LiveTV

Live

Sports

ഇന്ത്യ പടിക്കല്‍ കലമുടച്ചു; ഇംഗ്ലണ്ടിന് കിരീടം

ഇന്ത്യ പടിക്കല്‍ കലമുടച്ചു; ഇംഗ്ലണ്ടിന് കിരീടം
Summary
ലോക കിരീടമെന്ന പ്രതീക്ഷകള്‍ ബാക്കിവെച്ച് ഇന്ത്യന്‍ പെണ്‍പുലികള്‍ കണ്ണീരണിഞ്ഞു.

വനിതാ ലോകകപ്പ് കലാശപ്പോരില്‍ ഇന്ത്യ പടിക്കല്‍കലമുടച്ചു. 229 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 9 റണ്‍സ് അകലെവെച്ച് അടിപതറി. ഒടുവില്‍ കന്നി ലോക കിരീടമെന്ന പ്രതീക്ഷകള്‍ ബാക്കിവെച്ച് ഇന്ത്യന്‍ പെണ്‍പുലികള്‍ കണ്ണീരണിഞ്ഞു.

ഇന്ത്യ പടിക്കല്‍ കലമുടച്ചു; ഇംഗ്ലണ്ടിന് കിരീടം

ഇന്ത്യയുടെ തുടക്കം ആശാവഹമായിരുന്നില്ല. സ്കോര്‍ ബോര്‍‍ഡില്‍ അഞ്ച് റണ്‍സ് തികയ്ക്കുന്നതിനിടെ സ്മൃതി മന്ദാനയുടെ വിക്കറ്റിളകി. നാല് പന്തുകള്‍ നേരിട്ട സ്മൃതി അക്കൌണ്ട് തുറക്കാതെ ആയിരുന്നു മടങ്ങിയത്. സ്മൃതിയുടെ പിന്‍ഗാമിയായി എത്തിയത് നായിക മിഥാലി രാജ്. പതിഞ്ഞ താളത്തില്‍ ആയിരുന്നു മിഥാലിയുടെ ബാറ്റിങ്. ലൂസ് ബോളുകള്‍ തിരഞ്ഞെടുത്ത് അതിര്‍ത്തി കടത്തിയും സിംഗിളുകള്‍ നേടിയും മിഥാലി മുന്നേറി. ഒപ്പം ഓപ്പണര്‍ പൂനം റാവത്തും. സ്ട്രൈക്ക് റേറ്റില്‍ കാര്യമായ വ്യത്യാസം വരുത്താതെ ആയിരുന്നു പൂനം ബാറ്റ് വീശിയത്. എന്നാല്‍ വിക്കറ്റുകള്‍ക്കിടയില്‍ റണ്‍സ് ഓടിയെടുക്കുന്നതില്‍ അലസത കാണിച്ച മിഥാലി അനാവശ്യമായി വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. 17 റണ്‍സുമായാണ് മിഥാലി മടങ്ങിയത്. കൂട്ടുകെട്ടുകള്‍ പൊളിക്കുന്നതിലായിരുന്നു ഇംഗ്ലീഷ് ബോളര്‍മാരുടെ ശ്രദ്ധ. ഒടുവില്‍ മൂന്നാം വിക്കറ്റില്‍ അണിനിരന്ന പൂനവും സെമിയിലെ മിന്നുംതാരം ഹര്‍മന്‍പ്രീത് കൌറും ചേര്‍ന്ന് 95 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. പതിവിനു വിരുദ്ധമായി ആക്രമണത്തിന് തുനിയാതെയായിരുന്നു കൌറിന്റെ ബാറ്റിങ്.

ഒടുവില്‍ 80 പന്തില്‍ നിന്ന് 51 റണ്‍സുമായി കൌര്‍ കൂടാരം കയറി. പിന്നീടങ്ങോട്ട് പൂനത്തിന് വേദ കൃഷ്ണമൂര്‍ത്തിയായിരുന്നു തുണ. ഇംഗ്ലീഷ് ബോളര്‍മാരെ അതിര്‍ത്തി കടത്തി വേദ റണ്‍സ് വേഗം കൂട്ടി. ഇതിനിടെ ഷ്രബ്സോളിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പൂനം മടങ്ങുമ്പോള്‍ സെഞ്ച്വറിക്ക് 14 റണ്‍സ് അകലെയായിരുന്നു ഓപ്പണര്‍. വിക്കറ്റുകള്‍ കൈവശംവെച്ച് പതിഞ്ഞതാളത്തില്‍ മുന്നേറിയ ഇന്ത്യക്ക് അവസാന ഓവറുകളില്‍ സമ്മര്‍ദത്തിന്റെ സമയമായിരുന്നു. ഒടുവില്‍ വിജയലക്ഷ്യത്തിലേക്ക് ആഞ്ഞടിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ വിക്കറ്റുകള്‍ ഇളകിയാടി. 86 റണ്‍സെടുത്ത പൂനത്തിന് പിന്നാലെ സുഷമ വര്‍മ പൂജ്യയായി പവലിയനിലേക്ക് മടങ്ങി. പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്‍ത്തി ഇംഗ്ലീഷ് ബോളര്‍മാര്‍ ഇന്ത്യക്ക് മേല്‍ സമ്മര്‍ദത്തിന്റെ കോട്ട കെട്ടി. അവസാന ഓവറുകളില്‍ നിര്‍ണായക നിമിഷത്തില്‍ ഇല്ലാത്ത റണ്‍സിന് വേണ്ടി ഓടി ശിഖ പാണ്ഡെ വിക്കറ്റ് കളഞ്ഞതും ഈ സമ്മര്‍ദം താങ്ങാനാവാതെയായിരുന്നു. വിജയലക്ഷ്യം എത്തിപ്പിടിക്കാനുള്ള ശ്രമത്തിനിടെ സമനില തെറ്റിയവരെ പോലെയായിരുന്നു ഇന്ത്യന്‍ വാലറ്റം. ഒടുവില്‍ വിജയലക്ഷ്യത്തിന് 9 റണ്‍സ് അകലെ വെച്ച് ഇന്ത്യ കളി അവസാനിപ്പിച്ചു. ഇന്ത്യയുടെ ആറു വിക്കറ്റുകള്‍ എടുത്ത അന്യ ഷ്രബ്സോളാണ് ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്‍ത്തിയത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മാന്യമായ തുടക്കമാണ് ലഭിച്ചതെങ്കിലും ഓപ്പണര്‍മാരെ നഷ്ടപ്പെട്ടതോടെ തകര്‍ച്ചയും ആരംഭിച്ചു. 24 റണ്‍സെടുത്ത വിന്‍ഫീല്‍ഡിനെയാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. അധികം വൈകാതെ ബോമോണ്ടും (23) കൂടാരം കയറി. തൊട്ടുപിന്നാലെ രണ്ടക്കം കാണാതെ നായിക നൈറ്റും മടങ്ങിയതോടെ ഇംഗ്ലണ്ട് അപകടം മണത്തു. ഇതോടെയാണ് ബാറ്റിങ് തന്ത്രം മാറ്റിപ്പിടിക്കാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ തയാറായത്. പിന്നീടങ്ങോട്ട് ചെറുത്തുനില്‍പ്പിന്റെ സമയമായിരുന്നു. ഇത് ഒരു പരിധി വരെ വിജയിപ്പിക്കാനും ഇംഗ്ലണ്ടിന് കഴിഞ്ഞു. സാറാ ടെയ്‍ലറും നതാലി സീവറും ചേര്‍ന്ന് ഇംഗ്ലണ്ടിന്റെ സ്കോര്‍ ബോര്‍ഡ് മുന്നോട്ട് ചലിപ്പിച്ചു. മോശം പന്തുകള്‍ മാത്രം തിരഞ്ഞെടുത്ത് അമിതാവേശത്തിന് അടിമപ്പെടാതെയായിരുന്നു ഇരുവരുടെയും മര്‍ദനമുറ. 62 പന്തുകള്‍ നേരിട്ട് 45 റണ്‍സെടുത്ത സാറയുടെ അക്കൌണ്ടില്‍ ഒരൊറ്റ ബൌണ്ടറി പോലുമുണ്ടായിരുന്നില്ല. 68 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത സീവറും ഇംഗ്ലീഷ് നിരക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ സാറ വീണതോടെ വീണ്ടും ഇംഗ്ലണ്ട് സമ്മര്‍ദത്തിലായി. പിന്നാലെയെത്തിയ ഫ്രാന്‍ വില്‍സണ്‍ അക്കൌണ്ട് തുറക്കാതെ പുറത്തായതോടെ ഇംഗ്ലീഷുകാര്‍ അനിവാര്യമായ തകര്‍ച്ചക്ക് തയാറെടുത്തു കഴിഞ്ഞിരുന്നു. അധികം ചെറുത്തുനില്‍ക്കാതെ സീവറും മടങ്ങി. വാലറ്റത്ത് ബ്രണ്ട് (34) നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇംഗ്ലണ്ടിന്റെ സ്കോര്‍ 200 കടത്താന്‍ വഴിയൊരുക്കിയത്. മൂന്നു വിക്കറ്റ് വീഴ്‍ത്തിയ ജൂലണ്‍ ഗോസ്വാമിയും രണ്ടു വിക്കറ്റെടുത്ത പൂനം യാദവുമാണ് ഇംഗ്ലണ്ടിന്റെ അടിവേരിളക്കിയത്. ഇവര്‍ക്കൊപ്പം റണ്‍സ് വഴങ്ങുന്നതില്‍ ദീപ്തി ശര്‍മ്മയും രാജേശ്വരി ഗെയ്ക്‌വാദും പിശുക്ക് കാട്ടിയതോടെ ഇംഗ്ലണ്ടിന്റെ സ്കോര്‍ കേവലം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സില്‍ ഒതുങ്ങി.