LiveTV

Live

Sports

ഷോട്ട്പുട്ട് താരം മന്‍പ്രീത് കൌര്‍ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്

ഷോട്ട്പുട്ട് താരം മന്‍പ്രീത് കൌര്‍ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്
Summary
ജൂണ്‍ 1 മുതല്‍ നാല് വരെ പാട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പിനിടെയാണ് പരിശോധനക്ക് വിധേയയായത്

ഇന്ത്യയുടെ വനിതാ ഷോട്ട്പുട്ട് താരം മന്‍പ്രീത് കൌര്‍ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയായ നാഡയാണ് പരിശോധന നടത്തിയത്. ജൂണ്‍ 1 മുതല്‍ നാല് വരെ പാട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പിനിടെയാണ് പരിശോധനക്ക് വിധേയയായത്. പരിശോധനയില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ നാഡക്ക് മുന്നില്‍ ഹാജരാകേണ്ടി വരും. ഇവിടെ നിരപരാധിത്വം തെളിയിക്കാനായാല്‍ വിലക്കുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിന്ന് താരത്തിന് രക്ഷപ്പെടാം. അല്ലെങ്കില്‍ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‍ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ലഭിച്ച സ്വര്‍ണ മെഡല്‍ നഷ്ടമായേക്കും. എങ്കിലും അടുത്ത മാസം ലണ്ടനില്‍ നടക്കുന്ന ലോക അത്‍ലറ്റിക് മീറ്റിന് മന്‍പ്രീതിന് പങ്കെടുക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഏറ്റവും മികച്ച അത്‍ലറ്റുകളിലൊരാളാണ് മന്‍പ്രീത്. ഏപ്രില്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍ഡ് പ്രിയില്‍ 18.86 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയിരുന്നു. ഗുണ്ടൂരില്‍ നടന്ന അന്തര്‍ദേശീയ അത്‍ലറ്റിക്സ് മീറ്റിലും മുന്നിലായിരുന്നു.

റിയോ ഒളിംപിക്സില്‍ പങ്കെടുത്തിരുന്നെങ്കിലും 23 ആം സ്ഥാനത്ത് ഒതുങ്ങി. ഇപ്പോഴത്തെ സംഭവം ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പിലെ മന്‍പ്രീതിന്റെ പ്രകടനത്തെ ബാധിക്കുമോ എന്നാണ് ആശങ്ക.