LiveTV

Live

Sports

ചരിത്രത്തിലേക്കൊരു സ്റ്റമ്പിങ് കൂടി: ധോണിയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ്  

ചരിത്രത്തിലേക്കൊരു സ്റ്റമ്പിങ് കൂടി: ധോണിയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ്  
Summary
മഹേന്ദ്ര സിങ് ധോണിയെ കാത്തിരിക്കുന്നതൊരു റെക്കോര്‍ഡ്.

മഹേന്ദ്ര സിങ് ധോണിയെ കാത്തിരിക്കുന്നതൊരു റെക്കോര്‍ഡ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റമ്പിങ് ചെയ്ത താരമെന്ന നേട്ടം സ്വന്തമാക്കാന്‍ ധോണിക്ക് വേണ്ടത് ഒരോയൊരു ഇര മാത്രം. പല്ലക്കലയില്‍ ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന രണ്ടാം ഏകദിനത്തിലാണ് ധോണി ഏറ്റവും കൂടുതല്‍ പേരെ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കിയെന്ന ലങ്കയുടെ തന്നെ മുന്‍ താരം കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡിനൊപ്പമെത്തിയത്. രണ്ട് പേര്‍ക്കും 99 സ്റ്റമ്പിങ് വീതമാണ്. സംഗ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ ധോണിക്ക് വെല്ലുവിളികളൊന്നും ഇല്ല. എന്നാല്‍ 99 സ്റ്റമ്പിങ് കുറഞ്ഞ മാച്ചുകള്‍ക്കുള്ളിലാണ് എന്നത് ധോണിയുടെ നേട്ടത്തിന് തിളക്കമേറ്റുന്നു.

404 ഏകദിനങ്ങളില്‍ നിന്നാണ് സംഗക്കാരയുടെ നേട്ടം. അത്രയും സ്റ്റമ്പിങ്ങിന് ധോണിക്ക് വേണ്ടി വന്നത് 298 ഏകദിനങ്ങള്‍ മാത്രം. ഇന്നത്തെ മത്സരത്തില്‍ ധനുഷ്‌ക ഗുണതിലകയെ പുറത്താക്കിയാണ് ധോണി റെക്കോര്‍ഡ് നേട്ടത്തിനടുത്ത് എത്തിയത്. യൂസ് വേന്ദ്ര ചാഹലിനായിരുന്നു വിക്കറ്റ്. ചാഹലിനെ കയറി അടിക്കാനുള്ള ഗുണതിലകയുടെ ശ്രമം പാളി. ബീറ്റ് ചെയ്ത പന്ത് ധോണിയുടെ അടുത്തേക്ക്. ആദ്യ ശ്രമത്തില്‍ കൈപിടിയില്‍ നിന്ന് വഴുതിയെങ്കിലും രണ്ടാം ശ്രമത്തില്‍ പിഴവുകളൊന്നും കൂടാതെ വിക്കറ്റ് ഇളക്കി. മൂന്ന് ഏകദിനങ്ങള്‍ ഇനിയുമുള്ളതിനാല്‍ ഈ പരമ്പരയില്‍ തന്നെ ധോണിക്ക് റെക്കോര്‍ഡ് സൃഷ്ടിക്കാനാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.