LiveTV

Live

Sports

കിംഗ് ക്രൈഫ്

കിംഗ് ക്രൈഫ്
Summary
പന്തടക്കവും ഗതിവേഗവും ഗോളടി മികവുമാണ് ഒരു പന്തുകളിക്കാരന്റെ മൂലധനമെങ്കില്‍ ഇതില്‍ ലോക മുതലാളി തന്നെയായിരുന്നു യൊഹാന്‍ ക്രൈഫ്.

മുഴുവന്‍ പേര് ഹെന്‍ഡ്റിക് യൊഹാന്‍ ക്രൈഫ്. ജനനം 1947 ഏപ്രില്‍ 25 ന് നെതര്‍ലന്‍ഡിലെ ആംസ്റ്റര്‍ഡാമില്‍. അയല്‍ക്കാരായ ജര്‍മനിക്ക് ഒരു ഫുട്ബോള്‍ ചക്രവര്‍ത്തിയുള്ളപ്പോള്‍ കുറഞ്ഞപക്ഷം, കാല്‍പന്തു കളിയില്‍ ജര്‍മനിയെ നിഴല്‍പോലെ പിന്തുടരുന്ന നെതര്‍ലന്‍ഡുകാര്‍ക്ക് ഒരു രാജാവെങ്കിലും വേണ്ടേ? എന്നാല്‍ ഇത്തരം പരിഗണനയുടെ പേരിലൊന്നുമല്ല യൊഹാന്‍ ക്രൈഫ്, നെതര്‍ലന്‍ഡുകാരുടെ ഫുട്ബോള്‍ രാജാവായത്. പന്തടക്കവും ഗതിവേഗവും ഗോളടി മികവുമാണ് ഒരു പന്തുകളിക്കാരന്റെ മൂലധനമെങ്കില്‍ ഇതില്‍ ലോക മുതലാളി തന്നെയായിരുന്നു യൊഹാന്‍ ക്രൈഫ്. കളിയുടെ രാജാവ് തന്നെയായി കളിക്കളത്തില്‍ ഈ ഹോളണ്ടുകാരന്‍.

ഇതൊരുവശം, എന്നാല്‍ ദുരിതവും ദാരിദ്ര്യവും ജീവിത യാഥാര്‍ഥ്യങ്ങളായില്ലായിരുന്നുവെങ്കില്‍ യൊഹാന്‍ ക്രൈഫ് എന്ന ഫുട്ബോള്‍ വിസ്‍മയം പിറവിയെടുക്കുമായിരുന്നില്ല. അവിശ്വസനീയമായ ജീവിതാനുഭവങ്ങളുടെ പൂര്‍വകാല ചരിത്രമുണ്ട്, നെതര്‍ലന്‍ഡിന്റെ കാല്‍പ്പന്തു കളിയുടെ സൌന്ദര്യശാസ്ത്രകാരന്റെ ജീവിതത്തിന്. സാവോപോളോയിലെ ചേരികളില്‍ നിന്ന് കാല്‍പന്തുകളിയിലൂടെ അത്യുന്നതങ്ങളിലെത്തിച്ചേര്‍ന്ന തെരുവു ബാലന്‍മാരുടെ ജീവിത പരിണാമങ്ങളോട് അസാധാരണമായ സാമ്യതകളുണ്ട്.

കിംഗ് ക്രൈഫ്

ഉച്ചയൂണിന് വകയില്ലാത്തവനായിരുന്നു, ലോക ഫുട്ബോളിനെ തന്റെ കാല്‍ക്കരുത്തിലൂടെ വരുതിയിലാക്കിയ യൊഹാന്‍ ക്രൈഫ് എന്ന് പില്‍ക്കാലത്ത്, അദ്ദേഹത്തിന്റെ ജീവിതപ്പകിട്ട് മാത്രം അറിയാവുന്നവര്‍ക്ക് അറിയാതെ പോയി. ആംസ്റ്റര്‍ഡാം നഗരത്തില്‍ പാവപ്പെട്ടവര്‍ മാത്രം താമസിച്ചിരുന്ന ഒരു സെക്ടറില്‍, പ്രത്യേകിച്ച് സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികളിലെ വിഹിതങ്ങളെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്നവര്‍ തിങ്ങിപ്പാര്‍ത്തിരുന്ന ഒരിടത്താണ്, പില്‍ക്കാലത്ത് കിംഗ് ക്രൈഫ് എന്ന വിശേഷണം സ്വന്തമാക്കിയ ഹെന്‍ഡ്റിക് യൊഹാന്‍ ക്രൈഫ് ജനിച്ചത്. പിതാവിനുണ്ടായിരുന്ന ഒരു പച്ചക്കറികടയായിരുന്നു കുടുംബത്തിന്റെ ഏക വരുമാനം. എന്നാല്‍ ബാല്യത്തിലേ പിതാവിനെ വിധി കവര്‍ന്നെടുത്തത് യൊഹാനെ നിത്യ പട്ടിണിക്കാരനാക്കി തീര്‍ത്തു. ഒരു നിയോഗം പോലെ യൊഹാന്റെ അമ്മക്ക് വിഖ്യാതമായ ആംസ്റ്റര്‍ഡാം സ്റ്റേഡിയത്തില്‍ അയാക്സ് ക്ലബ്ബ് ടീം അംഗങ്ങളുടെ ഭക്ഷണപ്പുരയില്‍ തൂപ്പുകാരിയായി ജോലി ലഭിച്ചു. ഇതായിരുന്നു ലോകം കീഴടക്കിയ വിഖ്യാതനായ മധ്യനിരക്കാരന്റെ പിറവിക്ക് വഴിമരുന്നിട്ട സംഭവം. സ്‍കൂളില്‍ നിന്ന് നേരെ വീട്ടിലെത്തുന്നതിന് പകരം കൊച്ചു യൊഹാന്‍ സ്റ്റേഡിയം ലക്ഷ്യമാക്കി ഒരോട്ടമായിരുന്നു അന്ന്. വിശന്ന് തളര്‍ന്നെത്തുന്ന ഓമന മകന് വേണ്ടി സ്നേഹനിധിയായ അമ്മ താന്‍ പണിയെടുത്തിരുന്ന ഭക്ഷണശാലയില്‍ നിന്ന് കരുതിവെച്ചിരുന്ന ഭക്ഷണവുമായി കാത്തിരിപ്പുണ്ടായിരിക്കും. അതായിരുന്നു അന്നൊക്കെ യൊഹാന്റെ വിശപ്പ് മാറ്റിയിരുന്നത്. ഇങ്ങനെ എന്നും ഭക്ഷണം കഴിക്കാനെത്തിയിരുന്ന, തീരെ അനാരോഗ്യവാനായ ഈ ബാലനുമായി അവിടെ ഇതേസമയം, ഭക്ഷണം കഴിക്കാനെത്തിയിരുന്ന ഇംഗ്ലീഷുകാരനായിരുന്ന യുവ പരിശീലകര്‍ ചങ്ങാതികളായി. അതോടെ യൊഹാന്റെ ഭാഗ്യവും തെളിഞ്ഞു. മൂന്നു നേരവും മുടങ്ങാതെ അവിടെ നിന്നു ഭക്ഷണം കൊടുക്കുവാന്‍ അവര്‍ യൊഹാന്റെ അമ്മക്ക് നിര്‍ദേശം നല്‍കി. ആ സൌജന്യ ഭക്ഷണം വരുത്തിയ പ്രകടമായ മാറ്റം യൊഹാനെ, അയാക്സ് ക്ലബ്ബിന്റെ യുവതാരങ്ങള്‍ പരിശീലിക്കുന്ന ജിംനേഷ്യത്തില്‍ കൊണ്ടെത്തിച്ചു. അവിടുത്തെ പരിശീലകരുടെ ഉറ്റമിത്രമായി തീര്‍ന്ന യൊഹാനെ അവര്‍ തന്നെയാണ് അവരുടെ യുവനിര പരിശീലിക്കുന്ന അക്കാദമിയിലേക്ക് എത്തിച്ചത്.

കിംഗ് ക്രൈഫ്

സൌമ്യനും ശാന്തനും വിനയത്തിന്‍റെ പ്രതീകവുമായിരുന്ന യൊഹാന്‍ പെട്ടെന്നാണ് നെതര്‍ലന്‍ഡിന്റെ ആത്മാവ് കണ്ടെത്തിയ പരിശീലകന്‍ റീനസ് മിഷല്‍സിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. പകരക്കാരനായി പത്തോ പതിനഞ്ചോ മിനിറ്റ് മാത്രം പന്തുതട്ടാന്‍ അവസരം ലഭിച്ചിരുന്ന യൊഹാന്‍റെ അസാധാരണമായ പന്തടക്കവും ഗതിവേഗവും മിഷല്‍സിനെ അതിശയിപ്പിച്ചിരുന്നു. എന്നാല്‍ അതിനുമുന്‍പേ വിഖ്യാത പരിശീലകനും പുതിയ ചെക്കനുമായി ചങ്ങാതിമാരായി കഴിഞ്ഞിരുന്നു. കളിക്കളത്തിലെത്തുന്നതിന് മുന്‍പ് യൊഹാന്‍റെ ജോലി അതിരാവിലെ കോച്ചിന് പ്രഭാത പത്രങ്ങള്‍ എത്തിക്കുകയെന്നതായിരുന്നു. അക്കാലത്തെ നെതര്‍ലന്‍ഡ് നാണയമായിരുന്ന രണ്ട് ഗുല്‍ഡന്‍ പ്രതിഫലമായും ലഭിച്ചിരുന്നു.

കളിക്കാരുടെ കാന്‍റീനിലെ സൌജന്യ ശാപ്പാടും ജിമ്മിലെ പരിശീലനവും പത്രം വാങ്ങാനുള്ള ഓട്ടവും കൂടിയായപ്പോള്‍ യൊഹാന്‍ ഒന്നാന്തരം ഒരു കായികതാരത്തിന്‍റെ രൂപവും ഭാവവും സ്വയം നേടിയെടുത്തു. ചെക്കന്‍റെ പന്തടക്കം മനസ്സില്‍ പതിഞ്ഞ നെതര്‍ലന്‍ഡിന്റെ ദ്രോണര്‍ ഒരു ദിവസം കുറഞ്ഞൊരു സമയം തന്‍റെ ജൂനിയര്‍ ടീമിനോടൊപ്പം പന്ത് തട്ടാന്‍ യൊഹാനെ അനുവദിച്ചു. തന്‍റെ ദേശീയ ടീമിലെ പിള്ളേരെ നാണിപ്പിച്ചുകൊണ്ട് തലങ്ങും വിലങ്ങും പന്ത് അമ്മാനമാടിയത് കണ്ട് കുലപതി അന്ധാളിച്ചു. അതോടെ യൊഹാന്‍ അയാക്സ് ആംസ്റ്റര്‍ഡാമിലെ യുവതാരങ്ങളുടെ പരിശീലനക്കളരിയായ ദേശീയ അക്കാദമി ഹോസ്റ്റലിലെ അന്തേവാസിയുമായി. 10 ഗുല്‍ഡന്‍ വേതനവും ദേശീയതാരങ്ങള്‍ക്കുള്ള ഭക്ഷണവും പാര്‍പ്പിടവും. എന്നാല്‍ കോച്ചിന് പത്രം എത്തിച്ചിരുന്ന കരാറില്‍ നിന്ന് യൊഹാന്‍ പിന്‍മാറിയതുമില്ല. ആ വരുമാനം അതുപോലെ തുടര്‍ന്നു. മൊത്തം 12 ഗുല്‍ഡന്‍..

കിംഗ് ക്രൈഫ്

പിന്നെ വിയ്മയിപ്പിക്കുന്ന ഗതിവേഗത്തിലായി യൊഹാന്‍റെ വളര്‍ച്ച. 40 ഗുല്‍ഡന്‍ പ്രതിമാസ ശമ്പളത്തില്‍ അയാക്സ് ആംസ്റ്റര്‍ഡാമിന്‍റെ ടീമില്‍ സ്ഥിരാംഗമായി. പാത്രം കഴുകാനെത്തി കോടീശ്വരനായവന്‍റെ അപൂര്‍വ്വ കഥയെ അനുസ്മരിച്ചുകൊണ്ട് യൊഹാന്‍ ഫുട്ബോളിന്‍റെ അധിപനായി, കോടീശ്വരനും.

1979ല്‍ യൊഹാന്‍ എന്ന ഫുട്ബോള്‍ മാന്ത്രികന്‍റെ മികവുമായി ഹോളണ്ട് ജര്‍മനിയില്‍ ജൈത്രയാത്ര നടത്തി. പ്രാഥമിക റൌണ്ടില്‍ ലാറ്റിന്‍ അമേരിക്കന്‍ ശക്തികളായ ഉറുഗ്വേയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കും വകവരുത്തിയ ബള്‍ഗേറിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും വകവരുത്തിയ യൊഹാന്‍റെ ടോട്ടല്‍ ഫുട്ബോളുകാര്‍ സ്വീഡനുമായി സമനില നേടി. എന്നാല്‍ ഫൈനല്‍ റൌണ്ടില്‍ ലാറ്റിനമേരിക്കന്‍ രാജാക്കന്മാരായ ബ്രസീലിനെയും അര്‍ജന്‍റീനയെയും ഒന്നിച്ച് നാണിപ്പിച്ചാണ് അവര്‍ കലാശക്കളിക്ക് കടന്നുകയറിയത്.

നിലവിലെ ജേതാക്കളായ ബ്രസീലിനെ ഏപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയ യൊഹാനും കൂട്ടരും അര്‍ജന്‍റീനയുടെ വല നിറച്ചത് 4 ഗോളുകള്‍ അടിച്ചുകൂട്ടിക്കൊണ്ടായിരുന്നു. തീര്‍ന്നില്ല അവരുടെ അശ്വമേധകഥ. പ്രാരംഭ റൌണ്ടില്‍ ജര്‍മനിയെ മുക്കിയ കിഴക്കന്‍‌ ജര്‍മനിയെയും ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പുറത്താക്കിക്കൊണ്ടാണ് വലിയേട്ടന്മാരായ ജര്‍മനിയെ കലാശക്കളിക്ക് നേരിടാന്‍ അവര്‍ അവസരം നേടിയെടുത്തത്. എന്നാല്‍ ഹോളണ്ടുകാരുടെ യാഗാശ്വത്തെ ഫ്രാന്‍സ് ബക്കന്‍ ബവറും കൂട്ടരും കൂടി മ്യൂണിക്കില്‍ തടഞ്ഞുനിര്‍ത്തി. അന്നത്തെ അവിചാരിതമായ പരാജയം, ഒരേയൊരു നിര്‍ഭാഗ്യം അനശ്വരതയില്‍ നിന്ന് യൊഹാനെ അകറ്റിനിര്‍ത്തി. യൊഹാന്‍റെയും മറ്റ് സഹതാരങ്ങളുടെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ട് റോയല്‍ ഡച്ച് പോസ്റ്റല്‍ സര്‍വീസ് പരമ രഹസ്യമായി അച്ചടിച്ച് 1974 ജൂലൈ എട്ടാം തിയ്യതി രാവിലെ പ്രസിദ്ധപ്പെടുത്താനിരുന്ന അപൂര്‍വ്വ തപാല്‍ സ്റ്റാമ്പുകള്‍ ഒന്നോടെ അവര്‍ക്കു തന്നെ കത്തിച്ചുകളയേണ്ടിവന്നു. നിനച്ചിരിക്കാത്ത ആ തോല്‍വിയോടെ യൊഹാന്‍ വിഷാദരോഗിയായി. മാസങ്ങളോളമുള്ള ചികിത്സയ്ക്കും പരിചരണത്തിനും ശേഷമാണ് കാലുകളുടെ മാന്ത്രികത തിരിച്ചെത്തിയത്. എന്നാല്‍ ദുരന്തം യൊഹാനെ വിട്ടുമാറിയതേയില്ല.

കിംഗ് ക്രൈഫ്

എല്ലാം നേടിയ യൊഹാന് ലോകകപ്പ് മാത്രം കിട്ടാക്കനിയായി. ക്രൈഫ് ഇല്ലാതെ തുടര്‍ച്ചയായി രണ്ടാമതും ലോകകപ്പ് കലാശക്കളിയിലെത്തിയ ഓറഞ്ച് പടക്ക് തുടര്‍ച്ചയായ രണ്ടാം പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. അര്‍ജന്റീനയില്‍ അര്‍ജന്റീനക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക്.. കിരീടമില്ലാത്ത രാജാക്കന്‍മാരായി ഹോളണ്ട് മടങ്ങിയപ്പോള്‍ യൊഹാന്‍ തന്റെ കാല്‍ക്കരുത്ത് കൊണ്ട് ലോകം കീഴ്‍പ്പെടുത്തിയിരുന്നു. കപ്പ് മാത്രം കൈവിട്ടു പോയി.

1971 ലും 73 ലും 74 ലും യൂറോപ്യന്‍ ഫുട്ബോളര്‍ ആയിട്ടും യൊഹാന്‍ നിരാശനായിരുന്നു. കപ്പിനും ചുണ്ടിനുമിടയില്‍ വെച്ച് വിശ്വകപ്പ് വിട്ടുപോയതില്‍. തുടര്‍ന്ന് നെതര്‍ലന്‍ഡ് ദേശീയ ടീമിന്റെ മുഖ്യപരിശീലകനും മുഖ്യ സാങ്കേതിക ഉദേഷ്ടാവുമായി. അയാക്സിന്റെയും എഫ്‍സി ബാഴ്‍സലോണയുടെയും പരിശീലകനായി കാല്‍പ്പന്തു കളിയുടെ അത്യുന്നതങ്ങളില്‍ ചെന്നെത്തിയ ആ പട്ടിണിക്കാരന്‍ പയ്യന്‍ വിശ്രമ ജീവിതത്തിലേക്ക് തിരിഞ്ഞപ്പോള്‍ നെതര്‍ലന്‍ഡ് സര്‍ക്കാര്‍ 1997 ല്‍ അവരുടെ ഏറ്റവും പരമോന്നത ബഹുമതി നല്‍കി ആദരിച്ചു. ബ്രിട്ടീഷുകാരുടെ സര്‍ സ്ഥാനത്തിന് തുല്യമാണീ പദവി.

- അഷ്റഫ് മുഹമ്മദ് -