LiveTV

Live

Sports

വേദനിച്ചെന്ന് സച്ചിനും ഗാംഗുലിയും ലക്ഷ്മണും; സഹീറിന്‍റെ നിയമനത്തില്‍ വ്യക്തത വരുത്തി ബിസിസിഐ

 വേദനിച്ചെന്ന് സച്ചിനും ഗാംഗുലിയും ലക്ഷ്മണും; സഹീറിന്‍റെ നിയമനത്തില്‍ വ്യക്തത വരുത്തി ബിസിസിഐ
Summary
 സഹീര്‍ ബൌളിങ് കണ്‍സല്‍ട്ടന്‍റും വിദേശപര്യടനങ്ങളില്‍ ദ്രാവിഡ് ബാറ്റിങ് കണ്‍സല്‍ട്ടെന്‍റുമായിരിക്കുമെന്ന് ബിസിസിഐയുടെ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.... ടീമിന് ആവശ്യമുള്ളപ്പോള്‍ മാത്രമാകും ഇവരുടെ സേവനം.


ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള വിവാദങ്ങള്‍ തങ്ങളെ വേദനിപ്പിച്ചെന്നും കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ട് ഉപദേശക സമിതിയംഗങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൌരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി അധ്യക്ഷനായ വിനോദ് റായ്കക്ക് കത്തയച്ചു. ടീമിന്‍റെ ബൌളിങ് പരിശീലകനായി സഹീര്‍ഖാനെയും വിദേശപര്യടനങ്ങളില്‍ ബാറ്റിങ് ഉപദേശകനായി രാഹുല്‍ ദ്രാവിഡിനെയും നിയമിക്കാനുള്ള തീരുമാനത്തെച്ചൊല്ലി ഉയര്‍ന്ന ആരോപണങ്ങളാണ് മൂവരെയും കത്തെഴുതാന്‍ പ്രേരിപ്പിച്ചിട്ടുള്ളത്. മുഖ്യ പരിശീകന്‍ രവി ശാസ്ത്രിയുടെ അഭിപ്രായം കണക്കിലെടുക്കാതെ ദ്രാവിഡിനെയും സഹീറിനെയും അടിച്ചേല്‍പ്പിക്കുകയായിരുനെന്നും ഇക്കാര്യത്തില്‍ അധികാര പരിധി ലംഘിക്കുന്ന നടപടിയാണ് ഉപദേശക സമിതിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നുമുള്ള ആരോപണം അത്യന്തം വേദനാജനകമാണെന്ന് മൂവര്‍ സംഘം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പരിശീലകനെ നിശ്ചയിക്കാന്‍ പരിപൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നാണ് തങ്ങള്‍ക്ക് നല്‍കിയിരുന്ന വാഗ്ദാനമെന്നും അഭിമുഖം കഴിഞ്ഞയുടന്‍ എല്ലാ വിവരങ്ങളും ഫോണിലൂടെ അറിയിച്ചിരുന്നതാണെന്നും വിനോദ് റായ്യെ സംഘം ഓര്‍മ്മപ്പെടുത്തുന്നു. ഭരത് അരുണിനെ ബൌളിങ് പരിശീലകനായി വേണമെന്ന ശാസ്ത്രിയുടെ ആവശ്യം നിരാകരിച്ചാണ് സഹീറിന് അവസരം നല്‍കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ശാസ്ത്രിയുമായി സച്ചിന്‍ സംസാരിച്ചിരുന്നുവെന്നും അതിനാലാണ് പ്രഖ്യാപനത്തിന് കൂടുതല്‍ സമയം ചോദിച്ചിരുന്നതെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു.

മൂവര്‍ സംഘം പരാതി പറഞ്ഞതോടെ വിവാദത്തില്‍ വ്യക്തത വരുത്തി ബിസിസിഐ രംഗതെത്തി. സഹീര്‍ ബൌളിങ് കണ്‍സല്‍ട്ടന്‍റും വിദേശപര്യടനങ്ങളില്‍ ദ്രാവിഡ് ബാറ്റിങ് കണ്‍സല്‍ട്ടെന്‍റുമായിരിക്കുമെന്ന് ബിസിസിഐയുടെ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.