LiveTV

Live

Sports

ആ ഓട്ടോക്കാരന്റെ മകന്‍ ടീം ഇന്ത്യയിലേക്ക്

ആ ഓട്ടോക്കാരന്റെ മകന്‍ ടീം ഇന്ത്യയിലേക്ക്
Summary
ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലേക്കാണ് സിറാജിന് സെലക്ഷന്‍

മുഹമ്മദ് സിറാജ്, കഴിഞ്ഞ ഐ.പി.എല്ലിലാണ് ക്രിക്കറ്റ് ലോകത്തേക്ക് ഈ പേര് കേള്‍ക്കുന്നത്. നാട്ടുകാരന്‍ കൂടിയായ ഒരു ബൗളറെ 2.6 കോടി കൊടുത്ത് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയപ്പോള്‍ ഏവരും ഒന്ന് അമ്പരന്നു. അതിന് മാത്രം എന്തിരിക്കുന്നു സിറാജിലെന്ന്. അതും പേരും പ്രതിഭാവിലാസവുമുള്ള ഒരുപിടി താരങ്ങള്‍ ഐ.പി.എല്‍ വിളികാത്ത് പുറത്തിരിക്കുമ്പോള്‍. ഐ.പി.എല്‍ കഴിഞ്ഞ് മാസങ്ങള്‍ക്കിപ്പുറം ആ ബൗളറെ ടീം ഇന്ത്യയും ക്ഷണിച്ചിരിക്കുന്നു. ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലേക്കാണ് സിറാജിന് സെലക്ഷന്‍. കോടിത്തിളക്കത്തിന്റെ മിന്നലാട്ടം സിറാജ് ഐ.പിഎല്ലില്‍ തന്നെ പ്രകടിപ്പിച്ചിരുന്നു. ആറ് മത്സരങ്ങളില്‍ പന്തെറിഞ്ഞ സിറാജ് പത്ത് വിക്കറ്റ് വീഴ്ത്തി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

അതില്‍ ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തിലെ നാലു വിക്കറ്റ് പ്രകടനം ശ്രദ്ധേയമായിരുന്നു. ടൂര്‍ണമെന്റ് കഴിഞ്ഞപ്പോള്‍ തന്നെ ക്രിക്കറ്റ് വിലയിരുത്തലുകാര്‍ പറഞ്ഞതാണ്, ഇയാള്‍ രാജ്യത്തിന് വേണ്ടി കളിക്കുമെന്ന്. ഏഴാം വയസ്സില്‍ തുടങ്ങിയതാണ് സിറാജിന് ക്രിക്കറ്റിനോടുള്ള മുഹബ്ബത്ത്. ഗലി ക്രിക്കറ്റായിരുന്നു തുടക്കം. മകന്റെ താല്‍പര്യം കണ്ട് ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ക്കാനൊന്നും ഓട്ടോ ഡ്രൈവറായ സിറാജിന്റെ പിതാവിന് കഴിയില്ലായിരുന്നു. അന്നന്നത്തെ അന്നത്തിന് വേണ്ടി പണിയെടുക്കുന്നവരായിരുന്നു അവര്‍. ഈ പരിമിതി സിറാജിനും അറിയാമായിരുന്നു. സ്വയം വളര്‍ന്നവന്‍. പെരുമ പറയാന്‍ ബാല്യകാല പരിശീലകന്മാരൊന്നുമില്ല.

ആ ഓട്ടോക്കാരന്റെ മകന്‍ ടീം ഇന്ത്യയിലേക്ക്

കിട്ടുന്ന അവസരങ്ങളെല്ലാം സിറാജ് മുതലെടുത്തു. ടെന്നീസ് ബോളില്‍ തിളങ്ങിയ സിറാജിന് ഹൈദരാബാദ് അണ്ടര്‍ 23 ടീമിന് വേണ്ടി കളിക്കാനാണ് ആദ്യം അവസരം ലഭിച്ചത്. ആദ്യ ബ്രേക്ക് അതിലേക്കുള്ള അവസരമായിരുന്നു. പിന്നാലെ രഞ്ജി ട്രോഫിയിലും അവസരം ലഭിച്ചു. 41 വിക്കറ്റുകളുമായി സിറാജ് തിളങ്ങി. ഈ പ്രകടനമാണ് ഐ.പിഎല്ലിലെത്തിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യന്‍ എയിലും ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യന്‍ എടീമിലും സിറാജ് ഇടം കണ്ടെത്തി. രണ്ടിലുമായി പതിനാല് വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്.

എനിക്കറിയാമായിരുന്നു ഒരുനാള്‍ ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിക്കുമെന്ന്, എന്നാല്‍ അത് ഇത്രപെട്ടെന്നാവുമെന്ന് കരുതിയില്ല, എന്റെ സന്തോഷം എനിക്ക് പറഞ്ഞറിയിക്കാനാവുന്നില്ല, അവസരം ലഭിച്ച കാര്യം മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അവര്‍ക്കും വാക്കുകളില്ലായിരുന്നു. സിറാജ് പറയുന്നു.

ഞാനിന്ന് എന്താണോ, രഞ്ജി ട്രോഫിയിലെ പ്രകടനമാണ് അതിന് പിന്നില്‍. രഞ്ജി ട്രോഫിയിലെ പ്രകടനം എന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തന്റെ പരിശീലകനായ ഭാരത് അരുണിനോടുള്ള കടപ്പാടും സിറാജ് പ്രകടിപ്പിച്ചു.