LiveTV

Live

Sports

ധോണിയുടേയും സ്പിന്നര്‍മാരുടേയും ഗൂഡാലോചനയില്‍ ലങ്ക കറങ്ങി വീണു

ധോണിയുടേയും സ്പിന്നര്‍മാരുടേയും ഗൂഡാലോചനയില്‍ ലങ്ക കറങ്ങി വീണു
Summary
കട്ടക് ട്വന്റി ട്വന്റിയില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 93 റണ്‍സിന്റെ വിജയം.

കട്ടക് ട്വന്റി ട്വന്റിയില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 93 റണ്‍സിന്റെ വിജയം. ലങ്കയുടെ ആറ് വിക്കറ്റുകള്‍ പങ്കിട്ടെടുത്ത സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലിന്റേയും കുല്‍ദീപ് യാദവിന്റേയും പ്രകടനമാണ് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്. ബാറ്റിംങില്‍ ഇന്ത്യക്കുവേണ്ടി ലോകേഷ് രാഹുലും(61) ധോണിയും(39) തിളങ്ങി.

സ്‌കോര്‍ബോര്‍ഡ് നോക്കിയാല്‍ സ്പിന്നര്‍മാരും ധോണിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയിലാണ് ശ്രീലങ്ക വീണതെന്ന് തോന്നും. നാല് വിക്കറ്റ് വീഴ്ത്തിയ ചാഹലിന്റെ പ്രകടനത്തില്‍ മൂന്ന് വിക്കറ്റുകള്‍ക്ക് പിറകിലും ധോണിയുടെ കരങ്ങളുണ്ടായിരുന്നു. മത്സരത്തിലാകെ രണ്ട് സ്റ്റംമ്പിംങുകളും രണ്ട് കാച്ചുമാണ് ധോണിയുടെ പേരില്‍ കുറിക്കപ്പെട്ടത്. 22 പന്തില്‍ ധോണി നേടിയ 39 റണ്‍സും മത്സരം ലങ്കയുടെ പിടിയില്‍ നിന്നകറ്റുന്നതില്‍ നിര്‍ണ്ണായകമായി.

ഇന്ത്യ ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് തുടക്കത്തിലേ അടി തെറ്റി. ഓപണര്‍ ഡിക്‌വേലയെ(13) ഉനക് ഡട്ട് ലോകേഷ് രാഹുലിന്റെ കൈകളിലെത്തിച്ചു. അഞ്ചാം ഓവറില്‍ ചാഹല്‍ പന്തെടുത്തതിന് പിന്നാലെ ഉപുല്‍ തരംഗ(23) ധോണിയുടെ കൈകളിലെത്തി. പിന്നീട് നിശ്ചിത ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ സ്പിന്നര്‍മാര്‍ സ്‌പെല്‍ അവസാനിപ്പിച്ച പതിമൂന്നാം ഓവറെത്തിയപ്പോഴേക്കും സ്‌കോര്‍ 7ന് 70എന്ന നിലയിലായി. പിന്നെയുള്ള വാലറ്റത്തെ ഹാര്‍ദിക് പാണ്ഡ്യ ഒറ്റക്ക് എറിഞ്ഞിട്ടു. 16 ഓവറില്‍ 87ന് ശ്രീലങ്കന്‍ ബാറ്റ്‌സ്മാനമാര്‍ കൂടാരം കയറിയതോടെ ഇന്ത്യ 93 റണ്‍സിന്റെ വിജയം ആഘോഷിക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ടീം ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. കത്തിക്കയറിയ നായകന്‍ രോഹിത് ശര്‍മ പൊടുന്നനെ വീണപ്പോള്‍ ലങ്ക കുറച്ച് ആഹ്ലാദിച്ചു. 13 പന്തില്‍ നിന്ന് 17 റണ്‍സുമായാണ് രോഹിത് മടങ്ങിയത്.

എന്നാല്‍ നായകന്റെ വീഴ്ചയില്‍ പതറാതെ കെഎല്‍ രാഹുലും ശ്രേയസ് അയ്യരും ടീമിനെ മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നടത്തിയ ആക്രമണം ടീം ഇന്ത്യയുടെ സ്‌കോര്‍ നൂറു കടത്തി. 24 റണ്‍സെടുത്ത അയ്യരുടെ വിക്കറ്റ് വീണപ്പോഴേക്കും ഇന്ത്യ ഏറെക്കുറെ സുരക്ഷിതമായ നിലയിലായിരുന്നു. 48 പന്തില്‍ നിന്ന് 61 റണ്‍സെടുത്ത രാഹുല്‍ രണ്ട് ഓവറുകള്‍ക്കപ്പുറം മടങ്ങിയതോടെ എംഎസ് ധോണിയും മനീഷ് പാണ്ഡെയും ആക്രമണത്തിന് ചുക്കാന്‍പിടിച്ചു. ലങ്കന്‍ ബോളര്‍മാരെ നിരന്തരം അതിര്‍ത്തി കടത്തിയാണ് അവസാന ഓവറുകളില്‍ ഇരുവരും സ്‌കോറിങ് വേഗം കൂട്ടിയത്. ഒടുവില്‍ അവസാന പന്ത് അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി ധോണി ഇന്നിങ്‌സ് അവസാനിപ്പിച്ചു. ധോണി 22 പന്തില്‍ നിന്ന് വിക്കറ്റ് നഷ്ടപ്പടുത്താതെ 39 റണ്‍സെടുത്തപ്പോള്‍ 18 പന്തില്‍ നിന്ന് 32 റണ്‍സുമായി പാണ്ഡെ ഉറച്ച പിന്തുണയാണ് നല്‍കിയത്.