LiveTV

Live

Sports

തിരുവനന്തപുരത്തെ ഇന്ത്യ-ന്യൂസിലാന്റ് ടി-20; ടിക്കറ്റ് കിട്ടാതെ നാട്ടുകാര്‍ നെട്ടോട്ടത്തില്‍

തിരുവനന്തപുരത്തെ ഇന്ത്യ-ന്യൂസിലാന്റ് ടി-20; ടിക്കറ്റ് കിട്ടാതെ നാട്ടുകാര്‍ നെട്ടോട്ടത്തില്‍
Summary
നവംബര്‍ ഏഴിലെ മത്സരത്തിന് ഇതുവരെ എത്ര ടിക്കറ്റ് വിറ്റെന്ന് ചോദിച്ചാല്‍ കെ സി എക്ക് ഉത്തരമില്ല.

നവംബര്‍ ഏഴിലെ ട്വന്‍റി-20 ക്രിക്കറ്റ് മത്സരത്തിന് ടിക്കറ്റ് കിട്ടാതെ ആരാധകര്‍ നെട്ടോട്ടത്തില്‍. ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്നെന്നാണ് കെ.സി.എയുടെ വാദം. എന്നാല്‍ ഇതുവരെ ആകെ എത്ര ടിക്കറ്റ് വിറ്റുവെന്ന് വ്യക്തമാക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തയ്യാറാകുന്നില്ല. നവംബര്‍ ഏഴിലെ മത്സരത്തിന് ഇതുവരെ എത്ര ടിക്കറ്റ് വിറ്റെന്ന് ചോദിച്ചാല്‍ കെ സി എക്ക് ഉത്തരമില്ല. 25000 ടിക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് വില്‍ക്കുമെന്നായിരുന്നു ടിക്കറ്റ് വില്‍പനയുടെ ആദ്യ ഘട്ടത്തില്‍ കെ എസി എ അറിയിച്ചിരുന്നത്. 13000 ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി വിറ്റെന്ന് ആദ്യം പറഞ്ഞു.

ഇന്നലെ ഫെഡറല്‍ ബാങ്കുകളുടെ 8 കൌണ്ടറുകള്‍ വഴി അയ്യായിരത്തിലധികം ടിക്കറ്റുകള്‍ നേരിട്ട് വിറ്റെന്നാണ് അവകാശവാദം.എന്നാല്‍ ഓരോ ശാഖകളിലും നൂറ് ടിക്കറ്റ് പോലും വിറ്റഴിഞ്ഞില്ല. അതിന് മുമ്പ് ടിക്കറ്റ് തീര്‍ന്നെന്ന് അറിയിപ്പ്. അതിരാവിലെ മുതല്‍ ബാങ്കിന് മുന്നില്‍ ക്യൂ നിന്ന ക്രിക്കറ്റ് പ്രേമികള്‍ നിരാശരായി. പിന്നെ ടിക്കറ്റുകളൊക്കെ എവിടെപ്പോയി. ആകെ അന്പത് ശതമാനം ടിക്കറ്റുകള്‍ മാത്രം വില്‍പനക്ക് വെച്ചിട്ട് പോലും അത് മുഴുവന്‍ പൊതു ജനങ്ങളി ലേക്കെ ത്തിയിട്ടില്ലെന്ന് വ്യക്തം. ടിക്കറ്റ് വിതരണം സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ഇതുവരെ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തുവിട്ടിട്ടുമില്ല.

ഇതോടെ ടിക്കറ്റുകള്‍ ഇടനിലക്കാര്‍ക്ക് നല്‍കിയെന്ന സംശയമാണ് ഉയരുന്നത്. പുറത്ത് ടിക്കറ്റ് വില്പന നടത്തുന്നതിനു മുമ്പേ ചിലരുടെ കൈവശം ടിക്കറ്റുകള്‍ എത്തിച്ചേര്‍ന്നതായ ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഗാലറി കപ്പാസിറ്റിയുടെ കാര്യത്തിലും കെ സി എ മലക്കം മറിഞ്ഞു. ആദ്യം 50000 എന്ന് അറിയിച്ചിടത്ത് ഇപ്പോള്‍ പറയുന്നത് 40000 എന്നും.