LiveTV

Live

Sports

ഡെവിള്‍സിനെ അരിഞ്ഞുവീഴ്‍ത്തി പഞ്ചാബ് കിങ്സ്

ഡെവിള്‍സിനെ അരിഞ്ഞുവീഴ്‍ത്തി പഞ്ചാബ് കിങ്സ്
Summary
ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഉയര്‍ത്തിയ 167 റണ്‍സിന്‍റെ വിജയലക്ഷ്യം ഏഴു പന്തുകള്‍ അവശേഷിക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ കിങ്സ് മറികടന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ ജയം. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഉയര്‍ത്തിയ 167 റണ്‍സിന്‍റെ വിജയലക്ഷ്യം ഏഴു പന്തുകള്‍ അവശേഷിക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ കിങ്സ് മറികടന്നു. സ്കോര്‍: ഡല്‍ഹി - 166/7, പഞ്ചാബ് - 167/4.

ഡെവിള്‍സിനെ അരിഞ്ഞുവീഴ്‍ത്തി പഞ്ചാബ് കിങ്സ്

നേരത്തെ ടോസ് നേടിയ പഞ്ചാബ്, ഡല്‍ഹിയെ ബാറ്റിങിന് അയക്കുകയായിരുന്നു. തീരുമാനം ശരിവക്കുന്ന തരത്തില്‍ കോളിന്‍ മണ്‍റോയെ മുജീബ് റഹ്മാന്‍ രണ്ടക്കം കാണുന്നതിന് മുന്നേ പറഞ്ഞയച്ചു. മണ്‍റോയെ മുജീബ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നീട് നായകന്‍ ഗൌതം ഗംഭീറും ശ്രേയസ് അയ്യരും ഒരുക്കിയ ബാറ്റിങ് തന്ത്രത്തില്‍ ഡല്‍ഹിയുടെ കുതിപ്പ്. അയ്യര്‍ക്ക് സ്ട്രൈക്ക് കൈമാറാതെ ഗംഭീര്‍ പഞ്ചാബ് ബോളര്‍മാരെ തലങ്ങുംവിലങ്ങും പായിച്ചു. 11 പന്തില്‍ നിന്ന് 11 റണ്‍സെടുത്തു നില്‍ക്കുകയായിരുന്ന അയ്യറെ പട്ടേല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ചതോടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടും പിളര്‍ന്നു. ഗംഭീറിനൊപ്പം പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച വിജയ് ശങ്കറിന്‍റെ വിക്കറ്റ് കൂടി വീണതോടെ ഡല്‍ഹിയുടെ പ്രതിരോധം തകര്‍ന്നു. പിന്നീടങ്ങോട്ട് നിശ്ചിത ഇടവേളകളില്‍ വിക്കറ്റുവീഴ്ച. 55 റണ്‍സെടുത്ത ഗംഭീര്‍ കൂടി മടങ്ങിയതോടെ ഡല്‍ഹി തളര്‍ന്നു. 28 റണ്‍സെടുത്ത റിഷഭ് പന്തിനും 27 റണ്‍സുമായി മോറിസിനും മാത്രമാണ് പിന്നീട് ഡല്‍ഹി നിരയില്‍ കുറച്ചെങ്കിലും പിടിച്ചുനില്‍ക്കാനായത്. ഇതോടെ ഡല്‍ഹിയുടെ റണ്‍വേട്ട ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സില്‍ ഒതുങ്ങി.

മറുപടി ബാറ്റിങിനിറങ്ങിയ പഞ്ചാബിന് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായിരുന്നു. ലോകേഷ് രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് പ‍ഞ്ചാബിന് മികച്ച തുടക്കം നല്‍കി. രാഹുലിനായിരുന്നു കൂറ്റനടിയുടെ ചുമതല. അഗര്‍വാള്‍ നോക്കിനില്‍ക്കേ രാഹുല്‍ കത്തിക്കയറി. രണ്ടക്കം കാണാതെ അഗര്‍വാള്‍(7) മടങ്ങുമ്പോഴേക്കും പഞ്ചാബിന്‍റെ സ്കോര്‍ 50 പിന്നിട്ടിരുന്നു. 16 പന്തില്‍ നിന്ന് നാല് സിക്സറുകളുടെയും ആറ് ബൌണ്ടറികളുടെയും അകമ്പടിയോടെ 51 റണ്‍സുമായി രാഹുലും പിന്നാലെ മടങ്ങിയെങ്കിലും പഞ്ചാബിന്‍റെ നില സുരക്ഷിതമായിരുന്നു. പിന്നാലെയെത്തിയ യുവരാജ് സിങിന് താളം കണ്ടെത്താനാകാത്തത് നിരാശയായി. 22 പന്തുകള്‍ നേരിട്ട് 12 റണ്‍സെടുക്കാനെ യുവിക്കായുള്ളു. എന്നാല്‍ കരുണ്‍ നായര്‍ വെടിക്കെട്ട് പ്രകടനവുമായി കളംനിറഞ്ഞതോടെ പഞ്ചാബ് അനായാസ ജയത്തിലേക്ക് പാഞ്ഞടുത്തു. സ്കോര്‍ 138 ല്‍ നില്‍ക്കെ കരുണും(50) മടങ്ങിയെങ്കിലും ഡേവിഡ് മില്ലറിനും മാര്‍ക്കസ് സ്റ്റോണിസിനും വിജയലക്ഷ്യത്തിലേക്കുള്ള ദൂരം അത്ര അകലെയായിരുന്നില്ല. ഇരുവരും ചേര്‍ന്ന് പഞ്ചാബിനെ ഒരോവറും ഒരു പന്തും ബാക്കി നില്‍ക്കെ വിജയത്തിലേക്കും എത്തിച്ചു.