LiveTV

Live

Sports

ടീമിന്‍റെ 'കട്ട ആരാധകനായ' മലപ്പുറം മഞ്ചേരിക്കാരനെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ച് ആഴ്സണല്‍ 

ടീമിന്‍റെ 'കട്ട ആരാധകനായ' മലപ്പുറം മഞ്ചേരിക്കാരനെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ച് ആഴ്സണല്‍ 
Summary
ക്ലബ് തന്നെയാണ് വിഡിയോ തയ്യാറാക്കി തങ്ങളുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലിട്ടത്

മലപ്പുറത്തെ ഫുട്ബോള്‍ പ്രേമം രണ്ടര മണിക്കൂറിന്‍റെ ഒരു സിനിമയിലൊന്നും ഒതുങ്ങില്ല. ലോകത്ത് ഏത് കോണില്‍ എപ്പോ പന്തു കളി നടന്നാലും ഉറക്കമിളച്ച് കളി കാണുന്നവരില്‍ ഒരു മലപ്പുറംകാരനുമുണ്ടാവും. തങ്ങളുടെ ഇഷ്ട ടീമിനോടുള്ള മുഹബ്ബത്ത് കളി കാണല്‍ കൊണ്ടൊന്നും ഇവിടുത്തുകാര്‍ തീര്‍ക്കൂല. ഇഷ്ട ടീമിനെക്കുറിച്ചോ അല്ലെങ്കില്‍ കളിക്കാരന്റെ പേര് ഒക്കെ വാഹനത്തിനോ, വീടിനോ ഒക്കെ ഇടും. വസ്തുക്കള്‍ക്ക് മാത്രമല്ല സ്വന്തം മക്കള്‍ക്ക് വരെ ഇഷ്ട താരത്തിന്‍റെ പേര് ഇട്ടവരുണ്ട്. അത്തരത്തിലൊരു ആരാധകന്‍റ ഇഷ്ടങ്ങള്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍ നിര ക്ലബ്ബുകളിലൊന്നായ ആഴ്സണല്‍.

ഗണ്ണേഴ്സ് എന്ന് വിളിപ്പേരുള്ള ആഴ്സണലിന്‍റ കട്ട ഫാനാണ് മലപ്പുറം മഞ്ചേരിക്കാരനായ ഇന്‍സമാമുല്‍ ഹഖ്. ആര്‍സണലിനോടുള്ള തന്‍റെ ഇഷ്ടം ഇന്‍സമാം പ്രകടിപ്പിച്ചത് മകന് ടീമിലെ സ്റ്റാര്‍ കളിക്കാരനായ മെസൂദ് ഓസിലിന്‍റെ പേര് നല്‍കി. പേരില്‍ ചെറിയൊരു മാറ്റം വരുത്തി ഇന്‍സമാം. മെഹദ് ഓസില്‍ എന്നാണ് മകനിട്ട പേര്. ആ പേരിലേക്ക് വന്നതിനെക്കുറിച്ചും ടീമിനെക്കുറിച്ചും ഇന്‍സമാം പങ്കുവെക്കുന്നുണ്ട്. ഏഴ് മണിക്കൂര്‍ മുമ്പ് ഷെയര്‍ ചെയ്ത വീഡിയോക്ക് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. നാലായിരം ഷെയറും 14കെ ലൈക്ക്സും ഇതുവരെ ലഭിച്ചുകഴിഞ്ഞു.