ധോണിക്ക് ലഭിച്ച ആനുകൂല്യം ടീം സെലക്ഷനില്‍ തനിക്ക് കിട്ടുന്നില്ലെന്ന് ഹര്ഭജന്

ടീം സെലക്ഷന് സമയത്ത് ധോണിക്ക് ലഭിക്കുന്ന തരത്തിലുള്ള ആനുകൂല്യങ്ങള്‍ തനിക്ക് ലഭിക്കുന്നില്ലെന്ന് സ്പിന്നര്‍ ഹര്ഭജന് സിങ്. ഐ.പി.എല്ലില്‍ ബാറ്റ് കൊണ്ട് അതികം തിളങ്ങാനായില്ലെങ്കിലും ധോണിക്ക് ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്ക് അവസരം ലഭിച്ചതിനെപ്പറ്റിയായിരുന്നു ഹര്‍ഭജന്റെ പ്രസ്താവന. ബാറ്റിങ് മാത്രമല്ല മറ്റു പല കാര്യങ്ങളിലൂടെയും ധോണിക്ക് ടീമിനെ മുന്നിലെത്തിക്കാനാവുമെന്നാണ് സെലക്ഷന് കമ്മിറ്റി ചെയര്മാന് എം.എസ്.കെ പ്രസാദ് ടീം പ്രഖ്യാപനത്തിന് ശേഷം പറഞ്ഞത്.
ബാറ്റിങ്ങിന് പുറമെ മറ്റു പല കാര്യങ്ങള്‍കൊണ്ടും ടീമിനെ ജയിപ്പിക്കാന്‍ അദ്ദേഹത്തിനാവുമെന്നതില് ഒരു സംശയവുമില്ല, കളിയെ വിലയിരുത്തുന്നതില്‍ ധോണിക്ക് അപാരമായ സിദ്ധിയുണ്ട്, ചാമ്പ്യന്‍സ്ട്രോഫി പോലുള്ള വലിയ ടൂര്‍ണമെന്റില്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കുന്നതിന് യുവതാരങ്ങളെ വളര്‍ത്താനും അദ്ദേഹത്തിനാവുമെന്നും ഹര്ഭജന് പറഞ്ഞു. ഇനി എന്നിലേക്ക് വരികയാണെങ്കില്‍ അത്തരത്തിലുള്ള ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല,
നീണ്ട കാലം ഞങ്ങളും ഒരുമിച്ച് കളിച്ചിട്ടുണ്ട്, അതില്‍ ജയവും തോല്‍വിയുമുണ്ടായി, രണ്ട് ലോകകപ്പ് വിജയങ്ങളില്‍ ഞാനും പങ്കാളിയായി, എന്നാല്‍ ആനുകൂല്യം ലഭിക്കുന്നത് ചിലയാളുകള്‍ക്കാണ്, അത്തരത്തില്‍ ലഭിക്കാത്തവരുടെ കൂട്ടത്തിലാണ് താനെന്നും ഹര്ഭജന് പറഞ്ഞു. ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഹര്ഭജന് ഉള്‍പ്പെട്ടിരുന്നില്ല. ഐ.പി.എല്ലില്‍ പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റുകളാണ് ഹര്ഭജന് വീഴ്ത്തിയത്. 22 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ഹര്‍ഭജന്റെ ഈ സീസണിലെ ബെസ്റ്റ് പ്രകടനം.