LiveTV

Live

Sports

തിരുവനന്തപുരത്ത് നിന്നൊരു പുത്തന്‍ ഫുട്ബോള്‍ ക്ലബ്

തിരുവനന്തപുരത്ത് നിന്നൊരു പുത്തന്‍ ഫുട്ബോള്‍ ക്ലബ്
Summary
കേരള എവര്‍ഗ്രീന്‍ എഫ്‍സി എന്ന് പേരിട്ട ക്ലബിന് ചുക്കാന്‍ പിടിക്കുന്നത് വിദേശിയാണെന്ന പ്രത്യേകതയുമുണ്ട്

തിരുവനന്തപുരം ആസ്ഥാനമാക്കി പുതിയ ഫുട്ബോള്‍ ക്ലബിന് തുടക്കമായി. കേരള എവര്‍ഗ്രീന്‍ എഫ്‍സി എന്ന് പേരിട്ട ക്ലബിന് ചുക്കാന്‍ പിടിക്കുന്നത് വിദേശിയാണെന്ന പ്രത്യേകതയുമുണ്ട്. അടുത്ത സീസണില്‍ ഐ ലീഗില്‍ കളിക്കുകയാണ് ലക്ഷ്യം.

കേരളത്തിന്റെ സമ്പന്നമായ ഫുട്ബോള്‍ ചരിത്രത്തില്‍ വിശ്വാസമര്‍പ്പിച്ചാണ് എവര്‍ഗ്രീന്‍ എഫ്‍സിയുടെ പിറവി. മലയാളി താരങ്ങള്‍ക്ക് മുന്‍ഗണന നല്‍കി അന്തര്‍ദേശീയ നിലവാരമുള്ള ഒരു ടീം. അതാണ് ക്ലബ് ഉടമകള്‍ വിഭാവനം ചെയ്യുന്നത്. സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റന്‍ ഉസ്മാന്‍ ഉള്‍പ്പെടെ താരങ്ങളെ ടീമില്‍ കൊണ്ടുവരാനാണ് ആലോചന. താരങ്ങളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കോച്ചിങ് സ്റ്റാഫ് ഭൂരിഭാഗവും വിദേശത്ത് നിന്നാകും. ആഗസ്റ്റോടെ ക്ലബ് നിലവില്‍ വരും. അടുത്ത സീസണില്‍ തന്നെ ഐലീഗില്‍ കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ക്ലബ് അധികൃതര്‍.

സിംഗപ്പൂര്‍ ആസ്ഥാനമായ മൈ സ്പോര്‍ട്സ് എന്ന കമ്പനിയാണ് എവര്‍ഗ്രീന്‍ എഫ് സിക്ക് പിന്നില്‍. യുവന്റസ്, റയല്‍ മാഡ്രിഡ് തുടങ്ങിയ ടീമുകളുടെ വിദേശ പര്യടനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ള ചെക് റിപ്പബ്ലിക് സ്വദേശി ജിറി കെര്‍നിയാണ് ചെയര്‍മാന്‍. വിദേശിയുടെ ഉടമസ്ഥതയിലുള്ള ആദ്യ ഇന്ത്യന്‍ ക്ലബാകും എവര്‍ഗ്രീന്‍ എഫ്‍സി. ക്ലബിന്റെ ഹോം ഗ്രൌണ്ടായി പരിഗണിക്കുന്നത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേ‍ഡിയമാണ്. അന്തിമ ധാരണയായിട്ടില്ല. ക്ലബിന് അണ്ടര്‍ 18, 16 ടീമുകളും ഉണ്ടാകും.