LiveTV

Live

Sports

ബോട്ട് അപകടത്തെ അതിജീവിച്ച് മുന്നൂറിന്‍റെ തിളക്കത്തിലേക്ക്

ബോട്ട് അപകടത്തെ അതിജീവിച്ച് മുന്നൂറിന്‍റെ തിളക്കത്തിലേക്ക്
Summary
ശാസ്ത്രി പറഞ്ഞ പോലെ ചരിത്ര നായകനാകാന്‍ കാലം കരുണിനെ കാത്തുരക്ഷിക്കുകയായിരുന്നു.  സഞ്ജു വി സാംസണിനൊപ്പം സിംബാബ്‍വേയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കരുണ്‍ നാട്ടില്‍ തിരിച്ചെത്തി ....


ട്രിപ്പിള്‍ ശതകത്തോടെ ചരിത്രം കുറിച്ച കരുണ്‍ നായര്‍ ഏറ്റവും ഒടുവിലായി ഇതിനു മുന്പ് വാര്‍ത്തകളി ല്‍ നിറഞ്ഞത് വലിയൊരു ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടപ്പോഴായിരുന്നു. ഇക്കഴിഞ്ഞ ജൂലൈയില്‍ പന്പ നദിയില്‍ മറിഞ്ഞ ചുണ്ടന്‍വള്ളത്തില്‍ കരുണും ഉണ്ടായിരുന്നു. ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ വള്ള സദ്യയില്‍ പങ്കെടുക്കുമ്പോഴായിരുന്നു അപകടം. നീന്തലറിയില്ലെങ്കിലും കരുണിനെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി കരയ്ക്കടുപ്പിക്കുകയായിരുന്നു. മുന്നൂറിന്‍റെ ചരിത്രം കുറിച്ച ശേഷം രവിശാസ്ത്രിയുമായി സംസാരിക്കുമ്പോള്‍ കരുണ്‍ തന്നെ ഇത് വ്യക്തമാക്കുകയും ചെയ്തു, തനിക്കൊരു രണ്ടാം ജന്മം സമ്മാനിച്ചത് നാട്ടുകാരാണെന്നും മരണത്തിന്‍റെ മുനന്പില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാനാണെന്നുമായിരുന്നു കരുണിന്‍റെ പ്രതികരണം. ശാസ്ത്രി പറഞ്ഞ പോലെ ചരിത്ര നായകനാകാന്‍ കാലം കരുണിനെ കാത്തുരക്ഷിക്കുകയായിരുന്നു. സഞ്ജു വി സാംസണിനൊപ്പം സിംബാബ്‍വേയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കരുണ്‍ നാട്ടില്‍ തിരിച്ചെത്തി അധികം വൈകാതെയായിരുന്നു ആ അപകടം.

ഭാഗ്യത്തിന്‍റെ കരം പിടിച്ചാണ് ഇന്ത്യന്‍ ടീമിലേക്കും ഇത്തവണ കരുണ്‍ നടന്നടുത്തത്. മധ്യനിരയിലെ രണ്ട് താരങ്ങള്‍ പരിക്കിന്‍റെ പിടിയിലായതോടെ കരുണ്‍ ടീമിലെത്തുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനങ്ങളും ടീമിലേക്കുള്ള പ്രവേശം എളുപ്പമാക്കി. ഇന്ത്യന്‍ കുപ്പായമണിഞ്ഞ ആദ്യ രണ്ട് ടെസ്റ്റുകളിലും കാര്യമായൊന്നും ചെയ്യാന്‍ കരുണിന് ആയില്ല. എന്നാല്‍ രഞ്ജിയില്‍ കര്‍ണാടകത്തിനായി കളിക്കുന്ന കരുണിലെ പ്രതിഭയെ അടുത്തറിയുന്ന പരിശീലകന്‍ കുംബ്ലെയുടെ സാന്നിധ്യവും നായകന്‍ കൊഹ്‍ലി അര്‍പ്പിച്ച വിശ്വാസവും മൂന്നാം ടെസ്റ്റിലും കരുണിനെ ടീമിലൊരാളാക്കി. പിന്നെ ചരിത്രം രചിച്ച് ആദ്യ ശതകം....ഡ‍ബിള്‍... ഒടുവില്‍ ട്രിപ്പിളെന്ന അപൂര്‍വ്വ നേട്ടവും.

2013-14ലെ രഞ്ജി ട്രോഫിയില്‍ കര്‍ണാടകത്തെ വിജയികളാക്കുന്നതില്‍ കരുണ്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ ശതകമുള്‍പ്പെടെ റണ്‍ മഴ ഒരുക്കി കരുണ്‍ തന്നിലെ പ്രതിഭയുടെ ആഴങ്ങള്‍ വ്യക്തമാക്കി. 15 വര്‍ഷത്തെ ഇടവേളക്ക് ശേഷം കര്‍ണാടകയെ രഞ്ജി ജേതാക്കളാക്കിയ പടുകൂറ്റന്‍ സിക്സര്‍ പിറന്നതും കരുണിന്‍റെ ബാറ്റില്‍ നിന്നായിരുന്നു. രഞ്ജിയിലെ പ്രകടനങ്ങളുടെ കരുത്തില്‍ ഇന്ത്യ എ ടീമിലും കരുണ്‍ ഇടം കണ്ടെത്തി. രാഹുല്‍ ദ്രാവിഡിനു കീഴിലുള്ള ആ കാലം കരുണിലെ ബാറ്റ്സ്മാനെ തേച്ചുമിനുക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. 2015ലെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ പരിക്കേറ്റ മുരളി വിജയ്ക്ക് പകരക്കാരനായി ഇന്ത്യന്‍ ടെസ്റ്റ് ടീമിലെത്തിയെങ്കിലും അരങ്ങേറ്റം സ്വപ്നമായി തുടര്‍ന്നു. 2014ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ ഐപിഎല്ലിലെത്തിയ കരുണ്‍ പലപ്പോഴും ഷെയിന്‍ വാട്സണോടൊപ്പം ഇന്നിങ്സ് ആരംഭിക്കാന്‍ നിയോഗിക്കപ്പെട്ടു, 2016ലെ ഐപിഎല്‍ ലേലത്തില്‍ നാല് കോടി രൂപക്ക് കരുണിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി.

2016 ജൂണ്‍ 11ന് സിംബാബ്‍വേക്കെതിരെ ഹരാരെയില്‍ ഏകദിന അരങ്ങേറ്റം. രണ്ട് മത്സരങ്ങളില്‍ നിന്നും 46 റണ്‍സാണ് കരുണിന്‍റെ നേട്ടം. 39 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. മൊഹാലിയില്‍ ടെസ്റ്റ് അരങ്ങേറ്റം. രണ്ട് ടെസ്റ്റുകള്‍ സമ്മാനിച്ച അനുഭവ പരിചയവുമായി ചെന്നൈയിലേക്ക്. വീരേന്ദ്ര സേവാഗ് ഇടിത്തീയായി 300 റണ്‍ നേടിയ ചെപ്പോക്കിലെ പിച്ചില്‍ മുന്നൂറിന്‍റെ നിറവില്‍ കരിയറിന് സ്വപ്നതുല്യമായ തുടക്കം. പകരക്കാരനായി എത്തി ചരിത്ര നായകനായി മാറിയ കരുണിനെ ടീമില്‍ സംരക്ഷിക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് ഇനി നിര്‍ബന്ധിതമാകുമെന്ന് ഉറപ്പ്.