LiveTV

Live

Sports

ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം തേടി റയല്‍ മാഡ്രിഡ്

ഫിഫ ക്ലബ്ബ് ലോകകപ്പ്  കിരീടം തേടി റയല്‍ മാഡ്രിഡ്
Summary
ക്ലബ്ബ് ഫുട്ബോളിലെ പ്രതാപികളായ റയല്‍ മാഡ്രിഡ് മൂന്നാം ലോക കിരീടം ലക്ഷ്യമിട്ടാണ് ഷെയ്ക് സയ്യിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്

ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനല്‍ ഇന്ന്. നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡും ബ്രസീലിയന്‍ ക്ലബ്ബ് ഗ്രീമിയോയും തമ്മിലാണ് കലാശപ്പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 10.30 ന് അബൂദബിയിലാണ് മത്സരം.

ക്ലബ്ബ് ഫുട്ബോളിലെ പ്രതാപികളായ റയല്‍ മാഡ്രിഡ് മൂന്നാം ലോക കിരീടം ലക്ഷ്യമിട്ടാണ് ഷെയ്ക് സയ്യിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്. ഇന്ന് ചാംപ്യന്മാരായാല്‍ ക്ലബ്ബ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടമെന്ന ബാഴ്സയുടെ റെക്കോര്‍‍ഡിനൊപ്പമെത്താന്‍ സിദാനും കൂട്ടര്‍ക്കുമാകും. ക്ലബ്ബ് ലോകകപ്പിലെ ഗോള്‍വേട്ടക്കാരനും നിലവിലെ ലോക ഫുട്ബോളറുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് റയലിന്റെ പ്രധാന ശക്തി. പരിക്കില്‍ നിന്ന് മോചിതനായി എത്തിയ ഗാരത് ബെയ്‍ലും ടീമിന്റെ കരുത്ത് കൂട്ടുമെന്ന് സിദാന്‍ വിശ്വസിക്കുന്നു. സെമിയില്‍ അല്‍ജസീറക്കെതിരെ ഗോള്‍ നേടാനും ബെയ്‍ലിനായിരുന്നു. മുന്നേറ്റത്തില്‍ അസെന്‍സിയോയാകും റോണോക്കും ബെയ്‍ലിനും കൂട്ട്. സെര്‍ജ്യോ റാമോസ് സസ്പെന്‍ഷന് ശേഷം ഇന്ന് ടീമിനൊപ്പം ചേരും. ടോണി ക്രൂസ്, മാഴ്സലോ, മോഡ്രിച്ച് തുടങ്ങിയ മറ്റു പ്രമുഖ താരങ്ങള്‍ക്കും സിദാന്‍ ആദ്യ ഇലവനില്‍ ഇടം നല്കുന്നുണ്ട്.

തെക്കെ അമേരിക്കന്‍ ചാംപ്യന്മാരായ ഗ്രീമിയോ മെക്സിക്കന്‍ ക്ലബ്ബ് പച്ചൂക്കയെ മറികടന്നാണ് ഫൈനലില്‍ കടന്നത്. റയലെന്ന വന്പന്മാരെ നേരിടുമ്പോള്‍ പുതിയ തന്ത്രങ്ങളാണ് ബ്രസീലിയന് ക്ലബ്ബ് ഒരുക്കുന്നത്. താരതമ്യേന ദുര്‍ബലരാണെങ്കിലും റയലിനെതിരെ വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട് ഗ്രീമിയോ. പ്രധാന മധ്യനിര താരം ആര്‍ഥറിന്റെ അഭാവം ടീമിനുണ്ട്. ഇന്ന് ജയിച്ചാല്‍ അത് ചരിത്രത്തില്‍ വലിയൊരു നാഴികകല്ലാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.