LiveTV

Live

Sports

ചിത്രയുടെ കേസില്‍ മില്‍ഖാ സിങ്ങിനെ ഓര്‍മിപ്പിച്ച് ഹൈക്കോടതി

ചിത്രയുടെ കേസില്‍ മില്‍ഖാ സിങ്ങിനെ ഓര്‍മിപ്പിച്ച് ഹൈക്കോടതി
Summary
പി.യു ചിത്രയെ ലണ്ടനില്‍ നടക്കുന്ന അന്താരാഷ്ട്ര അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാത്ത ഫെഡറേഷന്‍റെ നടപടിയെ വിമര്‍ശിച്ചാണ് മില്‍ഖാസിങിനെ ഹൈക്കോടതി ഓര്‍മിപ്പിച്ചത്

ലോക അത്‍ലറ്റ് മീറ്റില്‍ പങ്കെടുക്കാനാവാത്ത ചിത്രയുടെ കേസ് പരിഗണിക്കവേ മില്‍ഖാ സിങ്ങിനെയും ഓര്‍മിപ്പിച്ച് ഹൈക്കോടതി. അത്‌ലറ്റിക് ഫെഡറേഷനോടാണ് താരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് ഓര്‍മപെടുത്തി മില്‍ഖാ സിങ്ങിനെ കുറിച്ച് കോടതി പരാമര്‍ശിച്ചത്.

പി.യു ചിത്രയെ ലണ്ടനില്‍ നടക്കുന്ന അന്താരാഷ്ട്ര അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാത്ത ഫെഡറേഷന്റെ നടപടിയെ വിമര്‍ശിച്ചാണ് മില്‍ഖാസിങിനെ ഹൈക്കോടതി ഓര്‍മിപ്പിച്ചത്. പറക്കും സിങ് എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട മില്‍ഖാ സിങ് സ്‌പൈക്കു പോലുമില്ലാതെയാണ് ഒളിമ്പിക്‌സില്‍ പങ്കെടുത്തതെന്ന് ചീഫ്ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സിന്തറ്റിക്ക് ട്രാക്കില്‍ ഓടാന്‍ അറിയാതിരുന്ന സിങ്ങിന് ഇന്ത്യന്‍ അംബാസഡറാണ് സ്‌പൈക്ക് സംഘടിപ്പിച്ചു നല്‍കിയത്. രണ്ടു ദിവസമാണ് സിന്തറ്റിക്ക് ട്രാക്കില്‍ അദ്ദേഹം പരിശീലനം നടത്തിയത്. എന്നിട്ടും റിക്കാര്‍ഡ് സ്വന്തമാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ യോഗ്യതാ റൗണ്ടുകളുണ്ട്. അതില്‍ രണ്ടാം സ്ഥാനം കിട്ടിയ ഒരു കായികതാരമാണ് പിന്നീട് ലോകമീറ്റില്‍ ഒന്നാമതെത്തിയത്. പക്ഷെ, ഇന്ത്യയില്‍ അയോഗ്യതാ മാര്‍ക്കാണ് നല്‍കുന്നത്.ഇപ്പോള്‍ ഫെഡറേഷന്‍ താരങ്ങളെ പങ്കെടുപ്പിക്കാതെ തന്നെ തോല്‍പിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹോക്കി വേള്‍ഡ് കപ്പുമായി ബന്ധപ്പെട്ട് ഷാറൂഖ് ഖാന്‍ അഭിനയിച്ച ചക്ക് ദേ ഇന്ത്യ, മഹാവീര്‍ സിങ് ഫോഗട്ട് എന്ന ഗുസ്തിക്കാരന്റെ കഥ പറയുന്ന അമീര്‍ഖാന്‍ അഭിനയിച്ച ദംഗല്‍ എന്നീ സിനിമകളെ കുറിച്ചും ചിത്രയുടെ ഹരജി പരിഗണിക്കവേ കോടതി പരാമര്‍ശം നടത്തി.