LiveTV

Live

Sports

ഐഎസ്എല്‍ നാലാം സീസണ്‍ കിരീടം ചെന്നൈയിന്‍ എഫ്സിക്ക് 

ഐഎസ്എല്‍ നാലാം സീസണ്‍ കിരീടം ചെന്നൈയിന്‍ എഫ്സിക്ക് 
Summary
രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബംഗളൂരുവിനെ തോല്‍പിച്ചത്

അരങ്ങേറ്റത്തില്‍ തന്നെ അതും സ്വന്തം തട്ടകത്തില്‍ കിരീടം മോഹിച്ചെത്തിയ ബംഗളൂരു എഫ്സിയെ ചെന്നൈയിന്‍ എഫ്സി പൂട്ടി. കലാശപ്പോരില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ബംഗളൂരുവിനെ തോല്‍പിച്ച് ജെജെയും സംഘവും കിരീടം സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് ചെന്നൈയിന്‍ എഫ്സി ഐഎസ്എല്‍ കിരീടം ചൂടുന്നത്. ഇതോടെ ഐ. എസ്.എല്ലില്‍ രണ്ട് തവണ കിരീടം നേടുന്ന ടീം എന്ന നേട്ടം കൊല്‍കത്തക്കൊപ്പം പങ്കിടാനും ചെന്നൈയിനായി.

ആര്‍ത്തലക്കുന്ന ഗ്യാലറിയെ സാക്ഷിയാക്കി നീലപ്പടക്കായി 9ാം മിനുറ്റില്‍ മനോഹരമായ ഡൈവിങ് ഹെഡിലൂടെ ഛേത്രി വലകുലുക്കിയെങ്കിലും ആഘോഷത്തിന് അധികം ആയുസുണ്ടായില്ല. 17ാം മിനുറ്റില്‍ ബ്രസീലുകാരന്‍ മാലിസണ്‍ ആല്‍വസിലൂടെ ചെന്നൈയിന്‍ തിരിച്ചടിച്ചു. കോര്‍ണര്‍ കിക്കിന് ബംഗളൂരു താരങ്ങളെക്കാള്‍ ഉയരത്തില്‍ ചാടിയ മാലിസണ്‍ മനോഹരമായ ഹെഡിലൂടെ പന്ത് വലയിലെത്തിച്ചു. 45ാം മിനുറ്റില്‍ മറ്റൊരു കോര്‍ണര്‍ കിക്കിലൂടെ മാലിസണ്‍ ചെന്നൈയിന് ലീഡ് നേടിക്കൊടുത്തു. 67ാം മിനുറ്റില്‍ റാഫേല്‍ അഗസ്റ്റോ വക മൂന്നാമതൊരു ഗോള്‍ കൂടിയായതോടെ ബംഗളൂരുവിന്‍റെ മോഹങ്ങള്‍ അസ്തമിച്ചു.

എന്നാല്‍ കളി തീരാന്‍ മിനുറ്റുകള്‍ ബാക്കിനില്‍ക്കെ മിക്കുവിലൂടെ ബംഗളൂരു തിരിച്ചെത്തിയെങ്കിലും സമയം വൈകിയിരുന്നു. ചെന്നൈയിന്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞെങ്കിലും കിട്ടിയ അവസരത്തില്‍ പന്തുമായി ബംഗളൂരു ഗോള്‍മുഖത്തേക്ക് എത്തുകയും ചെയ്തു.