ഇന്ത്യക്കെതിരായ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്ക് ഡിവില്ലിയേഴ്സ് ഇല്ല
ടെസ്റ്റ് പരമ്പര വിജയത്തിന് പിന്നാലെ ഏകദിന പരമ്പരക്കൊരുങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി. സ്റ്റാര്‍ ബാറ്റ്സ്മാന് എബി ഡിവില്ലിയേഴ്സ് ഇന്ത്യക്കെതിരായ ആദ്യ മൂന്ന് ഏകദിനങ്ങള്ക്കുണ്ടാവില്ല. കൈവിരലിനേറ്റ പരിക്കാണ് താരത്തിന് വിശ്രമം അനിവാര്യമാക്കിയത്. രണ്ടാഴ്ചയോളം വിശ്രമം വേണ്ടിവരുമെന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഫിസിയോ അറിയിക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ പരിക്ക് ഭേദമാവുമെന്നും നാലാം ഏകദിനത്തിന് ഡിവില്ലിയേഴ്സിന് കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഫിസിയോ വ്യക്തമാക്കി.

അതിനാല്‍ തന്നെ ഡിവില്ലിയേഴ്സിനെ പകരക്കാരെ ദക്ഷിണാഫ്രിക്ക തീരുമാനിച്ചിട്ടില്ല. മൂന്നാം ടെസ്റ്റിനിടെയാണ് ഡിവില്ലിയേഴ്സിന് പരിക്കേല്‍ക്കുന്നത്. ആ ടെസ്റ്റില്‍ ഡിവില്ലിയേഴ്സിന് തിളങ്ങാനായിരുന്നില്ല. ആറ് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കളിക്കാനുള്ളത്. ആദ്യ ഏകദിനം ഫെബ്രുവരി ഒന്നിന് നടക്കും. ടെസ്റ്റ് പരമ്പര 2-1ന് കൈവിട്ടതിനാല്‍ ഏകദിനത്തില്‍ കണക്ക് തീര്‍ക്കാനാവും കോഹ്ലിയുടെയും സംഘത്തിന്റെയും ശ്രമം.