LiveTV

Live

Sports

ഇന്ത്യ-വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത്

ഇന്ത്യ-വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത്
Summary
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും.

നവംബറിലെ ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരം തിരുവനന്തപുരം കാര്യവട്ടത്ത് തന്നെ. മത്സരം കാര്യവട്ടത്ത് നടത്തണമെന്ന കായിക മന്ത്രിയുടെ നിര്‍ദേശത്തിന് മുന്നില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ വഴങ്ങി. റൊട്ടേഷന്‍ വ്യവസ്ഥയില്‍ ഭാവിയില്‍ കൊച്ചിയിലും ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താമെന്ന് മന്ത്രി പറഞ്ഞു. കായിക പ്രേമികളുടെ പ്രതിഷേധവും സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സമ്മര്‍ദ്ദവും ഫലം കണ്ടു. കായിക പ്രേമികളുടെ പൊതുവികാരത്തിനൊപ്പം സര്‍ക്കാരും നിന്നു.

ഇന്നലെ വരെ കൊച്ചിക്ക് വേണ്ടി നിലകൊണ്ട കെ.സി.എ, കായിക മന്ത്രി എ സി മൊയ്തീനുമായി നടത്തിയ ഹ്രസ്വ കൂടിക്കാഴ്ചയില്‍ നിലപാട് മാറ്റി. 24ന് ചേരുന്ന കെ.സി.എ ജനറല്‍ ബോഡിയില്‍ ഔദ്യോഗിക തീരുമാനമുണ്ടാകും. എന്നാല്‍ കൊച്ചിയില്‍ ഫുട്ബോള്‍ കാര്യവട്ടത്ത് ക്രിക്കറ്റ് എന്ന ഫോര്‍മുല അംഗീകരിച്ചില്ല. കൊച്ചിയിലും ക്രിക്കറ്റ് നടത്തണം. കൊച്ചിയില്‍ പുതിയ സ്റ്റേഡിയത്തിന് സര്‍ക്കാര്‍ സഹായമുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ക്രിക്കറ്റിന് വേണ്ടി ടര്‍ഫ് നശിപ്പിക്കേണ്ടി വരില്ലെന്നും വിവാദം അനാവശ്യമായിരുന്നെന്നും കെ സി എ ഭാരവാഹികള്‍ പറഞ്ഞു.