LiveTV

Live

Sports

ശ്രീലങ്കക്ക് ലോകകപ്പ് നേടിക്കൊടുത്ത വാട്‍മോര്‍ കേരളത്തിന് രഞ്ജി സമ്മാനിക്കുമോ?

ശ്രീലങ്കക്ക് ലോകകപ്പ് നേടിക്കൊടുത്ത വാട്‍മോര്‍ കേരളത്തിന് രഞ്ജി സമ്മാനിക്കുമോ?
Summary
വാട്മോറിന്റെ വരവോടെ രഞ്ജിയില്‍ കേരളത്തിന് പുതുജീവനാണ് ലഭിച്ചത്.

കേരളത്തിന്റെ രഞ്ജി പ്രകടനത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് പരിശീലകന്‍ ഡേവ് വാട്മോറായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രമുഖ ടീമുകളെ പരിശീലിപ്പിച്ചതിന്റെ പരിചയസമ്പത്ത് കേരളത്തിന്റെ പ്രകടനത്തെയും സഹായിച്ചു. മുന്‍ ആസ്ത്രേലിയന്‍ താരവും വിഖ്യാത പരിശീലകനുമായ വാട്മോര്‍ കേരളം പോലുള്ള ചെറിയ ഒരു ടീമിനെ പരിശീലിപ്പിക്കാനെത്തിയത് തന്നെ വലിയ കാര്യമായിരുന്നു. 1996 ല്‍ ശ്രീലങ്കയെ ലോകകപ്പ് ജേതാക്കളാക്കിയതും ബംഗ്ലാദേശിന് മികച്ച ജയങ്ങള്‍ സമ്മാനിക്കുകയും ചെയ്ത വാട്മോര്‍ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്‍സിനെയും പരിശീലിപ്പിച്ചാണ് കേരളത്തിലെത്തിയത്. സെപ്തംബര്‍ മുതല്‍ രഞ്ജി കഴിയുന്ന ഫെബ്രുവരിയുള്ള ആറ് മാസത്തേക്കാണ് കെ.സി.എ വാട്മോറുമായി കരാറിലെത്തിയിരുന്നത്.

വാട്മോറിന്റെ വരവോടെ രഞ്ജിയില്‍ കേരളത്തിന് പുതുജീവനാണ് ലഭിച്ചത്. മുന്‍ സീസണുകളില്‍ നേരിട്ട പരാജയവും സമനിലകളും മറികടന്ന് ഇത്തവണ മികച്ച ജയം നേടാന്‍ അദ്ദേഹം ടീമിനെ പ്രാപ്തമാക്കി. ഗുജറാത്തും സൌരാഷ്ട്രയും ഉള്‍പ്പെടുന്ന മരണഗ്രൂപ്പില്‍ നിന്ന് കേരളം ക്വാര്‍ട്ടറിലെത്തിയതോടെ അദ്ദേഹത്തിന്റെ സാന്നിധ്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് മനസിലായി. താരങ്ങളെ ഒത്തിണക്കത്തോടെ കൊണ്ടുപോകാനും അവസരങ്ങള്‍ നല്‍കാനും അദ്ദേഹം തയ്യാറായി.

ജലജ് സക്സേന എന്ന ഓള്‍റൌണ്ടരെ വായ്പാ അടിസ്ഥാനത്തിലെത്തിച്ച് മികച്ച് പ്രകടനം സമ്മാനിച്ചു. ആറ് മത്സരങ്ങളില് നിന്ന് 38 വിക്കറ്റും 482 റണ്‍സുമാണ് ഈ ഔള്‍റൌണ്ടര്‍ സക്സേന സ്വന്തമാക്കിയത്. സഞ്ജു വീണ്ടും മികച്ച ഫോമിലേക്കുയര്‍ന്നതും ബേസില്‍ തമ്പിയുടെയും രോഹന്‍ പ്രേമിന്റെയുമെല്ലാം പ്രകടനവും വാട്മോറിന്റെ പരിശീലനത്തിന്റെ മികവ് തന്നെയായിരുന്നു. അദ്ദേഹത്തിന് കീഴില്‍ വരുംമത്സരങ്ങളെ പ്രതീക്ഷയോടെ കേരളം നോക്കിക്കാണുന്നത്.