LiveTV

Live

Sports

ഇന്ത്യന്‍ റിസ്റ്റ് സ്പിന്നര്‍മാരെ മനസിലാകാതെ ദക്ഷിണാഫ്രിക്ക

ഇന്ത്യന്‍ റിസ്റ്റ് സ്പിന്നര്‍മാരെ മനസിലാകാതെ ദക്ഷിണാഫ്രിക്ക
Summary
മൂന്ന് ഏകദിനങ്ങളില്‍ നിന്നായി 21 വിക്കറ്റുകള്‍. വിട്ട് നല്‍കിയ റണ്‍നിരക്ക് 3.63 മാത്രം. ഓരോ പതിനഞ്ച് പന്തിലും ഒരു വിക്കറ്റെങ്കിലും.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ മൂന്ന് ഏകദിന വിജയത്തിലൂടെ ടീം ഇന്ത്യക്ക് ലഭ്യമായിരിക്കുന്നത് രണ്ട് പുതിയ സ്പിന്‍ പ്രതിഭകള്‍. യശ്‌വേന്ദ്ര ചഹലിന്റെയും കുല്‍ദീപ് യാദവിന്റെയും റിസ്റ്റ് സ്പിന്‍ മായാജാലമാണ് മൂന്ന് മത്സരങ്ങളിലും ഇന്ത്യക്ക് ആധികാരിക വിജയങ്ങള്‍ സമ്മാനിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ഇരുവരും ടീം ഇന്ത്യയുടെ നിര്‍ണ്ണായക ഘടകമായിരിക്കുമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറഞ്ഞു.

മൂന്ന് ഏകദിനങ്ങളില്‍ നിന്നായി 21 വിക്കറ്റുകള്‍. വിട്ട് നല്‍കിയ റണ്‍നിരക്ക് 3.63 മാത്രം. ഓരോ പതിനഞ്ച് പന്തിലും ഒരു വിക്കറ്റെങ്കിലും. യശ്‌വേന്ദ്ര ചഹലും കുല്‍ദീപ് യാദവും ലോക ക്രിക്കറ്റില്‍ തങ്ങളുടെ വരവറിയിക്കുകയാണ്. ഇന്ത്യ വിജയിച്ച മൂന്ന് ഏകദിനത്തിന്റെ പൊതു സവിശേഷത, ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിന്റെ ദയനീയ പരാജയമാണ്.

ലോക റാങ്കിംഗിന്റെ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന രണ്ട് ടീമുകള്‍ മാറ്റുരക്കുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ച പോരാട്ടമല്ല സെഞ്ചൂറിയനിലും, ഇന്ന് കേപ്ടൗണിലും കണ്ടത്. ഏകപക്ഷീയമായിരുന്നു ഇന്ത്യന്‍ ജയങ്ങള്‍. ഈ ഏകപക്ഷീയത ഉറപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് ചഹലിന്റെയും കുല്‍ദീപിന്റയും റിസ്റ്റ് സ്പിന്‍ മാജിക്കാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലെ പ്രകടനങ്ങളുടെ ബലത്തില്‍ ഇരുവരും ടെസ്റ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന സൂചന ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇന്നലെ മത്സര ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ നല്‍കി.

ചഹലിന്റെയും കുല്‍ദീപിന്റെയും പ്രകടനത്തെ വിവരിക്കാന്‍ വാക്കുകളില്ലെന്ന് കോഹ്ലി പറഞ്ഞു. റണ്‍സ് വിട്ട് കൊടുക്കുന്നത് കുറക്കുക എന്നതിനേക്കാള്‍ വിക്കറ്റുകള്‍ നേടാന്‍ ശ്രമിക്കുക എന്ന നിര്‍ദേശമാണ് ഇരുവര്‍ക്കും നല്‍കിയത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇരുവരും അത് ഭംഗിയായി നിര്‍വ്വഹിച്ചുവെന്നും കോഹ്ലി പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ ഫ്‌ളാറ്റ് പിച്ചില്‍ ചഹലും കുല്‍ദീപും നടത്തിയ പ്രകടനം അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ഇന്ത്യക്ക് മുതല്‍കൂട്ടാകുമെന്നും കോഹ്ലി പറഞ്ഞു. എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ടീമില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത സാന്നിധ്യമായി ചഹാലും കുല്‍ദീപും മാറുന്നതിന്റെ വ്യക്തമായ സൂചനകളാണ് ദക്ഷിണാഫിക്കന്‍ പര്യടനത്തിലെ പ്രകടനങ്ങള്‍ നല്‍കുന്നത്.