LiveTV

Live

Sports

വിജയപരമ്പര തുടര്‍ന്ന് ടീം ഇന്ത്യ

വിജയപരമ്പര തുടര്‍ന്ന് ടീം ഇന്ത്യ
Summary
ശിഖര്‍ ധവാന്റെ(72) ബാറ്റിംങ് മികവിലാണ് ഇന്ത്യ 5ന് 203ലെത്തിയത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 9ന് 175റണ്‍സില്‍ കിതച്ചുവീണു. 

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യക്ക് 28 റണ്‍സിന്റെ വിജയം. ബാറ്റ്‌സ്മാന്മാര്‍ വാണ ജോഹന്നാസ് ബര്‍ഗിലെ പിച്ചില്‍ ശിഖര്‍ ധവാന്റെ(72) ബാറ്റിംങ് മികവിലാണ് ഇന്ത്യ 5ന് 203ലെത്തിയത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 9ന് 175റണ്‍സില്‍ കിതച്ചുവീണു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകള്‍ തകര്‍ത്തത്.

പതിനേഴാം ഓവറിലെ ആദ്യ പന്തില്‍ ഹെന്റിക് (70) പുറത്താകുന്നതുവരെ ദക്ഷിണാഫ്രിക്കയ്ക്ക് നേരിയ പ്രതീക്ഷയെങ്കിലുമുണ്ടായിരുന്നു. അമ്പത് പന്തുകളില്‍ നിന്ന് എട്ട് ഫോറും ഒരു സിക്‌സും അടിച്ച് 70 റണ്‍നേടിയ ഹെന്റിക്‌സായിരുന്നു ദക്ഷിണാഫ്രിക്കയെ മുന്നില്‍ നിന്ന് നയിച്ചത്. ബെഹര്‍ഡെയിനൊപ്പം(39) ചേര്‍ന്ന് നാലാം വിക്കറ്റില്‍ ഹെന്റിക്‌സ് 81 റണ്‍സായിരുന്നു അടിച്ചുകൂട്ടിയത്. നാല് ഓവറില്‍ 39 റണ്‍സ് വിട്ടുകൊടുത്ത ചാഹല്‍ ബെഹര്‍ഡെയിനെ പുറത്താക്കിയതോടെയാണ് ഇന്ത്യന്‍ ക്യാമ്പില്‍ ആശ്വാസം വീണത്. ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിനിടെ ചാഹലിന്റെ പന്തിന്റെ വേഗക്കുറവില്‍ കബളിപ്പിക്കപ്പെട്ട ബെഹര്‍ഡെയിനെ ലോങ് ഓണില്‍ പാണ്ഡെയാണ് പിടികൂടിയത്.

ഭുവനേശ്വര്‍ കുമാറിന്റെ അവസാനത്തെ ഓവറിലാണ് മത്സരം ഇന്ത്യയുടെ നിയന്ത്രണത്തിലായി മാറിയത്. ആദ്യ പന്തില്‍ ഹെന്റിക്‌സ്(50 പന്തില്‍ 70) ടോപ് എഡ്ജ് നല്‍കിയത് ധോണിയുടെ വിശ്വസ്ത കരങ്ങളിലൊതുങ്ങി. നാലാം പന്തില്‍ കൂറ്റനടിക്കാരന്‍ ക്ലാസനെ(8 പന്തില്‍ 16) ലോങ് ഓണില്‍ റെയ്‌ന പിടികൂടി. അഞ്ചാം പന്തില്‍ മോറിസിനെയും റെയ്‌ന പിടികൂടി. ഇത്തവണ അല്‍പം ഭാഗ്യത്തിന്റെ അകമ്പടിയുണ്ടെന്നു മാത്രം. അവസാന പന്തില്‍ പാറ്റേഴ്‌സണെ റണ്ണൗട്ടാക്കി ഇന്ത്യ ടീം ഹാട്രിക് നേടി. അപ്പോഴേക്കും എത്തിപിടിക്കാനാകാത്ത ഉയരത്തിലായിരുന്നു വിജയലക്ഷ്യം.

ഒരു റണ്ണൗട്ടടക്കം നാലുവിക്കറ്റുകളാണ് ഭുവനേശ്വര്‍ കുമാറിന്റെ അവസാന ഓവറില്‍ വീണത്. മൂന്ന് ഓവറില്‍ 19ന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ നിന്നും നാല് ഓവറില്‍ 24ന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് ഭുവിയുടെ ബൗളിംങ് ഫിഗര്‍ മാറി. മിന്നുന്ന ബൗളിംങ് പ്രകടനത്തോടെ ഭുവനേശ്വര്‍ കുമാര്‍ തന്നെയാണ് കളിയിലെ താരമായതും.

നേരത്തെ 39 പന്തില്‍ 72 റണ്ണടിച്ച ധവാന്റെ ബാറ്റിംങ് മികവിലാണ് ഇന്ത്യ 20 ഓവറില്‍ 5ന് 203 റണ്‍സിലെത്തിയത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംങിനയക്കുകയായിരുന്നു. ബാറ്റേന്തിയ ഇന്ത്യക്കാരെല്ലാം ആഞ്ഞടിച്ചതോടെ നിശ്ചിത ഇടവേളകളില്‍ വിക്കറ്റുകള്‍ വീണപ്പോഴും ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചുയര്‍ന്നു. ഫീല്‍ഡിംങ് നിയന്ത്രണമുള്ള പവര്‍പ്ലേയിലെ ആറ് ഓവറില്‍ നിന്നും ഇന്ത്യ അടിച്ചുകൂട്ടിയത് 78 റണ്‍സായിരുന്നു. അപ്പോഴേക്കും രോഹിത് ശര്‍മ്മയേയും(9 പന്തില്‍ 21) സുരേഷ് റെയ്‌നയേയും(7 പന്തില്‍ 15) ഇന്ത്യക്ക് നഷ്ടമായിരുന്നു. ഒരറ്റത്ത് ഉറച്ചു നിന്ന ശിഖര്‍ധവാന്‍ ഇന്ത്യന്‍ സ്‌കോറിംങ് നിരക്ക് താഴാതെ കാത്തു. ഇന്ത്യന്‍ സ്‌കോര്‍ 14.4 ഓവറില്‍ 155 റണ്ണിലെത്തിച്ച ശേഷമാണ് ധവാന്‍ മടങ്ങിയത്. ഫെലുക്‌വായേയുടെ വേഗത കുറഞ്ഞപന്തില്‍ സ്‌കൂപ്പിന് ശ്രമിച്ച ധവാന്റെ ഷോട്ട് കീപ്പറുടെ കൈകളിലൊതുങ്ങി.

വിരാട് കോഹ്ലി(20 പന്തില്‍ 26) മനീഷ് പാണ്ഡെ(27 പന്തില്‍ 29*), ധോണി(11 പന്തില്‍ 16), പാണ്ഡ്യെ(7 പന്തില്‍ 13*) എന്നിങ്ങനെ ബാറ്റിംങിനിറങ്ങിയ എല്ലാവരും പന്തിനേക്കാള്‍ കൂടുതല്‍ റണ്‍സ് കണ്ടെത്തി. എല്ലാ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരും ഇന്ത്യന്‍ ബാറ്റിംങിന്റെ ചൂടറിഞ്ഞു. രണ്ട് വിക്കറ്റ് നേടിയ ഡാല നാല് ഓവറില്‍ 47 റണ്‍സാണ് വിട്ടുകൊടുത്തത്.