LiveTV

Live

Sports

റോമയുടെ രാജാവ് പടയോട്ടം പൂര്‍ത്തിയാക്കുമ്പോള്‍...

റോമയുടെ രാജാവ് പടയോട്ടം പൂര്‍ത്തിയാക്കുമ്പോള്‍...
Summary
ജെനോവയ്ക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ ടോട്ടി വികാരധീതനായിരുന്നു.

ഇറ്റാലിയന്‍ ക്ലബ് എഎസ് റോമയുടെ ഇതിഹാസ താരം ഫ്രാന്‍സിസ്കോ ടോട്ടി വിരമിച്ചു. ടീമിനൊപ്പമുള്ള 25 വര്‍ഷം നീണ്ട കരിയറിന് ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്. ജെനോവയ്ക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ ടോട്ടി വികാരധീതനായിരുന്നു. കരഘോഷത്തോടെയാണ് അദ്ദേഹത്തെ ഗാലറി സ്വാഗതം ചെയ്തത്.

റോമയുടെ രാജാവ് പടയോട്ടം പൂര്‍ത്തിയാക്കുമ്പോള്‍...

സീരീ എ സീസണില്‍ ടീമിന്‍റെ അവസാന മത്സരത്തില്‍ 54 ആം മിനിറ്റിലാണ് അദ്ദേഹം കളത്തിലെത്തിയത്. മത്സരത്തില്‍ 3-2 ന് ജയിച്ച് റോമ പോയിന്‍റ് പട്ടികയില്‍ യുവന്റസിന് പിന്നില്‍ രണ്ടാമതെത്തുകയും ചെയ്തു. മത്സര ശേഷം ക്ലബ്ബും ടീം ആരാധകരും തങ്ങളുടെ ഇതിഹാസപുരുഷന് യാത്രയയപ്പ് നല്‍കുമ്പോള്‍ അദ്ദേഹത്തിന്‍റെ കുടുംബവും സാക്ഷിയായിരുന്നു. നിറകണ്ണുകളോടെയാണ് റോം തങ്ങളുടെ ചക്രവര്‍ത്തിക്ക് യാത്രയയപ്പ് നല്‍കിയത്.

ക്ലബ്ബ് മാറാതെ റോമയോടൊപ്പം കാല്‍ നൂറ്റാണ്ട്. ഫുട്ബോള്‍ ‍ലോകത്ത് ചുരുക്കം ചിലര്‍ മാത്രമാണ് ഒരു ക്ലബ്ബിനായി ജീവിതം മുഴുവന്‍ നീക്കിവെച്ചത്. ഈ വര്‍ഷമത്രയും തികഞ്ഞ അര്‍പ്പണ ബോധത്തോടെയാണ് അദ്ദേഹം കളിച്ചത്. 1989ല്‍ പ്രാദേശിക ക്ലബ്ബായ ലോഡിജിയാനിയില്‍ നിന്നാണ് പന്ത്രണ്ടു വയസ്സുകാരനായ ടോട്ടിയെ റോമ യൂത്ത് ടീമിലെടുക്കുന്നത്. ചിരവൈരികളായ ലാസിയോയുടെ താല്‍പര്യം മറികടന്നായിരുന്നു അത്. 1992ല്‍ 16ാം വയസില്‍ ക്ലബ്ബിന്‍റെ സീനിയര്‍ ടീമിനായി അരങ്ങേറുകയും ചെയ്തു. അറ്റാക്കിങ് മിഡ്ഫീല്‍ഡറായും സ്ട്രൈക്കറുമായെല്ലാം അദ്ദേഹം തിളങ്ങി. കാല്‍ നൂറ്റാണ്ടിനിടെ ഒരുവട്ടം മാത്രമാണ് റോമ ലീഗ് കിരീടം ചൂടിയത്.

റോമയുടെ രാജാവ് പടയോട്ടം പൂര്‍ത്തിയാക്കുമ്പോള്‍...

ഇറ്റാലിയന്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളില്‍ സില്‍വ്യോ പിയോളക്ക് പിന്നില്‍ രണ്ടാമനാണ് ടോട്ടി. റോമക്കായി 786 മത്സരങ്ങള്‍ കളിച്ചു. ഒരു ക്ലബ്ബിനായി ഇത്രയധികം മത്സരങ്ങള്‍ കളിച്ച മറ്റൊരു താരമില്ല. റോമക്കായി 307 ഗോളുകള്‍ നേടി. ഇറ്റാലിയന്‍ ലീഗില്‍ 25 സീസണുകളില്‍ കളിച്ചതാരങ്ങളില്‍ പൌലോ മാല്‍ഡീനിക്കൊപ്പം അദ്ദേഹമുണ്ടായിരുന്നു. 2006-7 സീസണില്‍ റോമക്കായി 32 ഗോളുകളാണ് നേടിയത്. ആ വര്‍ഷം തന്നെ ഇറ്റാലിയന്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ടിനും അദ്ദേഹം അര്‍ഹനായി. 22 വയസ്സില്‍ റോമയുടെ നായകന്‍രെ റോളിലെത്തി. ഇറ്റാലിയന്‍ ലീഗില്‍ ഇത്രയും കുറഞ്ഞ പ്രായത്തില്‍ നായകനാകുന്ന ഏക താരവുമായി.

2006ല്‍ ലോകകപ്പ് കിരീടം നേടിയ ഇറ്റലി ദേശീയ ടീമില്‍ അംഗമായിരുന്ന ടോട്ടി 2007ല്‍ യൂറോപ്പിലെ ടോപ് സ്‌കോറര്‍ക്കുള്ള സുവര്‍ണപാദുകവും സ്വന്തമാക്കി. 2004ല്‍ ബ്രസീല്‍ ഇതിഹാസം പെലെ തെരഞ്ഞെടുത്ത, ജീവിച്ചിരിക്കുന്ന 100 മികച്ച ഫുട്‌ബോളര്‍മാരുടെ പട്ടികയിലും ഇടം പിടിച്ചു.