LiveTV

Live

Sports

ആര്‍സിബിയെ പിരിച്ചുവിടുമോ ? കൊഹ്‍ലിപ്പടയുടെ തോല്‍വിക്ക് കാരണം...

ആര്‍സിബിയെ പിരിച്ചുവിടുമോ ? കൊഹ്‍ലിപ്പടയുടെ തോല്‍വിക്ക് കാരണം...
Summary
റോയല്‍ ചലഞ്ചേഴ്‍സ് ബംഗളൂരു, താരങ്ങളെ മൈതാനത്ത് നിരത്തിനിര്‍ത്തിയാല്‍ പേര് പോലെ ക്രിക്കറ്റിലെ രാജാക്കന്‍മാര്‍.

റോയല്‍ ചലഞ്ചേഴ്‍സ് ബംഗളൂരു, താരങ്ങളെ മൈതാനത്ത് നിരത്തിനിര്‍ത്തിയാല്‍ പേര് പോലെ ക്രിക്കറ്റിലെ രാജാക്കന്‍മാര്‍. മറ്റേതൊരു ടീമിനേക്കാളും പ്രതിഭാസമ്പന്നരുടെ കൂട്ടം. എന്നാല്‍ പതിവ് പോലെ തോല്‍ക്കാന്‍ തന്നെയാണ് ഇവരുടെ വിധി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തുടര്‍ച്ചയായി വിജയങ്ങളിലൂടെ ലോകത്തിന്‍റെ നെറുകയില്‍ എത്തിച്ച വിരാട് കൊഹ്‍ലിയാണ് ആര്‍സിബിയുടെ നായകനെങ്കിലും ടീമിന്‍റെ തലവര മാത്രം മാറുന്നില്ല. ഇതുവരെ കളിച്ച പത്ത് മത്സരങ്ങളില്‍ ഏഴിലും തോല്‍വി. ആകെ സമ്പാദ്യം ആറു പോയിന്‍റ് മാത്രം. ലീഗ് കടന്നുകിട്ടാന്‍ ഇനി അത്ഭുതങ്ങള്‍‌ സംഭവിക്കണം എന്ന അവസ്ഥയിലാണ് കൊഹ്‍ലിപ്പട. ഇന്നലെ ഹൈദരാബാദിനോട് ജയം പിടിച്ചുവാങ്ങാന്‍ പറ്റുമായിരുന്നെങ്കിലും വിധി അനുകൂലമായില്ല. കേവലം അഞ്ച് റണ്‍സിന് തോല്‍വി ഇരന്നുവാങ്ങി. സീസണിലെ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ് നായകന്‍ വിരാട് കൊഹ്‍ലി. ആദ്യ ഇരുപതില്‍ എബി ഡിവില്ലിയേഴ്സും മന്ദീപ് സിങും. റണ്‍വേട്ടക്കാര്‍ ഇനിയുമുണ്ടെങ്കിലും ജയം മാത്രം ടീമിന് സ്വന്തമാകുന്നില്ല. ഇതോടെ ടീം പിരിച്ചുവിടാനൊക്കെയാണ് സോഷ്യല്‍മീഡിയയില്‍ ആരാധകരുടെ മുറവിളി.

ആര്‍സിബിയെ പിരിച്ചുവിടുമോ ? കൊഹ്‍ലിപ്പടയുടെ തോല്‍വിക്ക് കാരണം...

ഓരോ സീസണ്‍ തുടങ്ങുമ്പോഴും വാനോളം പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. എന്നാല്‍ ഭൂരിഭാഗം തവണയും നിരാശ മാത്രമാണ് ഇവര്‍ക്ക് ലഭിക്കുക. ഇത്തവണയും ഇതിനൊരു മാറ്റവുമില്ല. ടീം ലൈനപ്പാണെങ്കില്‍ തന്നെ കൊതിപ്പിക്കും. എന്നാല്‍ ഇതൊക്കെയും കടലാസില്‍ മാത്രം ഒതുങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍. ടീമിന്‍റെ പോരാട്ടവഴിയില്‍ ഉത്തരവാദിത്തം ചിലരില്‍ മാത്രമായി ഒതുങ്ങുന്നതാണ് പ്രധാന പ്രശ്നങ്ങളിലൊന്ന്. താരങ്ങള്‍ക്കിടയില്‍ കൃത്യമായ ഒരു ഒത്തിണക്കമുണ്ടാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ടീം തകര്‍ന്നടിയുമ്പോള്‍ രക്ഷകനാകാന്‍ ഈ പ്രതിഭാസമ്പന്നര്‍ക്കാകുന്നില്ല. ക്രിക്കറ്റിന്‍റെ ഏതൊരു ഫോര്‍മാറ്റിലാണെങ്കിലും കൊഹ്‍ലിയും ഡിവില്ലിയേഴ്സും ലോകത്തിലെ തന്നെ മികച്ച ബാറ്റ്സ്മാന്‍മാരാണെന്ന് ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. എന്നാല്‍ ആര്‍സിബി ഇവരുടെ തലയില്‍ സകല ഉത്തരവാദിത്തവും ചുമത്തുകയാണ്. പക്ഷേ ഇവര്‍ മാത്രം തിളങ്ങിയതു കൊണ്ട് കാര്യമില്ലെന്ന് ഇനിയും അവര്‍ മനസിലാക്കിയിട്ടില്ല. ഇത് മനസിലാക്കി സ്ഥിരത കൈവരിക്കാന്‍ ആരും ശ്രമിക്കുന്നുമില്ല. കൊഹ്‍ലിയും എബിയും വീണാല്‍ ആര്‍സിബി നിലംപതിക്കുമെന്നതിന്‍റെ ഉദാഹരണമായിരുന്നു കഴിഞ്ഞദിവസം ചെന്നൈയ്ക്കെതിരായ മത്സരം. കൊഹ്‍ലിയും എബിയും വീണതോടെ സ്കോര്‍ 127 ല്‍ ഒതുങ്ങി. ഇന്നലെ നിര്‍ണായക ഘട്ടത്തില്‍ ഇരുവരും വീണതോടെ മറികടക്കാവുന്ന വിജയലക്ഷ്യം എത്തിപ്പിടിക്കാന്‍ ആരും ഉത്സാഹിച്ചില്ല. ഫലം അഞ്ച് റണ്‍സിന്‍റെ തോല്‍വി. മധ്യനിരയുടെ സമ്പൂര്‍ണ പരാജയം തന്നെയാണ് ആര്‍സിബിയുടെ നട്ടെല്ലൊടിക്കുന്നത്.

ബാറ്റിങ് നിരയിലെ വീഴ്ചകള്‍ക്കൊപ്പം ചത്ത ബോളിങ് കൂടിയാകുമ്പോള്‍ ആര്‍സിബി മിക്കപ്പോഴും പതറി പോകുകയാണ്. കടലാസിലെ കണക്കുകള്‍ നോക്കിയാല്‍, ഉമേഷ് യാദവും യുസ്‍വേന്ദ്ര ചഹാലും ഒപ്പം ടിം സോത്തിയും ക്രിസ് വോക്സും എതിരാളികളുടെ പേടിസ്വപ്നങ്ങളാണ്. എന്നാല്‍ 14 വിക്കറ്റെടുത്ത ഉമേഷ് യാദവിനും എട്ട് വിക്കറ്റുമായി ചഹാലിനുമൊഴികെ മറ്റാര്‍ക്കും കാര്യമായ ആഘാതമേല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ മുന്‍ സീസണുകള്‍ക്ക് സമാനമായ തിരക്കഥ തന്നെയാണ് ഇത്തവണയും ആര്‍സിബി ആവര്‍ത്തിക്കുന്നത്. റണ്‍സ് വഴങ്ങുന്നതില്‍ ആര്‍സിബിയുടെ ബോളര്‍മാര്‍ പരസ്പരം മത്സരിക്കുകയാണെന്ന് പോലും ചിലപ്പോള്‍ തോന്നിപ്പോകും. സുപ്രധാന നിമിഷങ്ങളില്‍ പോലും ഇതേ കേളീശൈലി തന്നെ പിന്തുടരുന്നത് കൊണ്ടാണ് രാജസ്ഥാന്‍, മുംബൈ, ചെന്നൈ ടീമുകള്‍ക്ക് ആര്‍സിബിക്കെതിരെ 200 റണ്‍സില്‍ കൂടുതല്‍ അടിച്ചെടുക്കാന്‍ കഴിഞ്ഞതും. ബോളര്‍മാരെ മാറിമാറി പരീക്ഷിക്കാന്‍ കൊഹ്‍ലി ശ്രമിച്ചിട്ടും ആര്‍ക്കും ഫലമുണ്ടാക്കാന്‍ കഴിഞ്ഞില്ല. സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ കഴിയാതെ വരുന്നതോടെ പന്തിന്‍റെ ഗതി മനസിലാക്കാതെ വിക്കറ്റ് വലിച്ചെറിയുന്നതും ആര്‍സിബിക്ക് തിരിച്ചടിയായി. ഇതില്‍ കൊഹ്‍ലിയെന്നോ ഡിവില്ലിയേഴ്‍സെന്നോ വ്യത്യാസമില്ല എന്നതാണ് പ്രധാനം. ഏതായാലും ഇനി ആര്‍സിബി ലീഗ് കടക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.