LiveTV

Live

Sports

ഭുവിയും ധോണിയും ജയിപ്പിച്ചു

ഭുവിയും ധോണിയും ജയിപ്പിച്ചു
Summary
ധോണിയും ആദ്യ ഏകദിന അര്‍ധ സെഞ്ചുറി നേടിയ ഭുവനേശ്വര്‍ കുമാറും ചേര്‍ന്നുള്ള 100 റണ്‍സിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.

ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ വിജയ പരമ്പര തുടരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ 50 ഓവറില്‍ 8ന് 236റണ്‍സാണ് നേടിയത്. മഴ തടസപ്പെടുത്തിയതോടെ ഇന്ത്യന്‍ വിജയലക്ഷ്യം 47 ഓവറില്‍ 231 റണ്ണായി മാറ്റി. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 16 പന്തുകള്‍ ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയതീരത്തെത്തി. ധോണിയും ആദ്യ ഏകദിന അര്‍ധ സെഞ്ചുറി നേടിയ ഭുവനേശ്വര്‍ കുമാറും ചേര്‍ന്നുള്ള 100 റണ്‍സിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് മിന്നും ജയമൊരുക്കിയത്.

വിക്കറ്റ് നഷ്ടമില്ലാതെ 109 എന്ന നിലയില്‍ നിന്നും ഏഴിന് 131 എന്ന നിലയിലേക്ക് തകര്‍ന്നടിഞ്ഞ ഇന്ത്യയെ രക്ഷിച്ചത് ഭുവനേശ്വര്‍ കുമാറും(53) മഹേന്ദ്രസിംങ് ധോണിയും(45) ചേര്‍ന്നായിരുന്നു. തുടരെ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്ന ധനന്‍ജയിനെ പിന്‍വലിച്ചതും മലിംഗയും ചമീരയും അടക്കമുള്ള മറ്റ് ബൗളര്‍മാര്‍ അച്ചടക്കമില്ലാതെ പന്തെറിഞ്ഞതും ഇന്ത്യക്ക് തുണയായി. ആറ് വൈഡുകളാണ് സീനിയര്‍ ബൗളറായ ലസിത് മലിംഗ എറിഞ്ഞത്.

ഭുവിയും ധോണിയും ജയിപ്പിച്ചു

അകില ധനന്‍ജയ എന്ന പേര് ഇനി ഇന്ത്യന്‍ ആരാധകരും കളിക്കാരും മറക്കില്ല. ഭൂരിഭാഗം സമയവും ഇന്ത്യന്‍ വരുതിയിലായിരുന്ന മത്സരത്തെ ശ്രീലങ്കന്‍ തീരത്തെത്തിച്ചത് ധനഞ്ചയയായിരുന്നു. 15.3 ഓവറില്‍ 109 റണ്ണിലെത്തിയപ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 45 പന്തില്‍ 54 റണ്ണെടുത്ത രോഹിത് ശര്‍മ്മയെ വീഴ്ത്തിയാണ് ധനന്‍ജയ തുടങ്ങിയത്. മൂന്ന് സിക്‌സറുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്പടിയിലായിരുന്നു രോഹിത്തിന്റെ ഇന്നിംങ്‌സ്. പതിനാറാം ഓവറിലെ മൂന്നാം പന്തില്‍ സിരിവര്‍ധനയെ സ്വീപ്പു ചെയ്യാനുള്ള ശ്രമത്തിനിടെ ഏഞ്ചല മാത്യൂസ് പറന്നുപിടിച്ചു. ഇത് മത്സരത്തിലെ നിര്‍ണ്ണായകമായ ക്യാച്ചായി മാറുകയും ചെയ്തു.

ഇതിന് ശേഷം കണ്ടത് ധനന്‍ജയയുടെ ഗൂഗ്ളി പ്രകടനമായിരുന്നു. പതിനേഴാം ഓവറില്‍ മാത്രം മൂന്ന് വിക്കറ്റ്. കേദാര്‍ ജാദവ്(1), കോഹ്ലി(4), ലോകേഷ് രാഹുല്‍(4) എന്നിവരെയാണ് ബാറ്റിന്റെ പ്രതിരോധം തകര്‍ത്ത് ധനന്‍ജയ ബൗള്‍ഡാക്കിയത്. ഹാര്‍ദിക് പാണ്ഡ്യ പത്തൊമ്പതാം ഓവറില്‍ കൂറ്റനടിക്ക് ശ്രമിച്ച് ധനന്‍ജയക്ക് തന്നെവിക്കറ്റ് സമ്മാനിച്ചു. ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതും ധനന്‍ജയ തന്നെ. എന്നാല്‍ പിന്നീടെത്തിയ ഭുവനേശ്വര്‍ കുമാറും ധോണിയും മത്സരവും ജയവും ഇന്ത്യന്‍ വരുതിയിലാക്കി. ഏകപക്ഷീയമായി നീങ്ങിയ മത്സരത്തിന് ജീവന്‍വെപ്പിച്ച പ്രകടനം നടത്തിയ അഖില ധനഞ്ജയ തന്നെയാണ് കളിയിലെ താരം.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ 8ന് 236 റണ്‍സെടുത്തിരുന്നു. ആറാം വിക്കറ്റില്‍ സിരിവര്‍ധനയും(58) കപുഗീധരയും(40) ചേര്‍ന്ന് നേടിയ 91റണ്‍സിന്റെ കൂട്ടുകെട്ടാണ് ശ്രീലങ്കന്‍ സ്‌കോറിന് മാന്യത നല്‍കിയത്. അലക്ഷ്യമായ ഷോട്ടുകളാണ് പതിവു പോലെ ലങ്കയെ പ്രതിരോധത്തിലാക്കിയത്.

വെല്ലയും ഗുണതിലംഗയും കൂടി ഒന്നാം വിക്കറ്റില്‍ 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതില്‍ സിംഹഭാഗവും സ്വന്തം പേരിലാക്കിയ ഡിക്‌വെല്ലയാണ് (31) ആദ്യം വീണത്. ഭുംറക്കായിരുന്നു വിക്കറ്റ്.19 റണ്‍സെടുത്ത ഗുണതിലംഗയെ വീഴ്ത്തിയ ചഹാല്‍ ഇതേ വ്യക്തിഗത സ്‌കോറിന് തന്നെ മെന്‍ഡിസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതിനിടെ തരംഗയെ പാണ്ഡ്യ നായകന്‍ കൊഹ്‌ലിയുടെ കൈകളില്‍ എത്തിച്ചിരുന്നു. അല്‍പ്പമെങ്കിലും പോരാടാമെന്ന ലങ്കന്‍ മോഹങ്ങളുടെ കാവലാളായ മുന്‍ നായകന്‍ മാത്യൂസും വീണതോടെ ലങ്ക കടുത്ത പ്രതിസന്ധിയിലായി.14 ഓവറില്‍ ഒരു വിക്കറ്റിന് 70 എന്ന നിലയില്‍ നിന്നാണ് 29ആം ഓവറില്‍ അഞ്ച് വിക്കറ്റിന് 121 എന്ന നിലയിലേക്ക് ലങ്ക കൂപ്പുകുത്തിയത്.

പിന്നീടാണ് സിരിവര്‍ധനയും കപുഗീധരയും ചേര്‍ന്ന് ഒരു കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നത്. 58 പന്തില്‍ അത്ര തന്നെ റണ്ണുകള്‍ നേടിയ സിരിവര്‍ധനയെ ബുംറയുടെ സ്ലോബോള്‍ ശര്‍മ്മയുടെ കൈകളിലെത്തിച്ചു. പരമ്പരയിലെ തന്നെ മികച്ച ലങ്കന്‍ ബാറ്റിംങ് പ്രകടനമെന്ന് വിശേഷിപ്പിക്കാവുന്ന കളി പുറത്തെടുത്താണ് സിരിവര്‍ധന മടങ്ങിയത്. മിലിന്ദ സിരിവര്‍ധനയെന്ന രക്ഷകന്‍ കൂടിയില്ലായിരുന്നെങ്കില്‍ ശ്രീലങ്കന്‍ സ്‌കോര്‍ 200ല്‍ താഴെയാകുമായിരുന്നു.

തന്റെ തൊട്ടടുത്ത ഓവറില്‍ ബുംറയുടെ കില്ലര്‍ യോര്‍ക്കര്‍ കപുഗീധരയുടെ വിക്കറ്റ് തെറിപ്പിച്ചു. രണ്ട് ബൗണ്ടറികളോടെ 61 പന്തുകളിലായിരുന്നു കപുഗീധര 40 റണ്‍സ് നേടിയത്. തന്റെ അവസാന ഓവറില്‍ മറ്റൊരു സ്ലോവര്‍ ബോളില്‍ ബുംറ ധനഞ്ജയയേയും(9) മടക്കി. ഒരു ബൗണ്ടറി നേടിയതിന് പിന്നാലെ നേരെ െ്രെഡവ് ചെയ്യാന്‍ ശ്രമിച്ച ധനഞ്ജയ് മിഡ് ഓഫില്‍ അക്‌സര്‍ പട്ടേലിന് കാച്ച് നല്‍കി മടങ്ങി.

ഇന്ത്യന്‍ നിരയില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറയാണ് തിളങ്ങിയത്. പത്തോവറില്‍ 43 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ബുംറയുടെ നാല് വിക്കറ്റ് നേട്ടം.