LiveTV

Live

Sports

പാക് സൈന്യത്തില്‍ ചേരാന്‍ ആഗ്രഹമെന്ന് വിന്‍ഡീസ് താരം മാര്‍ലോണ്‍ സാമുവല്‍സ്

പാക് സൈന്യത്തില്‍ ചേരാന്‍ ആഗ്രഹമെന്ന് വിന്‍ഡീസ് താരം മാര്‍ലോണ്‍ സാമുവല്‍സ്
Summary
താനൊരു സൈനികനാണെന്നും പാക് സൈനിക മേധാവിയെ സെല്യൂട്ട് ചെയ്യുന്നുവെന്നും പറഞ്ഞ സാമുവല്‍സ് ഒരു പടി കൂടി കടന്ന് പാകിസ്താന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹമുണ്ടെന്ന് കൂടി പറഞ്ഞു...

പാകിസ്താന്‍ സൈന്യത്തില്‍ ചേരാനുള്ള ആഗ്രഹം പങ്കുവെച്ച വെസ്റ്റിന്‍ഡീസ് താരം മാര്‍ലോണ്‍ സാമുവല്‍സ് വിവാദത്തില്‍. പാകിസ്താന്‍ ക്രിക്കറ്റ് ലീഗ് ഫൈനലിനായി ലാഹോറിലെത്തിയ സാമുവല്‍സ് പാകിസ്താന്‍ സൈന്യം ഒരുക്കിയ സുരക്ഷാ നടപടികളില്‍ ആകൃഷ്ടനായാണ് ഇങ്ങനെയൊരു ആഗ്രഹം പറഞ്ഞത്.

ഷാര്‍ജ്ജയില്‍ നടന്ന പാകിസ്താന്‍ ക്രിക്കറ്റ് ലീഗിന്റെ ഫൈനല്‍ മത്സരം പാകിസ്താനിലെ ലാഹോറിലാണ് നടന്നത്. പാകിസ്താനിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ തിരികെ കൊണ്ടുവരുകയായിരുന്നു ഈ നീക്കത്തിന് പിന്നില്‍. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പിഎസ്എല്‍ ഫൈനലില്‍ കളിക്കുന്നതില്‍ നിന്നും വിദേശ താരങ്ങള്‍ പിന്മാറിയതോടെ ഇത് വിചാരിച്ചത്ര ഫലം കണ്ടില്ല.

പിഎസ്എല്‍ കിരീടം നേടിയ പെഷവാര്‍ സാല്‍മി ടീം അംഗം കൂടിയാണ് 36കാരനായ മാര്‍ലോണ്‍ സാമുവല്‍സ്. മത്സരശേഷം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മാര്‍ലോണ്‍ സാമുവല്‍സ് പാക് സൈന്യത്തേയും സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയേയും പ്രശംസകള്‍ കൊണ്ട് മൂടുന്നത്. പിഎസ്എല്‍ കിരീടം നേടിയ ടീമിനെ ശനിയാഴ്ച്ച ബാജ്‌വ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മാര്‍ലോണ്‍ സാമുവല്‍സിന്റെ സന്ദേശം പ്രത്യക്ഷപ്പെട്ടത്.

ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിനെ 58 റണ്‍സിന് തോല്‍പ്പിച്ചാണ് പെഷവാര്‍ സാല്‍മി കിരീടം നേടിയത്. പിഎസ്എല്ലിന്റെ രണ്ടാം പതിപ്പാണ് ലാഹോറില്‍ സമാപിച്ചത്. ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിലെ ഇംഗ്ലീഷ് താരങ്ങളായ കെവിന്‍ പീറ്റേഴ്‌സണ്‍, ലുക്ക് റൈറ്റ്, ടൈമല്‍ മില്‍സ് എന്നിവരാണ് ലാഹോറില്‍ കളിക്കാന്‍ വിസമ്മതിച്ചത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ വിട്ടുനില്‍ക്കല്‍. ഇതിനെതിരെ പാക് ആരാധകര്‍ രംഗത്തെത്തിയതോടെ സോഷ്യല്‍മീഡിയയില്‍ പോര് മുറുകിയിരുന്നു.

താരങ്ങള്‍ക്ക് സുരക്ഷയൊരുക്കിയ പാക് സൈന്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് സാമുവല്‍സിന്റ വീഡിയോ ആരംഭിക്കുന്നത്. ജമൈക്കയില്‍ നിരവധി പാകിസ്താന്‍കാര്‍ സുഹൃത്തുക്കളാണെന്നും പാകിസ്താന്‍ സ്വന്തം രാജ്യം പോലെയാണെന്നും സാമുവല്‍സ് പറഞ്ഞു. അതുകൊണ്ടു തന്നെ പാകിസ്താനിലേക്ക് വരുന്നതിനെക്കുറിച്ച് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

താനൊരു സൈനികനാണെന്നും പാക് സൈനിക മേധാവിയെ സെല്യൂട്ട് ചെയ്യുന്നുവെന്നും പറഞ്ഞ സാമുവല്‍സ് ഒരു പടി കൂടി കടന്ന് പാകിസ്താന്‍ സൈന്യത്തില്‍ അംഗമാകാന്‍ ആഗ്രഹമുണ്ടെന്ന് കൂടി പറഞ്ഞു. പാക് ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാന്‍ ലഭിക്കുന്ന ഏതൊരു അവസരവും ഉപയോഗിക്കുമെന്നും താന്‍ പാകിസ്താനൊപ്പമുണ്ടെന്നും സാമുവല്‍സ് പറയുന്നു.

@MarlonSamuels7 Salute from the Whole Nation for such a marvellous words. You are the campions of the hearts.Special message to the Army 1/2 pic.twitter.com/8ppPIqG9ml

— Javed Afridi (@JAfridi10) March 11, 2017

വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി 187 ഏകദിനങ്ങളും 71 ടെസ്റ്റുകളും കളിച്ച താരമാണ് മാര്‍ലോണ്‍ സാമുവല്‍സ്.