാതെ മറ്റൊന്നും പാകിസ്താന്‍ സ്വപ്നം കണ്ടിരുന്നില്ല. മുള്‍ത്താന്‍റെ സ്വന്തം ഇന്‍സമാം ഹഖ് എന്ന പ്രതിഭയുടെ നിറംമങ്ങിയ പ്രകടനം മാത്രമായിരുന്നു പാക് ക്യാമ്പിനെ അല്‍പ്പമെങ്കിലും അസ്വസ്ഥരാക്കിയത്. എന്നാല്‍ മുള്‍ത്താനില്‍ കണ്ടത് മറ്റൊരു ബംഗ്ലാദേശിനെയായിരുന്നു. കന്നി ടെസ്റ്റ് ജയത്തിനു സമീപം വരെ അന്ന് ബംഗ്ലാദേശ് എത്തി. ആ സ്വപ്നങ്ങളെ തല്ലി തകര്‍ത്തതാകട്ടെ ഇന്‍സി എന്ന ക്രീസിലെ അലസ സൌന്ദര്യവും.

ഡ്രസിംഗ് റൂമില്‍ ഞങ്ങള്‍ കരയുകയായിരുന്നു - മുള്‍ത്താനിലെ ബംഗ്ലാദേശിന്‍റെ കണ്ണീരോര്‍മ്മ

മുള്‍ത്താനിലെ പച്ചപ്പ് നിറഞ്ഞ വിക്കറ്റില്‍ ആദ്യം ബാറ്റ് ചെയ്തത് ബംഗ്ലാദേശായിരുന്നു നന്നായി തുടങ്ങിയെങ്കിലും 281 റണ്‍സിന് ബംഗ്ലാ ഇന്നിങ്സിന് പാക് ബൌളര്‍മാര്‍ കൂട്ടിക്കെട്ടി. പിന്നെ മുള്‍ത്താന്‍ കണ്ടത് ബംഗ്ലാദേശ് ബൌളര്‍മാര്‍ അരങ്ങ് വാഴുന്നതാണ്. പാകിസ്താന്‍റെ ഒന്നാം ഇന്നിങ്സ് കേവലം 175 റണ്‍സിന് അവസാനിച്ചു. തങ്ങളുടെ ചെറിയ ടെസ്റ്റ് ചരിത്രത്തിലാദ്യമായി ഒരു ടീമിനെ 200 റണ്‍സിന് താഴെ സ്കോറിന് പുറത്താക്കി ബംഗ്ലാദേശ് ചരിത്രം രചിക്കുകയായിരുന്നു. അഞ്ച് വിക്കറ്റുമായി സ്പിന്നര്‍ മുഹമ്മദ് റഫീഖാണ് ആതിഥേയര്‍ക്ക് വല ഒരുക്കിയത്. റഫീഖ് ഒഴികെ മറ്റ് ബംഗ്ലാദേശ് ബൌളര്‍മാരൊന്നും തന്നെ അത്ര കണ്ട് അപകടം വിതച്ചിരുന്നില്ലെന്നും പരമ്പര ജയിച്ചതിന്‍റെ ആലസ്യം തങ്ങളിലേക്ക് ആഴ്ന്നിറങ്ങിയതാണ് ആ ദയനീയ പ്രകടനത്തിന് വഴിവച്ചതെന്നും മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച പാകിസ്താന്‍ താരം സല്‍മാന്‍ ബട്ട് ഓര്‍ത്തെടുത്തു. പരമ്പരയില്‍ അതുവരെ പരാജയമായിരുന്ന ബംഗ്ലാ നായകന്‍ മഹ്മൂദ് നാല് വിക്കറ്റുകളുമായി പാകിസ്താന്‍റെ വീഴ്ച എളുപ്പമാക്കി.

വിവാദമായ ആ ക്യാച്ച്, ചതിയനെന്ന് പേര് വീണെങ്കിലും ദുഖമില്ലെന്ന് ലത്തീഫ്

രണ്ടാം ഇന്നിങ്സില്‍ ബംഗ്ലാദേശും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു നാല് വിക്കറ്റിന് 41 റണ്‍സ് എന്ന പരിതാപകരമായ നിലയിലേക്ക് ബംഗ്ലാദേശ് കാലിടറി വീണു. രണ്ടാം ദിനം അവസാന ഓവറിന് മുമ്പായി പരിക്കേറ്റ് മടങ്ങിയ ബംഗ്ലാദേശ് ബാറ്റ്സ്മാന്‍ അലോക് കപാലി മൂന്നാം ദിനം നായകന്‍ വീണതോടെ ക്രീസില്‍ തിരിച്ചെത്തി. ടീം ആഴക്കയങ്ങളിലേക്ക് പതിക്കുകയാണെങ്കിലും ആക്രമണോത്സുക ബാറ്റിംഗാണ് കപാലി പുറത്തെടുത്തത്. അരങ്ങേറ്റക്കാരനായ പേസ് ബൌളര്‍ യാസിറിന്‍റെ ഒരു പന്ത് കപാലിയുടെ ബാറ്റില്‍ തട്ടി സ്ലിപ്പ് ഭാഗത്തേക്ക് പറന്നു. മനോഹരമായ ഒരു ഡൈവിലൂടെ പാക് നായകന്‍ ലത്തീഫ് അത് കൈകളിലൊതുക്കി. എന്നാല്‍ ആ ക്യാച്ചില്‍ ഒരു ചതി ഒളിഞ്ഞിരുപ്പുണ്ടായിരുന്നു. പന്തിനായി പറന്നു വീഴുന്നതിനിടെ ലത്തീഫിന്‍റെ കൈകളില്‍ തട്ടി തെന്നി നിലം തൊട്ടിരുന്നു. ഇവിടെ നിന്നുമാണ് രണ്ടാം ശ്രമത്തില്‍ ലത്തീഫ് പന്ത് കൈപ്പിടിയിലൊതുക്കിയത്. അമ്പയര്‍മാരുടെ പുറംതിരിഞ്ഞു നിന്നിട്ടായതിനാല്‍ ആരും അത് കണ്ടില്ല. എന്നാല്‍ റീപ്ലേകളില്‍ ആ ചതി വ്യക്തമായിരുന്നു. ലത്തീഫിനെ പിന്നീട് അഞ്ച് ഏകദിന മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ടെസ്റ്റ് മത്സരങ്ങള്‍ക്കായി പാകിസ്താന്‍ തൊപ്പി അണിയാനുള്ള ഭാഗ്യം പിന്നീട് ഉണ്ടായതുമില്ല.

നിങ്ങള്‍ രാജ്യത്തിനായാണ് എല്ലാം ചെയ്യുന്നത് . പന്ത് കൈകളില്‍ നിന്ന് ഉരുണ്ടയുടന്‍ തന്നെ അത് നിലംതൊട്ടിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു. സീനിയര്‍ താരങ്ങളോട് ഞാന്‍ ഇക്കാര്യം പറയുകയും ചെയ്തിരുന്നു. ബാറ്റ്സമാനെ തിരിച്ചു വിളിക്കാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും അത്രക്ക് കാരുണ്യം വേണ്ടെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. എനിക്ക് ദുഖമില്ല. ഞങ്ങള്‍ യുദ്ധ മുഖത്തായിരുന്നു. ഞങ്ങള്‍ രണ്ട് ടീമുകളും തീഷ്ണമായ മത്സരത്തില്‍ മുഴുകി നില്‍ക്കുകയായിരുന്നു. കീഴടങ്ങാന്‍ ആഗ്രഹിക്കാത്ത വ്യക്തിയാണ് ഞാന്‍. അതിനാല്‍ തന്നെ ആ സമയം ആവശ്യപ്പെട്ടത് ഞാന്‍ ചെയ്തു. നിങ്ങള്‍ക്കതിനെ ചതിയെന്ന് വിളിക്കാം, പക്ഷേ അതിലെനിക്ക് തെല്ലും വ്യസനമില്ല - കാലങ്ങള്‍ക്കു ശേഷം ആ സംഭവത്തെ കുറിച്ച് ലത്തീഫ് പ്രതികരിച്ചു.

ബംഗ്ലാദേശ് 154 റണ്‍സിന് രണ്ടാം ഇന്നിങ്സില്‍ പുറത്തായി. രണ്ടര ദിവസം ബാക്കി നില്‍ക്കെ പാകിസ്താന് ജയിക്കാന്‍ വേണ്ടിയിരുന്നത് 261 റണ്‍സ്. രണ്ടാം ഇന്നിങ്സില്‍ തുടക്കത്തില്‍ തന്നെ പാകിസ്താന് വിക്കറ്റുകള്‍ നഷ്ടമായി. ജയിക്കാന്‍ 199 റണ്‍സ് കൂടി ആവശ്യമായിരിക്കെയാണ് നാലാമനായി ഇന്‍സമാം ക്രീസിലേക്ക് മെല്ലെ നടന്നടുത്തത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് എന്ന സ്ഥിതിയിലായിരുന്ന പാകിസ്താന്‍റെ മുഴുവന്‍ പ്രതീക്ഷയും ഇന്‍സമാം എന്ന അവശേഷിക്കുന്ന ഏക അംഗീകൃത ബാറ്റ്സ്മാനിലായിരുന്നു.

നാലാം ദിനം അഞ്ചാം ഓവറില്‍ സഖ്‍ലൈന്‍ മുഷ്താഖും കൂടാരം കയറി. പിന്നെ ഇന്‍സമാമിന് കൂട്ടായി അവശേഷിച്ചത് വാലറ്റക്കാരായ മൂന്നു പേര്‍. ഷാബിര്‍ അഹമ്മദുമായി ചേര്‍ന്ന് ഇന്‍സമാം എട്ടാം വിക്കറ്റില്‍ വിലപ്പെട്ട 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രണ്ടാം സ്ലിപ്പില്‍ സര്‍ക്കാര്‍ ഒരു അനായാസ ക്യാച്ച് നിലത്തിട്ടില്ലായിരുന്നെങ്കില്‍ കഥ മാറുമായിരുന്നു.


ജീവിതത്തിലെ മികച്ച ഇന്നിങ്സുമായി ഇന്‍സമാം

ഡ്രസിംഗ് റൂമില്‍ ഞങ്ങള്‍ കരയുകയായിരുന്നു - മുള്‍ത്താനിലെ ബംഗ്ലാദേശിന്‍റെ കണ്ണീരോര്‍മ്മ


ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ നിന്നും കേവലം 19 റണ്‍ സമ്പാദ്യവുമായി ബംഗ്ലാദേശ് പരമ്പരക്കിറങ്ങിയ ഇന്‍സമാമിന് പക്ഷേ ടെസ്റ്റിലെ ചെറുമീനുകള്‍ക്കെതിരെ പോലും കാലിടറുന്ന കാഴ്ചയാണ് ആദ്യ രണ്ട് ടെസ്റ്റുകളില്‍ കണ്ടത്. നാല് ഇന്നിങ്സുകളായി ഇന്‍സിയുടെ ബാറ്റില്‍ നിന്ന് പിറന്നത് കേവലം 88 റണ്‍സ്. അതുകൊണ്ടു തന്നെ തന്‍‌റെ കരിയറിലെ മികച്ച ഇന്നിങ്സായിരുന്നു നിര്‍ണായക നിമിഷത്തില്‍ താരം പുറത്തെടുത്തു കൊണ്ടിരുന്നത്. ഒടുവില്‍ വിജയത്തിന് 59 റണ്‍സ് അകലെ ഷബീര്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി മടങ്ങി. ടെസ്റ്റ് കരിയറില്‍ ഒരു പന്ത് മാത്രം നേരിട്ടിട്ടുള്ള ഉമര്‍ ഗുളായിരുന്നു പിന്നെ ക്രീസിലെത്തിയത്. ഗുളിന്‍റെ വിക്കറ്റിനായി ബംഗ്ലാദേശ് തന്ത്രങ്ങള്‍ പരീക്ഷിച്ചപ്പോള്‍ മറുവശത്ത് ഇന്‍സമാം സ്കോര്‍ കഴിയുന്നത്ര അടുത്ത് എത്തിക്കാനുള്ള തിരക്കിലായിരുന്നു. ജയത്തിന് കേവലം നാല് റണ്‍സ് മാത്രം അവശേഷിക്കെ ഗുളും കൂടാരം കയറി. ടെസ്റ്റ് കരിയറിലെ ആദ്യ ജയം ബംഗ്ലാദേശ് അപ്പോഴും സ്വപ്നം കാണുന്നുണ്ടായിരുന്നു. അരങ്ങേറ്റ മത്സരം കളിക്കുന്ന യാസിര്‍ അവസാനക്കാരനായി ക്രീസിലേക്ക് നടന്നടുക്കുന്നത് ആ മോഹങ്ങള്‍ക്ക് കൂടുതല്‍ നിറം പകര്‍ന്നു.


ആദ്യ മൂന്ന് പന്തുകള്‍ തടുത്ത യാസിര്‍ നാലാം പന്തില്‍ ഒരു റണ്‍സെടുത്ത് സമ്മര്‍ദത്തില്‍ നിന്നും തലയൂരി. അതിലേറെ പ്രധാനം ക്രീസില്‍ ഇന്‍സമാം തിരിച്ചെത്തി എന്നതായിരുന്നു. മെഹമ്മുദിന്‍റെ പന്ത് ഫൈന്‍ ലെഗിലൂടെ അതിര്‍ത്തി കടത്തി ഇന്‍സമാം ടീമിനെ ജേതാക്കളാക്കി. പാകിസ്താന്‍റെ ടെസ്റ്റ് ചരിത്രത്തില്‍ അത് രണ്ടാം തവണയായിരുന്നു ഒരു വിക്കറ്റിന് ജയം പിടിച്ചു വാങ്ങുന്നത്. ചരിത്രത്തിലാദ്യമായി ഒരു അംഗീകൃത ടീമിനെ പരാജയത്തിന്‍റെ വക്കിലെത്തിച്ച ബംഗ്ലാദേശ് ഒടുവില്‍ പരാജിതരുടെ പതിവ് വേഷം തന്നെ അണിഞ്ഞു.

"എല്ലാവരും കരയുകയായിരുന്നു. മത്സരശേഷം കുറച്ചു നേരം പരസ്പരം സംസാരിക്കാന്‍ പോലും കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു ഞങ്ങള്‍. പരാജിതരായെന്ന് വിശ്വസിക്കുക ഞങ്ങള്‍ക്ക് എളുപ്പമായിരുന്നില്ല. അവസാന പന്തിന് മുമ്പും ഞങ്ങള്‍ കരുതിയത് ഒരു വിക്കറ്റും ചരിത്ര ജയവും കൈപ്പാടകലെയാണെന്നായിരുന്നു"' - മഹ്മൂദ് ബംഗ്ലാദേശ് നായകന്‍.