LiveTV

Live

Sports

പൂനൈയുടെ പരാജയവും ധോണിയും

പൂനൈയുടെ പരാജയവും ധോണിയും
Summary
മികച്ച താരങ്ങളുടെ അഭാവമല്ല ടീമിനെ പരാജയത്തിലേക്ക് നയിച്ചതെന്നത് വ്യക്തം. നായകന്‍റെ മാത്രം പരാജയമാണതെന്ന ഒറ്റവാക്കില്‍....
പൂനൈയുടെ പരാജയവും ധോണിയും

ഐപിഎല്ലിലെ പുതിയ ടീമായി ഇത്തവണ ഇടംകണ്ടെത്തിയ പൂനൈ ആശ്വാസകരമല്ലാത്ത മറ്റൊരു പേരുമായാണ് കളം വിടുന്നത്. പ്ലേ ഓഫ് കളിക്കില്ലെന്ന് ഉറപ്പുവരുത്തി ടൂര്‍ണമെന്‍റില്‍ നിന്നുള്ള മടക്ക ടിക്കറ്റ് വാങ്ങുന്ന ആദ്യ ടീമായി പൂനൈ മാറി. മഹേന്ദ്ര സിങ് ധോണി എന്ന അത്ഭുതങ്ങള്‍ വിരിയിക്കുന്ന നായകന്‍റെ സാന്നിധ്യമുണ്ടായിട്ടു കൂടിയായാണ് ടീം പൂനൈ ഈ അപമാനം ഏറ്റുവാങ്ങേണ്ടി വന്നത്. കളത്തില്‍ എതിരാളികളെ അമ്പരിപ്പിക്കുന്ന തീരുമാനങ്ങളുടെ ആള്‍രൂപമെന്ന സ്ഥാനത്തു നിന്നും ക്യാപ്റ്റന്‍ കൂള്‍ ഏറെ പിന്നോട്ട് പോയിരിക്കുന്നു എന്ന നീണ്ട നാളായി തുടരുന്ന ആരോപണങ്ങളെ സാധൂകരിക്കുന്നു പൂനൈയുടെ പരാജയം. മികച്ച താരങ്ങളുടെ അഭാവമല്ല ടീമിനെ പരാജയത്തിലേക്ക് നയിച്ചതെന്നത് വ്യക്തം. നായകന്‍റെ മാത്രം പരാജയമാണതെന്ന ഒറ്റവാക്കില്‍ പറഞ്ഞുവയ്ക്കുകയും അസാധ്യം. എങ്കിലും ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങള്‍ തൊടുത്തുവിടുന്നുണ്ട് കളത്തിലെ പൂനൈയുടെ പ്രകടനങ്ങള്‍ - അവയില്‍ മിക്കവയും ധോണിയിലേക്കാണ് നയിക്കുന്നതെന്നത് കേവലം യാദൃശ്ചികതയായി തള്ളിക്കളയാവുന്നതല്ല.

ചെന്നൈ സൂപ്പര്‍കിങ്സിന്‍റെ ഹാങോവറില്‍ നിന്നും ധോണി ഇനിയും മുക്തമായിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പൂനൈ ടീമിന്‍റെ ജേഴ്സി അനാവരണം ചെയ്ത ചടങ്ങു മുതല്‍ അന്നു തൊട്ടുള്ള മഹിയുടെ പ്രതികരണങ്ങള്‍. തന്‍റെ എക്കാലത്തെയും വിശ്വസ്തനായ ആര്‍ അശ്വിനില്‍ ധോണിക്കുള്ള വിശ്വാസം നഷ്ടമായി തുടങ്ങിയെന്ന ആരോപണങ്ങള്‍ വീണ്ടും സജീവമാകുന്നതും ഈ ഐപിഎല്‍ കാലത്ത് കണ്ടു. ഇന്ത്യന്‍ ടീമിലെന്ന പോലെ പൂനൈയിലും ധോണിയുടെ വിശ്വസ്തര്‍ മാത്രം അന്തിമ ടീമില്‍ സ്ഥാനം കണ്ടെത്തുന്നുവെന്നതാണ് പൊടിതട്ടി വന്ന മറ്റൊരു ആരോപണം. ഇര്‍ഫാന്‍ പത്താനെ പോലെയുള്ള താരങ്ങളുടെ അന്തക വേഷത്തില്‍ തകര്‍ത്താടുന്ന ധോണി ചില ഭാവനകളിലെങ്കിലും നിറഞ്ഞു നിന്നു. പൂനൈയുടെ ടീം തെരഞ്ഞെടുപ്പിനെതിരെ ധോണിയുടെ കടുത്ത ആരാധകര്‍ പോലും രംഗതെത്തിയിട്ടും തന്‍റെ നിലപാടുകളില്‍ നിന്നും ചെറിയൊരു മാറ്റത്തിനു പോലും ധോണി തയ്യാറായില്ലെന്നതും ശ്രദ്ധേയം.

ഒത്തിണക്കത്തോടെ കളിക്കുന്ന ഒരു ടീമിനെ അണിനിരത്താന്‍ പൂനൈക്ക് കഴിഞ്ഞില്ലെന്ന വസ്തുത ധോണിയുടെ കടുത്ത ആരാധകര്‍ പോലും നിഷേധിക്കില്ല. ഒരു വിജയ നായകനിലെ പ്രധാന ചേരുവ മികച്ചൊരു ടീമാണെന്ന വാദം പൂനൈയുടെ കാര്യത്തില്‍ അപ്രസക്തമാണ്. താര സാന്നിധ്യങ്ങളുടെ കാര്യത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല പൂനൈ ടീം. സമ്മര്‍ദങ്ങള്‍ വരുമ്പോള്‍ ബാറ്റ് കൊണ്ട് മറുപടി പറയുന്ന ധോണിയിലെ പതിവ് പോരാളിയെയും ഈ ഐപിഎല്ലില്‍ കാണാനായില്ല. ഫിനിഷറെന്ന നിലയിലുള്ള പ്രതാപ കാലത്തെ നിഴലാണ് ഇന്ന് കളം വാഴുന്ന ധോണിയെന്ന് തെളിയിക്കുന്നതായിരുന്നു വിധി നിര്‍ണായകമായ സണ്‍റൈസേഴ്സിനെതിരായ ഇന്നലത്തെ മത്സരം ഉള്‍പ്പെടെയുള്ള ഏതാനും മത്സരങ്ങള്‍.

ധോണി എന്ന പതിവ് ഇരക്കെതിരെ ഫലപ്രദമായി വിനിയോഗിക്കാനുള്ള നിരവധി ആയുധങ്ങള്‍ പ്രതിയോഗികള്‍ക്ക് സമ്മാനിച്ചാണ് ഐപിഎല്ലിലെ പൂനൈ അധ്യായം ഇത്തവണ അവസാനിച്ചതെന്ന് ഉറപ്പ്. മറ്റാരെക്കാളും ഇത് നന്നായി അറിയുന്നത് ധോണി തന്നെയാകും. ഏകദിന, ട്വന്‍റി20 നായക സ്ഥാനം കൂടി കൊഹ്‍ലിക്ക് കൈമാറണമെന്ന വാദം പ്രസക്തമാകുന്ന ഈ ഘട്ടത്തില്‍ അതിജീവനത്തിന് ധോണി എന്ത് മന്ത്രമാകും പുറത്തെടുക്കുക എന്നതാകും നിര്‍ണായകം.