LiveTV

Live

Sports

നിര്‍വികാര ആഘോഷത്തിന്റെ കാരണം വെളിപ്പെടുത്തി ജഡേജ

നിര്‍വികാര ആഘോഷത്തിന്റെ കാരണം വെളിപ്പെടുത്തി ജഡേജ
Summary
എന്തുകൊണ്ടാണ് അത്തരം വിചിത്രമായ പെരുമാറ്റം തന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംങ്‌സ് താരം രവീന്ദ്ര ജഡേജ...

ക്രിക്കറ്റിലെ ഏറെ വിലപ്പെട്ട വിക്കറ്റുകളിലൊന്നായ കോഹ്‌ലിയുടെ വിക്കറ്റ് തെറിപ്പിച്ചിട്ടും ആഘോഷിക്കാതിരുന്ന ജഡേജ കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്തുകൊണ്ടാണ് അത്തരം വിചിത്രമായ പെരുമാറ്റം തന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംങ്‌സ് താരം രവീന്ദ്ര ജഡേജ. മത്സരശേഷം നടത്തിയ അഭിമുഖത്തിലാണ് ജഡേജയുടെ വെളിപ്പെടുത്തല്‍.

കോഹ്‌ലിപ്പേടികൊണ്ടാണ് ജഡേജ മത്സരത്തിലെ തന്നെഏറ്റവും നിര്‍ണ്ണായക വിക്കറ്റുകളിലൊന്നു വീഴ്ത്തിയിട്ടും ആഘോഷിക്കാതിരുന്നതെന്നാണ് ഉയരുന്ന ആരോപണം. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥിരം സ്ഥാനമില്ലാത്ത താരമാണ് രവീന്ദ്ര ജഡേജ. ചാഹലിന്റേയും കുല്‍ദീപ് യാദവിന്റേയും വരവോടെ ജഡേജയും അശ്വിനും പുറത്തായെന്നത് പൊതുവേ പരസ്യമായ രഹസ്യമാണ്.

ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ രവീന്ദ്ര ജഡേജ എറിഞ്ഞ ആദ്യ പന്തിലായിരുന്നു കോഹ്‌ലി വീണത്. കോഹ്‌ലിയെപോലുള്ള മികച്ച ബാറ്റ്‌സ്മാന്മാര്‍ ബൗളറുടെ ആദ്യമായി ഫേസ് ചെയ്യുന്ന പന്തുകള്‍ പിച്ചിന്റെ സ്വഭാവം മനസിലാക്കാനാണ് ശ്രമിക്കാറ്. ആദ്യ പന്ത് തന്നെ കോഹ്‌ലിയെ കബളിപ്പിച്ച് വിക്കറ്റ് തെറിപ്പിക്കുമെന്ന് തീരെ പ്രതീക്ഷിച്ചില്ലെന്ന് ജഡേജ തുറന്നു സമ്മതിക്കുന്നു. അതോടെ ഞെട്ടിപ്പോയ തനിക്ക് പ്രതികരിക്കേണ്ടതെങ്ങനെയെന്ന് ഒരു നിമിഷം അറിയാതെ പോയി. ബൗള്‍ഡിന് പകരം ക്യാച്ചോ മറ്റോ ആയിരുന്നെങ്കില്‍ വിക്കറ്റ് വീഴ്ത്തിയ ശേഷമുള്ള പ്രതികരണം അതാകുമായിരുന്നില്ലെന്നും ജഡേജ പറയുന്നു.

ഇടവേളക്ക് ശേഷമാണ് ഓള്‍ റൗണ്ടറെന്ന നിലയില്‍ രവീന്ദ്ര ജഡേജ ടീമിനെ ജയിപ്പിക്കുന്ന പ്രകടനം നടത്തുന്നത്. അതിലുള്ള സന്തോഷവും താരം പങ്കുവെച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ തൊട്ടു മുമ്പത്തെ മത്സരത്തില്‍ അനായാസമായ രണ്ട് ക്യാച്ചുകള്‍ ജഡേജ വിട്ടുകളഞ്ഞത് വലിയ വിമര്‍ശങ്ങള്‍ക്കിടയാക്കിയിരുന്നു. 1.4 ഓവറില്‍ കൊല്‍ക്കത്ത 1ന് 18 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മലയാളിതാരം ആസിഫിന്റെ തുടര്‍ച്ചയായ രണ്ട് പന്തുകളിലും നരൈനെ ജഡേജ വിട്ടുകളയുകയായിരുന്നു. അന്നത്തെ മോശം പ്രകടനത്തിന്റെ പ്രായശ്ചിത്തമാണ് ബംഗളൂരുവിനെതിരായ മത്സരത്തിലെ മിന്നും പ്രകടനത്തിലൂടെ നടത്തിയിരിക്കുന്നത്.