LiveTV

Live

Sports

ആര്‍സിബിയുടെ ചതി തുറന്നുപറഞ്ഞ് ക്രിസ് ഗെയില്‍ 

ആര്‍സിബിയുടെ ചതി തുറന്നുപറഞ്ഞ് ക്രിസ് ഗെയില്‍ 
Summary
ഏഴ് വര്‍ഷം തുടര്‍ച്ചയായി കളിച്ച ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് തന്നോട് ചെയ്ത ചതി തുറന്നു പറയുകയാണ് ക്രിസ് ഗെയില്‍...

ഇത്തവണത്തെ ഐപിഎല്‍ ലേലത്തിലെ പ്രധാന സംഭവങ്ങളിലൊന്ന് ആദ്യ രണ്ട് റൗണ്ടുകളിലും ഗെയിലിനെ ലേലത്തിലെടുക്കാന്‍ ഒരു ടീമും തയ്യാറാകാത്തതായിരുന്നു. ഒടുവില്‍ മൂന്നാം ഘട്ടത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബ് അടിസ്ഥാന വിലയായ രണ്ട് കോടിക്ക് ഗെയിലിനെ സ്വന്തമാക്കി. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം. എങ്കിലും ഏഴ് വര്‍ഷം തുടര്‍ച്ചയായി കളിച്ച ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് തന്നോട് ചെയ്ത ചതി തുറന്നു പറയുകയാണ് ക്രിസ് ഗെയില്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായാണ് ക്രിസ് ഗെയില്‍ ഐപിഎല്ലിലെ കരിയര്‍ ആരംഭിക്കുന്നത്. 2008, 09, 10 സീസണുകളില്‍ കെകെആര്‍ ജേഴ്‌സിയില്‍ ഗെയിലെത്തി. 2011ലാണ് ആര്‍സിബി ഗെയിലിനെ സ്വന്തമാക്കുന്നത്. പിന്നീടുള്ള ഏഴ് വര്‍ഷങ്ങളില്‍ അസാധാരണ ഫോമിലായിരുന്നു ഗെയില്‍ ആര്‍സിബിക്ക് വേണ്ടി ബാറ്റു വീശിയത്. 43.33 ശരാശരിയില്‍ 3163 റണ്‍സാണ് ഇക്കാലത്ത് അദ്ദേഹം അടിച്ചുകൂട്ടിയത്. പ്രഹരശേഷിയാകട്ടെ 152.7ഉം. എന്നാല്‍ 2017ലെ സീസണില്‍ പരിക്കും ഫോമില്ലായ്മയും മൂലം ഗെയില്‍ വലഞ്ഞു. ആ സീസണില്‍ 22.22 റണ്‍സ് മാത്രമായിരുന്നു ഗെയിലിന്റെ ശരാശരി. ഈ മോശം പ്രകടനമായിരിക്കാം 38കാരനായ ഗെയിലിനെ നിലനിര്‍ത്താന്‍ ആര്‍സിബി തയ്യാറാകാതിരുന്നതിന്റെ പ്രധാന കാരണം.

എന്നാല്‍ ഐപിഎല്‍ ലേലത്തിന് തൊട്ടു മുമ്പു വരെ താനുമായി ആര്‍സിബി അധികൃതര്‍ ബന്ധപ്പെട്ടിരുന്നുവെന്ന് ഗെയില്‍ പറയുന്നു. 'ഞാനായിരിക്കും ഒരുപക്ഷേ അവരുടെ ഏറ്റവും വലിയ നഷ്ടം. ടീമില്‍ ഞാനുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് ആര്‍സിബി അധികൃതര്‍ എന്നോട് പറഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ ലേലത്തില്‍ അവര്‍ വിളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. എന്നാല്‍ അതുണ്ടായില്ല. ആരുമായും കലഹത്തിന് ഞാനില്ല. എന്നെ ടീമിലെടുക്കണമെന്ന് അവര്‍ക്ക് തോന്നിയില്ലെന്ന് മാത്രമേ ഞാന്‍ കരുതുന്നുള്ളൂ'

ആര്‍സിബിയുടെ നഷ്ടം കിങ്സ് ഇലവന്‍ പഞ്ചാബിന്‍റെ നേട്ടമായി മാറിയിരിക്കുകയാണ്. ക്രിസ് ഗെയിലിനെ ലേലത്തില്‍ വിളിച്ചെടുത്തതിലൂടെ താന്‍ ഐപിഎല്ലിനെയാണ് രക്ഷിച്ചതെന്ന പഞ്ചാബ് പരിശീലകന്‍ സെവാഗിന്റെ വാക്കുകള്‍ തന്നെ ഇതിനുള്ള സാക്ഷ്യപത്രമാണ്. സീസണില്‍ കളിക്കാനിറങ്ങിയ നാല് മത്സരങ്ങളില്‍ 252 റണ്‍സാണ് ഈ വെസ്റ്റിന്ത്യന്‍ അടിച്ചുകൂട്ടിയിരിക്കുന്നത്. ശരാശരി 126 റണ്‍സും. ഗെയിലിന്റെ കാര്യത്തില്‍ തെറ്റുപറ്റിയത് ആര്‍ക്കാണെങ്കിലും അവര്‍ ഇപ്പോള്‍ പശ്ചാത്തപിക്കുമെന്ന് ഉറപ്പിക്കുന്നതാണ് ഈ കണക്കുകള്‍.