LiveTV

Live

Sports

കുല്‍ദീപിന് ഹാട്രിക്, ഇന്ത്യക്ക് 50 റണ്‍ ജയം

കുല്‍ദീപിന് ഹാട്രിക്, ഇന്ത്യക്ക് 50 റണ്‍ ജയം
Summary
ഇന്ത്യ ഉയര്‍ത്തിയ 253 റണ്ണിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് സ്‌കോര്‍ 43.1 ഓവറില്‍ 202 റണ്ണില്‍ അവസാനിച്ചു.

ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനത്തിന് മുന്നില്‍ ആസ്‌ത്രേലിയ നിലതെറ്റിയപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 50 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 253 റണ്ണിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് സ്‌കോര്‍ 43.1 ഓവറില്‍ 202 റണ്ണില്‍ അവസാനിച്ചു. ചൈനമാന്‍ ബൗളര്‍ കുല്‍ദീപ് യാദവ് ഹാട്രിക് നേടി. ഭുവനേശ്വര്‍ കുമാര്‍ മൂന്നും ചഹാലും പാണ്ഡ്യയും രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.

താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ആസ്‌ത്രേലിയക്ക് ആറ് ഓവറില്‍ ഒമ്പത് റണ്‍ മാത്രം വിട്ടുകൊടുത്ത് ഓപണര്‍മാരുടെ വിക്കറ്റുകള്‍ നേടിയ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനമാണ് തലവേദനയായത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ 74 റണ്‍ കൂട്ടിച്ചേര്‍ത്ത് ഹെഡും(39) സ്മിത്തും ഓസീസ് ഇന്നിംങ്‌സിന് സ്ഥിരത സമ്മാനിച്ചു. ഹെഡിനേയും അപകടകാരിയായ മാക്‌സ്‌വെലിനേയും(14) ചഹാല്‍ മടക്കി.

കുല്‍ദീപിന് ഹാട്രിക്, ഇന്ത്യക്ക് 50 റണ്‍ ജയം

ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്(59) കൂടി പുറത്തായതോടെയാണ് ഓസീസ് ഇന്നിംങ്‌സിന്റെ താളം തെറ്റിയത്. പാണ്ഡ്യയുടെ പന്തില്‍ പകരക്കാരനായി ഫീല്‍ഡിംങിനിറങ്ങിയ ജഡേജ ഒന്നാന്തരമൊരു കാച്ചിലൂടെയാണ് സ്മിത്തിനെ മടക്കിയത്. 76 പന്തില്‍ എട്ട് ഫോറുകളുടെ ബലത്തില്‍ 59 റണ്‍ കുറിച്ച ശേഷമാണ് സ്മിത്ത് മടങ്ങിയത്.

മുപ്പത്തിമൂന്നാം ഓവറിലാണ് ചൈനമാന്‍ ബൗളര്‍ കുല്‍ദീപ് യാദവ് ആഞ്ഞടിച്ചത്. 5ന് 148 എന്ന നിലയില്‍ നിന്നും 8ന് 148 എന്ന നിലയിലേക്ക് കുല്‍ദീപ് ഓസീസ് ഇന്നിംങ്‌സിനെ കൂപ്പുകുത്തിച്ചു. വേഡിന്റെ(2) കുറ്റി തെറിപ്പിച്ച് ആരംഭിച്ച കുല്‍ദീപ് അഗാറിനെ ഗൂഗ്ളിയിലൂടെ വിക്കറ്റിന് മുന്നില്‍ കുരുക്കി. തൊട്ടടുത്ത പന്തില്‍ കുമ്മിന്‍സിനെ ധോണിയുടെ കൈകളിലെത്തിച്ച് കുല്‍ദീപ് ഹാട്രിക് പൂര്‍ത്തിയാക്കി. ഏകദിനത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് കുല്‍ദീപ് യാദവ്.

ഒരറ്റത്ത് അര്‍ധസെഞ്ചുറിയുമായി മധ്യനിരക്കാരന്‍ സ്റ്റോയിണിസ്(62) നങ്കൂരമിട്ടു നിന്നെങ്കിലും വാലറ്റത്തില്‍ നിന്നും പിന്തുണ ലഭിച്ചില്ല. 20 റണ്ണിന്റെ അവസാന വിക്കറ്റ് കൂട്ടുകെട്ട് രണ്ടാം സ്‌പെല്ലിലെ ആദ്യ പന്തില്‍ തകര്‍ത്ത് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

നേരത്തെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഇന്ത്യ 252 റണ്‍സിന് ഓള്‍ ഔട്ടായി. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും(92) ഓപണര്‍ രഹാനെയു(55)മാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ഓസീസ് ബൗളര്‍മാരായ കോള്‍ട്ടര്‍ നൈലും കെയ്ന്‍ റിച്ചാഡ്‌സണും മൂന്ന് വിക്കറ്റ് വീതം നേടി.

രോഹിത് ശര്‍മ്മ(7) നേരത്തെ മടങ്ങിയെങ്കിലും രണ്ടാംവിക്കറ്റില്‍ കോഹ്ലിയും രഹാനെയും ചേര്‍ന്ന് 102 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തു. ഇരുപത്തി നാലാം ഓവറില്‍ രഹാനെ(55) റണ്ണൗട്ടായതോടെയാണ് ഇന്ത്യന്‍ സ്‌കോറിംങിന് താളം നഷ്ടമാകുന്നത്. മനീഷ് പാണ്ഡെ(3) അഗാറിന് വിക്കറ്റ് നല്‍കി വന്ന പോലെ പോയി. കേദാര്‍ ജാദവ്(24) കോഹ്ലിയുമായി സ്കോറിംങിന് വേഗത കൂട്ടാന്‍ ശ്രമിച്ചെങ്കിലും പച്ച പിടിക്കും മുമ്പ് നൈലിന്റെ പന്തില്‍ മാക്‌സ്‌വെല്ലിന്റെ കയ്യിലൊതുങ്ങി.

സെഞ്ചുറിക്ക് എട്ട് റണ്ണകലെ വെച്ച് ക്യാപ്റ്റന്‍ കോഹ്ലിയും(107 പന്തില്‍ 92) നിലയുറപ്പിക്കും മുമ്പേ ധോണിയും(5) മടങ്ങിയതോടെ ഇന്ത്യ അപകടം മണത്തു. പിന്നീട് ഹാര്‍ദിക് പാണ്ഡ്യ(20)യും ഭുവനേശ്വര്‍ കുമാറും(20) ചേര്‍ന്നാണ് ടീം സ്‌കോര്‍ 250 കടത്തുന്നത്. ഇതിനിടെ നാല്‍പ്പത്തെട്ടാം ഓവറില്‍ മഴയെത്തിയതോടെ അല്‍പസമയം മത്സരം തടസപ്പെടുകയും ചെയ്തു.