LiveTV

Live

Sports

സ്മിത്തിന് ഐസിസിയുടെ സസ്‍പെന്‍ഷന്‍; അടുത്ത ടെസ്റ്റ് കളിക്കാനാവില്ല

സ്മിത്തിന് ഐസിസിയുടെ സസ്‍പെന്‍ഷന്‍; അടുത്ത ടെസ്റ്റ് കളിക്കാനാവില്ല
Summary
പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ ഓസീസ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച സ്റ്റീവ് സ്മിത്തിനുള്ള ശിക്ഷാവിധികള്‍ അവസാനിക്കുന്നില്ല.

പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ ഓസീസ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച സ്റ്റീവ് സ്മിത്തിനുള്ള ശിക്ഷാവിധികള്‍ അവസാനിക്കുന്നില്ല. സംഭവം പിടിക്കപ്പെട്ടതോടെ, സ്മിത്തിനെ ഐസിസി സസ്‍പെന്‍ഡ് ചെയ്തു. ഇതോടെ ജോഹന്നാസ്‍ബര്‍ഗ് ടെസ്റ്റില്‍ സ്മിത്തിന് കളിക്കാന്‍ കഴിയില്ല. ഐസിസി ചീഫ് എക്സിക്യൂട്ടിവിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ നടപടികള്‍ക്കൊടുവില്‍ സ്മിത്തിന്റെ മാച്ച് ഫീ മുഴുവനായും പിഴയൊടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനൊപ്പമാണ് നാലാം ടെസ്റ്റില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും നാല് ഡീമെറ്റ് പോയിന്റുകള്‍ നല്‍കുകയും ചെയ്തത്. നേരത്തെ ക്രിക്കറ്റ് ആസ്ട്രേലിയ നടത്തിയ അന്വേഷണത്തിനൊടുവില്‍ സ്മിത്തിന്റെ നായകസ്ഥാനം രാജിവെപ്പിച്ചിരുന്നു. ഉപനായകന്‍ ഡേവിഡ് വാര്‍ണറും രാജിവെച്ചിരുന്നു. എന്നാല്‍ വാര്‍ണര്‍ക്ക് ഐസിസി വിലക്കുകളൊന്നും നിലവില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഇതേസമയം, പന്തില്‍ കൃത്രിമം കാട്ടിയതിന് കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന് മൂന്നു ഡിമെറിറ്റ് പോയിന്റുകളും നല്‍കി. ബാന്‍ക്രോഫ്റ്റിന്റെ 75 ശതമാനം മാച്ച് ഫീ പിഴയൊടുക്കാനും ഐസിസി വിധിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് സംഭവം. പന്ത് ഫീല്‍ഡ് ചെയ്ത ഓസീസ് താരം ബാന്‍ക്രോഫ്റ്റ് ഒരു പ്രത്യേക തുണി ഉപയോഗിച്ച് പന്തില്‍ ഉരസുന്നത് ടെലിവിഷന്‍ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇതേകുറിച്ച് സംശയമുയര്‍ന്നതോടെ അമ്പയര്‍മാര്‍ ബാന്‍ ക്രോഫ്റ്റുമായി സംസാരിച്ചു. സണ്‍ഗ്ലാസിന്റെ പൌച്ച് മാത്രമാണ് തന്റെ കൈയ്യിലുള്ളത് എന്നാണ് ബാന്‍ക്രോഫ്റ്റ് നല്‍കിയ മറുപടി. എന്നാല്‍ ഉപയോഗിച്ചത് സാന്റ് പേപ്പറാണെന്ന് പിന്നീട് കണ്ടെത്തി. വിവാദം കനത്തതോടെ മത്സര ശേഷം സ്മിത്തും ബാന്‍ക്രോഫ്റ്റും വാര്‍ത്താസമ്മേളനം നടത്തി. പന്തില്‍ കൃത്രിമം കാണിച്ചുവെന്നത് ശരിയാണെന്ന് സ്മിത്ത് സമ്മതിച്ചു. ടീം മൊത്തത്തില്‍ ചര്‍ച്ച ചെയ്താണ് പദ്ധതി ആവിഷ്കരിച്ചത്. പ്രതികൂല സാഹചര്യം ഉയര്‍ത്തിയ നിരാശയാണ് ഇതിന് പ്രേരിപ്പിച്ചതെന്നും സ്മിത്ത് പറഞ്ഞു. ആസ്ട്രേലിയന്‍ ക്രിക്കറ്റിന് നാണക്കേടുണ്ടാക്കിയതോടെ വിവാദത്തില്‍ സര്‍ക്കാരും ഇടപെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും സ്ഥാനം രാജിവെച്ചതായി ക്രിക്കറ്റ് ആസ്ട്രേലിയ അറിയിച്ചത്. വിക്കറ്റ് കീപ്പര്‍ ടിം പെയിനാണ് താത്ക്കാലിക ക്യാപ്റ്റന്‍.