LiveTV

Live

Sports

'ടിവിക്ക് വില കൂടുതലാണ്, തല്ലിപ്പൊട്ടിക്കാന്‍ പുതിയ റേഡിയോ വാങ്ങൂ' അക്തറിന് സെവാഗിന്റെ ഉപദേശം

'ടിവിക്ക് വില കൂടുതലാണ്, തല്ലിപ്പൊട്ടിക്കാന്‍ പുതിയ റേഡിയോ വാങ്ങൂ' അക്തറിന് സെവാഗിന്റെ ഉപദേശം
Summary
ഞങ്ങളുടെ കയ്യില്‍ പഴയ പ്രവര്‍ത്തിക്കാത്ത ചൈനീസ് ടിവികള്‍ ഒരുപാടുണ്ടെന്നും ഇതാണ് തല്ലിപ്പൊട്ടിക്കാറെന്നുമായിരുന്നു അക്തറിന്റെ മറുപടി. 

ഇന്ത്യ പാകിസ്താന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ എല്ലാക്കാലത്തും ആരാധകരില്‍ ആവേശം നിറച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കു നേര്‍ വരുമ്പോഴും ആവേശത്തിന് കുറവില്ല. ആരാധകര്‍ക്കൊപ്പം മുന്‍ ക്രിക്കറ്റ് താരങ്ങളും ആവേശത്തിലാണെന്ന് തെളിയിക്കുന്നതാണ് വീരേന്ദ്ര സെവാഗിന്റേയും ശുഹൈബ് അക്തറിന്റേയും അഭിപ്രായപ്രകടനങ്ങള്‍.

ജൂണ്‍ നാലിന് ഇന്ത്യ പാകിസ്താനെ തകര്‍ക്കുമെന്നതില്‍ സംശയമില്ലെന്നാണ് സെവാഗ് എബിപി ന്യൂസില്‍ പറഞ്ഞത്. സെവാഗിനെ ചാമ്പ്യന്‍സ് ട്രോഫിയിലെ മുന്‍ മത്സരങ്ങളുടെ കണക്കുകള്‍ വെച്ചാണ് അക്തര്‍ നേരിടാന്‍ ശ്രമിച്ചത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ മൂന്നില്‍ രണ്ട് മത്സരങ്ങളും ജയിച്ചത് പാകിസ്താനാണെന്നതായിരുന്നു അക്തറിന്റെ ബൗണ്‍സര്‍. അക്തറിന്റെ ബൗണ്‍സറിനെ സ്വതസിദ്ധമായ ശൈലിയില്‍ സിക്‌സറിന് പറത്തുന്ന മറുപടിയാണ് സെവാഗ് നല്‍കിയതും.

ഇന്ത്യയുമായുള്ള മത്സരം തോറ്റുകഴിഞ്ഞ് ടിവി സെറ്റുകള്‍ തല്ലിപ്പൊളിക്കരുതെന്നും വിലകുറഞ്ഞ റേഡിയോ വാങ്ങിവെച്ച് തല്ലിപ്പൊളിച്ചാല്‍ സാമ്പത്തികമായി ലാഭമാണെന്നുമുള്ള ഉപദേശമാണ് സെവാഗ് നല്‍കിയത്. സെവാഗിന്റെ കളിയാക്കലിനെ ഗൗരവത്തോടെയാണ് അക്തര്‍ നേരിട്ടതും. ഞങ്ങളുടെ കയ്യില്‍ പഴയ പ്രവര്‍ത്തിക്കാത്ത ചൈനീസ് ടിവികള്‍ ഒരുപാടുണ്ടെന്നും ഇതാണ് തല്ലിപ്പൊട്ടിക്കാറെന്നുമായിരുന്നു അക്തറിന്റെ മറുപടി.

ഓരോ വര്‍ഷവും രണ്ട് പരമ്പരകളെങ്കിലും ഇന്ത്യയും പാകിസ്താനും തമ്മില്‍ കളിക്കണമെന്ന നിര്‍ദ്ദേശവും അക്തര്‍ മുന്നോട്ടുവെച്ചു. അതിന്റെ ഗുണം ഇന്ത്യക്കാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്തറിന്റെ ഈ അഭിപ്രായത്തെയും സെവാഗ് യാതൊരു മയവുമില്ലാതെ നേരിട്ടു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ തന്നെ ലോകത്തെ ഏറ്റവും പണമുള്ള ബോര്‍ഡാണെന്നും. ഇങ്ങനെയൊരു പരമ്പര ഇന്ത്യയേക്കാള്‍ പാകിസ്താന്റെ ആവശ്യമാണെന്നുമാണ് സെവാഗ് പറഞ്ഞത്. ഇങ്ങനെ ലഭിക്കുന്ന പണം താരങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഉപയോഗിക്കാമെന്ന നിര്‍ദ്ദേശവും സെവാഗ് മുന്നോട്ടുവെച്ചു.

ചാമ്പ്യന്‍സ് ട്രോഫിയിലെ മുന്‍കാല പ്രകടനങ്ങളില്‍ പാകിസ്താനാണ് മുന്‍തൂക്കമെങ്കിലും സമീപകാല പ്രകടനങ്ങള്‍ ഇന്ത്യക്ക് മേല്‍ക്കൈ നല്‍കുന്നുണ്ട്.