LiveTV

Live

Sports

ഫീല്‍ഡിങിലെ തട്ടിപ്പ്; പുതിയ ക്രിക്കറ്റ് നിയമത്തിന്റെ ആദ്യ ഇര ഇവരാണ്... ശിക്ഷ ഇതായിരുന്നു...

ഫീല്‍ഡിങിലെ തട്ടിപ്പ്; പുതിയ ക്രിക്കറ്റ് നിയമത്തിന്റെ ആദ്യ ഇര ഇവരാണ്... ശിക്ഷ ഇതായിരുന്നു...
Summary
ഐസിസി പുതിയ ക്രിക്കറ്റ് നിയമമൊക്കെ കൊണ്ടുവന്നെങ്കിലും 'ചൊട്ടയിലെ ശീലം ചുടല വരെ' എന്ന പഴഞ്ചൊല്ല് പോലെയാണ് ചില താരങ്ങളുടെ കളികള്‍.

ഐസിസി പുതിയ ക്രിക്കറ്റ് നിയമമൊക്കെ കൊണ്ടുവന്നെങ്കിലും 'ചൊട്ടയിലെ ശീലം ചുടല വരെ' എന്ന പഴഞ്ചൊല്ല് പോലെയാണ് ചില താരങ്ങളുടെ കളികള്‍. ഐസിസി പുതുതായി പ്രാബല്യത്തില്‍ കൊണ്ടുവന്ന നിയമത്തിന്റെ ശിക്ഷ ആദ്യമായി അനുഭവിക്കേണ്ടി വന്നത് ആസ്ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റ് ലീഗ് താരം മാര്‍നസ് ലബ്ഷേഗ്‍നാണ്. ഫീല്‍ഡിങിലെ 'തട്ടിപ്പി'നായിരുന്നു ശിക്ഷ. ഫീല്‍ഡ് ചെയ്യുന്നതിനിടെ ലബ്ഷേഗ്‍ന്‍ ബാറ്റ്സ്മാനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനായിരുന്നു അംപയര്‍ ശിക്ഷ വിധിച്ചത്. ക്യൂന്‍സ്‍ലാന്‍ഡ് ബുള്‍സ് താരമാണ് ലബ്ഷേഗ്‍ന്‍.

ഫീല്‍ഡിങിലെ തട്ടിപ്പ്; പുതിയ ക്രിക്കറ്റ് നിയമത്തിന്റെ ആദ്യ ഇര ഇവരാണ്... ശിക്ഷ ഇതായിരുന്നു...

ക്യൂന്‍സ്‍ലാന്‍ഡും ക്രിക്കറ്റ് ആസ്ട്രേലിയ ഇലവനും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു അംപയര്‍ പുതിയ നിയമത്തിലെ ലംഘനം കണ്ടെത്തിയതും ഉടന്‍ തന്നെ ശിക്ഷയും വിധിച്ചത്. ആസ്ട്രേലിയ ഇലവന്‍ ബാറ്റ്സ്‍മാന്‍ പരം ഉപല്‍ മിഡ് ഓഫിലേക്ക് തൊടുത്ത പന്ത് അടുത്തെത്തിയപ്പോഴേക്കും ലബ്ഷേഗ്‍ന്‍ ചാടി വീണു. ഉഗ്രന്‍ ഡൈവൊക്കെ ആയിരുന്നെങ്കിലും പന്ത് കയ്യില്‍ കിട്ടിയില്ല. എങ്കിലും റണ്ണിനായി ഓടാന്‍ തുടങ്ങിയ ബാറ്റ്സ്‍മാനെ പരിഭ്രമിപ്പിക്കാനായി പന്ത് കിട്ടിയതു പോലെ അഭിനയിച്ച് എറിയാന്‍ ഓങ്ങി. ഇതുകണ്ടതോടെ റണ്ണൌട്ടിന്റെ സാധ്യതയില്‍ ബാറ്റ്സ്‍മാന്‍ തിരികെ ക്രീസില്‍ കയറാന്‍ ശ്രമിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ ഇത് അഭിനയമാണെന്ന് തിരിച്ചറിഞ്ഞതോടെ ഒരു റണ്‍ ഓടിയെടുക്കുകയും ചെയ്തു. പക്ഷേ ഈ അഭിനയമില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ രണ്ട് റണ്‍സ് ആസ്ട്രേലിയ ഇലവന് ലഭിക്കുമായിരുന്നു. ഏതായാലും ഒരു റണ്‍ ഒഴിവാക്കാനായി ലബ്ഷേഗ്‍ന്‍ നടത്തിയ നാടകത്തിന് ഒരു സിക്സറിന്റെ വില നല്‍കേണ്ടി വരുമെന്ന് ക്യൂന്‍സ്‍ലാന്‍ഡ് കരുതിയിട്ടുണ്ടാകില്ല. ഏതായാലും അംപയര്‍ ലബ്ഷേഗ്‍ന്റെ നാടകത്തിന് വിലയിട്ടത് അഞ്ച് റണ്‍സ്. ഇതോടെ എതിര്‍ ടീമിന് ഓടിയെടുത്ത ഒരു റണ്ണും പിഴയായി അഞ്ച് റണ്‍സും ലഭിച്ചു. ഫീല്‍ഡര്‍ ബോധപൂര്‍വം വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ ബാറ്റ്സ്‍മാനെ തെറ്റിദ്ധരിപ്പിക്കുകയോ തടസം സൃഷ്ടിക്കുകയോ ചെയ്യുന്നത് പുതിയ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.