LiveTV

Live

Sports

മെസിയുടേയും സംഘത്തിന്റേയും അതി വൈകാരിക ആഘോഷം

മെസിയുടേയും സംഘത്തിന്റേയും അതി വൈകാരിക ആഘോഷം
Summary
അസാധ്യമെന്ന് എല്ലാവരും കരുതിയത് സാധ്യമാക്കിയതിന്റെ എല്ലാ ആവേശവും മത്സരശേഷം മെസിയും കൂട്ടരും നടത്തിയ വിജയാഘോഷങ്ങളിലുണ്ടായിരുന്നു...

62 വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവ് പ്രകടനമാണ് ബാഴ്‌സലോണ പിഎസ്ജിക്കെതിരെ നടത്തിയത്. എവേ മാച്ചില്‍ നാല് ഗോളിന് തോറ്റശേഷം സ്വന്തം തട്ടകത്തില്‍ ആറ് ഗോള്‍ നേടി വിജയം പിടിച്ചെടുത്ത് പുതുചരിത്രം രചിക്കുകയായിരുന്നു ബാഴ്‌സലോണ. അസാധ്യമെന്ന് എല്ലാവരും കരുതിയത് സാധ്യമാക്കിയതിന്റെ എല്ലാ ആവേശവും മത്സരശേഷം മെസിയും കൂട്ടരും നടത്തിയ വിജയാഘോഷങ്ങളിലുണ്ടായിരുന്നു.

ലോകം കീഴടക്കിയ ആവേശത്തിലാണ് പൂര്‍ണ്ണസമയവിസില്‍ മുഴങ്ങിയതിന് പിന്നാലെ നൗകാമ്പിലെ കാണികളെ നോക്കി മെസി ഓടിയടുത്തത്. ആരാധകര്‍ക്ക് മരണം വരെ മനസില്‍ താലോലിക്കാന്‍ തക്ക നിരവധി നിമിഷങ്ങള്‍ പാരിസ് സെന്റ് ജര്‍മ്മനെതിരായ ഒന്നര മണിക്കൂര്‍ മത്സരത്തിനിടെ സൃഷ്ടിക്കപ്പെട്ടിരുന്നു. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനുറ്റില്‍(95) സെര്‍ജി റോബര്‍ട്ടോ ഗോള്‍ നേടിയപ്പോള്‍ നൗകാമ്പ് ആഘോഷാധിക്യത്താല്‍ പൊട്ടിത്തെറിച്ചു.

¡OJO! "Messi NUNCA OS DEJARÁ TRANQUILOS", el @lobo_carrasco EXPLOTA en #ChiringuitoBarcelona ¡TODOS A MEGA! pic.twitter.com/N1usfMTPHv

— El Chiringuito TV (@elchiringuitotv) March 8, 2017

അതി വൈകാരികമായിരുന്നു മെസിയുടെ ആഘോഷം. കാണികള്‍ക്ക് താഴെ ഗോള്‍ പോസ്റ്റിനോട് ചേര്‍ന്നിരുന്നിരുന്ന മാധ്യമ ക്യാമറകള്‍ക്കിടയിലേക്ക് മെസി ഓടിക്കയറി. സുരക്ഷാ വേലിയില്‍ കയറി നിന്ന് വായുവിലേക്ക് മുഷ്ടി ചുരുട്ടി നിരവധിതവണ ആവേശം കാണികളിലേക്ക് പകര്‍ന്നു. ഇതിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ആവേശത്തോടെ മെസിയെ കെട്ടിപ്പിടിക്കുന്നുണ്ടായിരുന്നു. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വന്നാണ് പിടിച്ചുമാറ്റിയത്. അതിന് ശേഷവും കാണികളെ ആവേശം കൊള്ളിച്ച് മൈതാനത്ത് മെസിയും കറ്റാലന്‍ പടയും പറന്നു നടന്നു.

ഡ്രസിംങ് റൂമിലെ ആഘോഷത്തിന്റെ പടം ബാഴ്‌സലോണയുടെ തുര്‍ക്കി താരം അര്‍ഡ തുറാന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് 'ഫുട്‌ബോള്‍ ടീം' എന്ന് വിളിക്കാം, ഞങ്ങളതിനെ 'ബാഴ്‌സ' എന്നുവിളിക്കും. നിങ്ങള്‍ക്ക് 'മഹാത്ഭുതം' എന്ന് വിശേഷിപ്പിക്കാം. ഞങ്ങളതിന് 'സാധാരണം' എന്നേ പറയൂ- എന്നാണ് തുറാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

മത്സരത്തിനിടെ ഓരോ ഗോള്‍ നേടുമ്പോഴും ആഘോഷത്തിന് നില്‍ക്കാതെ ഒരു നിമിഷം പോലും വൈകിക്കാതെ പന്തെടുത്ത് മൈതാന മധ്യത്തിലേക്ക് ബാഴ്‌സ താരങ്ങള്‍ ഓടുന്നുണ്ടായിരുന്നു. വിജയഗോളിന് പിന്നാലെ എന്റിക്വെയുടെ ആഘോഷം തന്നെ എത്രത്തോളം ആവേശകരമായിരുന്നു മത്സരം എന്നതിന്റെ തെളിവാണ്. പിഎസ്ജിയുമായുള്ള ആദ്യപാദത്തിലെ തോല്‍വിക്ക് ശേഷം താന്‍ ബാഴ്‌സലോണ വിടുകയാണെന്ന് പരിശീലകന്‍ ലൂയിസ് എന്റിക്വെ പറഞ്ഞിരുന്നു.