LiveTV

Live

Sports

മദംപൊട്ടി കൊമ്പന്മാര്‍, തകര്‍ന്നടിഞ്ഞ് ദല്‍ഹി

മദംപൊട്ടി കൊമ്പന്മാര്‍, തകര്‍ന്നടിഞ്ഞ് ദല്‍ഹി
Summary
മൈതാനമധ്യത്തു നിന്ന് പന്തുകാലില്‍ കൊരുത്തു അതിവേഗം മുന്നേറിയ ബെല്‍ഫോര്‍ഡ് നിരവധി കളിക്കാരെ ഡ്രിബിള്‍ ചെയ്തു തൊടുത്ത ഇടിവെട്ട് ഷോട്ടിനു മുന്നില്‍ ദല്‍ഹി ഗോളിക്ക് മറുപടിയുണ്ടായിരുന്നില്ല
മദംപൊട്ടി കൊമ്പന്മാര്‍, തകര്‍ന്നടിഞ്ഞ് ദല്‍ഹി

കാണികള്‍ കടലായിരുന്നു. സായാഹനത്തില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലിരമ്പി മറിഞ്ഞ ആയിരങ്ങള്‍ക്ക് ഒരു നിറം മാത്രം. മൈതാനത്ത് തങ്ങളുടെ പ്രതീക്ഷകളുടെ ഭാരം മുഴുവന്‍ ചുമലിലേറ്റി പന്തിനു പിന്നാലെ പായുന്ന പത്ത് പോരാളികളുടെ ജഴ്സിയുടെ നിറമായ മഞ്ഞ. ഗാലറിയിലെ കടലിരമ്പം ബ്ലാസ്റ്റേഴ്സിന്റെ കൊമ്പന്‍മാര്‍ ഗാലറിയിലെ ബ്ലാസ്റ്റേഴ്സിന്റെ കൊമ്പന്മാര് കാലിലേക്കാവഹിച്ചപ്പോള്‍ ദല്‍ഹിയുടെ പ്രതിരോധ ഭിത്തികള്‍ തകര്‍ന്നടിഞ്ഞു. കൊച്ചി ജവഹര്‍ലാല്‍ സ്റ്റേഡിയത്തില്‍ നടന്ന ഒന്നാം പാദ സെമിഫൈനലില്‍ കേരളാബ്ലാസ്റ്റേഴ്സിന് മറുപടിയില്ലാത്ത ഒരു ഗോളിന്റെ ജയം. 65ആം മിനുറ്റില്‍ ബെല്‍ഫര്‍ട്ട് കെര്‍വന്‍സ് ആണ് കേരളത്തിന്റെ വിജയഗോള്‍ നേടിയത്.

പന്തുരുണ്ട ഉടനെ ദല്‍ഹിയുടെ മുന്നേറ്റത്തിനാണ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പന്തുമായി കുതിച്ച മലൂദയുടെ മുന്നേറ്റത്തില്‍ കേരളാബ്ലാസ്റ്റേഴ്സ് പ്രതിരോധനിര പതറിയപ്പോള്‍ ദല്‍ഹി വലകുലുക്കുമെന്ന് തോന്നിച്ചു. അപകടം മണത്ത ഹെഗ്ബര്‍ട്ട് സൈഡ് ടാക്കിളിലൂടെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പന്ത് കീല്‍ ലൂയിസിന്റെ കാലിലേക്കെത്തി. ലൂയിസിന്റെ കിക്ക് പുറത്തേക്ക് പോയതോടെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു.

മദംപൊട്ടി കൊമ്പന്മാര്‍, തകര്‍ന്നടിഞ്ഞ് ദല്‍ഹി

തൊട്ടുപിന്നാലെ ആവേശം വാനോളമുയര്‍ത്തി ബ്ലാസ്റ്റേഴ്സസിന്റെ പ്രത്യാക്രമണം വന്നു. ദല്‍ഹിയുടെ കോര്‍ണര്‍ ക്ലിയര്‍ ചെയ്ത് പന്ത് കാലില്‍ കൊരുത്ത് മുന്നേറിയ നേസന്‍ വലതുവിംഗിലേക്ക് വിനീതിന് പന്തു മറിച്ചു കൊടുത്തെങ്കിലും ഗോളി മാത്രം മുന്നില്‍ നില്‍കേ വിനീതിന്റെ ഷോട്ട് പുറത്തേക്ക് പോയി. ആറാം മിനുറ്റില്‍ മലൂദയെ ഫൌള്‍ ചെയ്തതിന് മെഹ്താബ് ഹുസൈന് മഞ്ഞക്കാര്‍ഡ് കിട്ടി. കളിയുടെ ആദ്യപകുതിയില്‍ ഇരുഗോള്‍മുഖത്തും പന്ത് കയറിയിറങ്ങിയെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു

43ആം മിനുറ്റില്‍ ഗോളെന്നുറച്ച നേസന്റെ ഹെഡര്‍ ദല്‍ഹി ഗോള്‍വലയെ തൊട്ടുരുമ്മിയെന്ന് തോന്നിക്കുന്ന രീതിയില്‍ പുറത്തേക്ക് പോയി. നാല്‍പ്പത്തഞ്ചാം മിനുറ്റില്‍ മികച്ച ഒരു നീക്കത്തിനൊടുവില്‍ ബെല്‍ഫോര്‍ഡ് ദല്‍ഹി വലകുലുക്കിയപ്പോള്‍ സ്റ്റേഡിയം പൊട്ടിത്തെറിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആഹ്ലാദത്തിന് അല്പായുസ്സായിരുന്നു. അര്‍ഹതപ്പെട്ട ഗോള്‍ ലൈന്‍ റഫറി ഓഫ്സൈഡ് വിളിച്ചു നിഷേധിച്ചപ്പോള്‍ സ്റ്റേഡിയം നിശബ്ദമായി.

65ആം മിനുറ്റിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കാത്തുനിന്ന നിമിഷമെത്തിയത്. മൈതാനമധ്യത്തു നിന്ന് പന്തുകാലില്‍ കൊരുത്തു അതിവേഗം മുന്നേറിയ ബെല്‍ഫോര്‍ഡ് നിരവധി കളിക്കാരെ ഡ്രിബിള്‍ ചെയ്തു തൊടുത്ത ഇടിവെട്ട് ഷോട്ടിനു മുന്നില്‍ ദല്‍ഹി ഗോളിക്ക് മറുപടിയുണ്ടായിരുന്നില്ല. ആരാധകരുടെ കാതടിപ്പിക്കുന്ന കരഘോഷങ്ങള്‍ക്കിടയില്‍ ബെല്‍ഫോര്‍ഡ് ആഹ്ലാദനൃത്തം ചവിട്ടിയപ്പോള്‍ അത് മധുരപ്രതികാരമായി മാറി. പിന്നീടങ്ങോട്ട് വര്‍ധിത വീര്യത്തോടെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ദല്‍ഹി ഗോള്‍ മുഖത്ത് റെയിഡ് നടത്തുന്നതിനാണ് സ്റ്റേഡിയം സാക്ഷിയായത്. എണ്ണയിട്ട യന്ത്രം പോലെ ബ്ലാസ്റ്റേഴ്സ് മധ്യനിരയും മുന്‍നിരയും ഒത്തിണക്കത്തോടെ കളിച്ചപ്പോള്‍ ദല്‍ഹി പ്രതിരോധനിര ആടിയുലഞ്ഞു.

എഴുപത്തഞ്ചാം മിനുറ്റില്‍ ഗോള്‍ വരയില്‍ നിന്നും ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ച സെഡ്രിക് ഹെങ്ബാര്‍ട്ടാണ് കളിയിലെ താരം. ദല്‍ഹിയുടെ ബ്രസീലിയന്‍ താരം മാര്‍സെലോയുടെ ഹെഡര്‍ ഹെങ്ബാര്‍ട്ട് തലകൊണ്ട് കുത്തിയകറ്റുകയായിരുന്നു.

അവസാന മിനുട്ടുകളിലെത്തിയപ്പോള്‍ മനശാസ്ത്രപരമായ മേധാവിത്വം മുതലെടുത്ത് കളിക്കളം വാണ ബ്ലാസ്റ്റേഴ്സ് ദല്‍ഹിക്കാര്‍ക്ക് ഒരവസരവും നല്‍കിയില്ല. ലോംഗ് വിസില്‍ മുഴങ്ങുന്നതിനു തൊട്ടുമുമ്പ് ഒരു പെനാല്‍റ്റി സംഘടിപ്പിക്കാന്‍ മാഴ്സലീഞ്ഞോ ബ്ലാസ്റ്റേഴ്സ് ബോക്സില്‍ വീണെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. ഒടുവില്‍ ഇഞ്ച്വറി ടൈമിനൊടുവില്‍ ഗാലറിയിലെ മഞ്ഞമഹാസമുദ്രം കാത്തിരുന്ന ആ നിമിഷമെത്തി. റഫറിയുടെ ലോംഗ് വിസില്‍. ആവേശം അലകടലായൊഴുകിയ നിമിഷത്തിനൊടുവില്‍ ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് ഒരു പടി കൂടിയടുത്തു.

ഇനി ദല്‍ഹിയില്‍ നടക്കുന്ന എവേ മല്‍സരത്തില്‍ സമനില മാത്രം മതിയാകും ബ്ലാസ്റ്റേഴ്സിന് ഫൈനലിലെത്താന്‍.