LiveTV

Live

Sports

നെയ്‍മര്‍ പറഞ്ഞു... 'ഗുഡ്‍ബൈ ബാഴ്‍സ'; പരിശീലനത്തില്‍ പങ്കെടുത്തില്ല

നെയ്‍മര്‍ പറഞ്ഞു... 'ഗുഡ്‍ബൈ ബാഴ്‍സ'; പരിശീലനത്തില്‍ പങ്കെടുത്തില്ല
Summary
ബാഴ്‍സലോണ ആരാധകരുടെ നെഞ്ച് തകര്‍ത്ത് ബ്രസീലിയന്‍ താരം നെയ്‍മര്‍ ക്ലബ്ബ് വിടുന്നു.

ബാഴ്‍സലോണ ആരാധകരുടെ നെഞ്ച് തകര്‍ത്ത് ബ്രസീലിയന്‍ താരം നെയ്‍മര്‍ ക്ലബ്ബ് വിടുന്നു. ബാഴ്സയില്‍ നിന്ന് നെയ്‍മര്‍ വിടവാങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് ഏറെക്കുറെ സ്ഥിരീകരണം ലഭിച്ചു കഴിഞ്ഞു. ബാഴ്സയിലെ സഹതാരങ്ങളോട് നെയ്‍മര്‍ ഗുഡ്ബൈ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. പിഎസ്‍ജിയിലേക്കായിരിക്കും നെയ്‍മറിന്റെ കൂടുമാറ്റം. പിഎസ്‍ജിയുമായുള്ള കരാറിലേക്ക് ഇനി കുറച്ച് ദൂരം മാത്രമാണുള്ളത്. താരം ക്ലബ്ബ് വിടാന്‍ ഉറപ്പിച്ചതോടെ നെയ്‍മറിന് ബാഴ്‍സയിലെ സഹതാരങ്ങള്‍ക്കൊപ്പം ബുധനാഴ്ച പരിശീലനത്തില്‍ ഏര്‍പ്പെടാന്‍ മാനേജര്‍ അനുമതി നല്‍കിയില്ല.

നെയ്‍മര്‍ പറഞ്ഞു... 'ഗുഡ്‍ബൈ ബാഴ്‍സ'; പരിശീലനത്തില്‍ പങ്കെടുത്തില്ല

പിഎസ്ജിയിലേക്ക് മാറുന്നതിന് മുന്നോടിയായുള്ള വൈദ്യപരിശോധനയുടെ ഭാഗമായി നെയ്മര്‍ ഖത്തറിലായിരുന്നു. ചൊവ്വാഴ്ചയാണ് താരം കാറ്റലോണിയയില്‍ എത്തിയത്. ബുധനാഴ്ച മുതല്‍ ബാഴ്സയില്‍ നെയ്മ‍ര്‍ പരിശീലനം പുനരാരംഭിക്കുമെന്ന് ആയിരുന്നു റിപ്പോര്‍ട്ടുകള്‍. താരം ക്ലബ്ബ് വിടില്ലെന്നും അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ നെയ്‍മര്‍ പിഎസ്‍ജിയിലേക്ക് മാറുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ ബാഴ്‍സ മാനേജര്‍, താരത്തിന് പരിശീലനത്തിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. ഇക്കാര്യം ബാഴ്‍സയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ''ഇന്ന് താരം പരിശീലനത്തിന് എത്തും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇതിനിടെയാണ് സഹതാരങ്ങളോട് നെയ്‍മര്‍ ഗുഡ്ബൈ പറഞ്ഞത്. ഇത് മനസിലാക്കിയ ബാഴ്‍സ മാനേജര്‍ നെയ്‍മറോട് പരിശീലനത്തിന് ഇറങ്ങേണ്ടെന്ന് നിര്‍ദേശിക്കുയായിരുന്നു'' - ബാഴ്‍സ വക്താവ് പറഞ്ഞു.

22 കോടി യൂറോയാണ് നെയ്മര്‍ക്കായി പിഎസ്ജി മാറ്റിവെച്ചിരിക്കുന്നത്. ഇത് സാധ്യമായാല്‍ ലോകത്തെ ഏറ്റവും വിലകൂടിയ ക്ലബ്ബ് മാറ്റത്തിനാകും സാക്ഷിയാകുക. 2016 ല്‍ യുവന്റസില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ പോള്‍ പോഗ്ബയാണ് നിലവില്‍ മൂല്യമേറിയ താരം. 10 കോടി 50 ലക്ഷം യൂറോയായിരുന്നു അത് പോഗ്ബയെ സ്വന്തമാക്കാന്‍ യുണൈറ്റഡ് നല്‍കിയത്. രണ്ടാം സ്ഥാനത്ത് റയല്‍ മാഡ്രിഡിന്റെ ഗാരത് ബെയ്ല്‍ ആണ്. 2013 ല്‍ ബെയ്‍ല്‍ ടോട്ടനത്തില്‍ നിന്ന് റയലിലെത്തിയത് പത്ത് കോടി യൂറോക്കായിരുന്നു. 9.40 കോടിക്ക് റയലിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മൂന്നാമത്. യുവന്റസിന്റെ ഗോണ്‍സാലോ ഹിഗ്വെയന്‍ നാലാമതാണ്. 8 കോടി അറുപത് ലക്ഷം യൂറോക്ക് ബാഴ്സയുമായി 2013 ല്‍ കരാറിലെത്തിയ നെയ്മര്‍ തന്നെയാണ് അഞ്ചാമത്.