LiveTV

Live

Sports

ഗെയിലാട്ടമല്ല, ഇന്ത്യയെ വിഴുങ്ങി ലൂയിസ് മാജിക്

ഗെയിലാട്ടമല്ല, ഇന്ത്യയെ വിഴുങ്ങി ലൂയിസ് മാജിക്
Summary
ട്വന്‍റി20 കരിയറിലെ രണ്ടാം ശതകവുമായി നിറഞ്ഞാടിയ ലൂയിസ് കുട്ടിക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറും കുറിച്ച് ടീമിനെ അനായാസ ജയത്തിലേക്ക് നയിച്ചു.


ക്രിസ് ഗെയില്‍ എന്ന കുട്ടിക്രിക്കറ്റിലെ സംഹാര മൂര്‍ത്തിയെ മെരുക്കാനായാല്‍ വെസ്റ്റിന്‍ഡിസീനെ തളയ്ക്കാനാകുമെന്നാകും എതിരാളികള്‍ പതിവായി കണക്കു കൂട്ടുക. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അടുത്തിടെ ഗെയിലിനെക്കാളേറെ ഭീഷണി സഹ ഓപ്പണറായ ലൂയിസാണ്. ഇന്ത്യക്കെതിരായ ഏക ട്വന്‍റി20 മത്സരത്തിലും ഗെയിലിനെ സാക്ഷി നിര്‍ത്തി ലൂയിസ് ഇന്ത്യന്‍ ബൌളിങ് നിരയെ ദയാവധത്തിന് വിധേയരാക്കി. ട്വന്‍റി20 കരിയറിലെ രണ്ടാം ശതകവുമായി നിറഞ്ഞാടിയ ലൂയിസ് കുട്ടിക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറും കുറിച്ച് ടീമിനെ അനായാസ ജയത്തിലേക്ക് നയിച്ചു. ഇന്ത്യക്കെതിരെ തന്നെയായിരുന്നു ലൂയിസിന്‍റെ ആദ്യ ശതകവും.

ഗെയിലാട്ടമല്ല, ഇന്ത്യയെ വിഴുങ്ങി ലൂയിസ് മാജിക്

ആദ്യ പത്ത് പന്തുകളില്‍ നിന്നും ഏഴ് റണ്‍ മാത്രം നേടിയ ലൂയിസ് ഇന്നിങ്സിലെ നാലാം ഓവറില്‍ സമിയെ നാല് തവണ ബൌണ്ടറി കടത്തി വരവറിയിച്ചു. 24 പന്തുകളില്‍ ഒരു പടുകൂറ്റന്‍ സിക്സറിന്‍റെ അകമ്പടിയോടെ 50 റണ്‍സിലേക്ക്... ഇതിനിടെ 47 റണ്‍ എന്ന വ്യക്തിഗത സ്കോറിലെത്തി നില്‍ക്കെ ലൂയിസ് നല്‍കിയ അവസരം മുതലാക്കാന്‍ സമിയും കൊഹ്‍ലിയും ശ്രമിച്ചെങ്കിലും ഒരു കൂട്ടിയിടി ഒഴുവാക്കിയ ഇരുവരും പുതിയ കരീബിയന്‍ വസന്തത്തിന് ഒരവരസം നല്‍കി. എട്ട് റണ്‍സിന് ശേഷം ദിനേശ് കാര്‍ത്തിക്കും ലൂയിസ് നല്‍കിയ അവസരം നിലത്തിട്ടു. 53 പന്തുകളില്‍ നിന്നും ശതകത്തിലേക്ക് കുതിക്കുന്നതിനിടെ ലഭിച്ച ഈ രണ്ട് ജീവനുകളും ആവോളം മുതലെടുത്താണ് ലൂയിസ് കത്തിക്കയറിയത്. 12 തവണയാണ് ലൂയിസ് പന്ത് കാണികളുടെ ഇടയിലേക്ക് അടിച്ചു കയറ്റിയത്. ഇന്ത്യക്കെതിരെ ഒരു ട്വന്‍റി20 ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പറത്തുന്ന താരവും ഇതോടെ വിന്‍ഡീസ് താരത്തിന് സ്വന്തമായി.